പാലക്കാട് : ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് പകൽപോലെ സത്യമാണെന്നും അതിന്റെ പൂർണ ഉത്തരവാദിത്തം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കാണെന്നും കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. അമിത് ഷാ തെരഞ്ഞെടുപ്പ് കുതന്ത്രങ്ങൾ മെനായാനും മറ്റു പാർട്ടിക്കാരെ ജനാധിപത്യവിരുദ്ധമായി തകർക്കാൻ ശേഷിയുള്ളയളുമാണ്. പക്ഷേ ആഭ്യന്തരമന്ത്രി എന്ന നിലയിൽ ഒരു സമ്പൂർണ പരാജയമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
രാഷ്ട്രീയ എതിരാളികളെ തന്റെ കൈവശമിരിക്കുന്ന ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നതിൽ അമിത് ഷാ അഗ്രഗണ്യനാണ്. ജനാധിപത്യ വേദിയിൽ തന്നെ വിമർശിക്കുന്നവരെ ഏതറ്റം വരെ പോയൂം നേരിടുന്നതിൽ ക്രൂരമായ ആനന്ദം അയാൾ കണ്ടെത്തുന്നു. ആ മുഖവും ശരീരഭാഷയും ഒരു ക്രൂരന്റേതാണെന്നും സന്ദീപ് വാര്യർ തുറന്നടിച്ചു.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റ്
"ഇക്കാര്യം നേരത്തെ പറഞ്ഞതിന് എൻ്റെ പോസ്റ്റിനു കീഴിൽ മിത്രങ്ങളുടെ പൂരപ്പാട്ടായിരുന്നു. സുരക്ഷാ വീഴ്ച ഉണ്ടായി എന്നുള്ളത് പകൽ പോലെ സത്യമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലാണ് കാശ്മീരിലെ ലോ ആൻഡ് ഓർഡർ. സംസ്ഥാന സർക്കാരിന് ജമ്മു കാശ്മീർ പോലീസിന് മേൽ പരിമിതമായ അധികാരങ്ങൾ മാത്രമേ ഉള്ളൂ.
മിത്രങ്ങൾക്ക് സുഖിക്കാത്ത ഒരു കാര്യം പറയട്ടെ. അമിത് ഷാ തെരഞ്ഞെടുപ്പ് കുതന്ത്രങ്ങൾ മെനയാൻ വിദഗ്ധനും മറ്റു പാർട്ടിക്കാരെ ജനാധിപത്യവിരുദ്ധമായി തകർക്കാൻ ശേഷിയുള്ള ആളും രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന സ്വഭാവമുള്ള ആളുമൊക്കെയാണ് . പക്ഷേ ആഭ്യന്തരമന്ത്രി എന്ന നിലയിൽ അമിത് ഷാ ഒരു സമ്പൂർണ്ണ പരാജയമാണ്.
രണ്ടുമൂന്നു കാരണങ്ങൾ പറയാം.
1) അമിത്ഷായുടെ മൂക്കിന് കീഴിലാണ് 2020 ഡൽഹി കലാപം നടന്നത് . നിയന്ത്രിക്കാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല രാജ്യ തലസ്ഥാനം നിന്ന് കത്തി. അമിത് ഷാ പരാജയമാണെന്ന് ഉത്തരേന്ത്യൻ സൈബർ സംഘികൾ വരെ അക്കാലത്ത് വിമർശനം ഉന്നയിച്ചിരുന്നു.
2) മണിപ്പൂർ കലാപം നിയന്ത്രിക്കുന്നതിൽ സമ്പൂർണ്ണ പരാജയം നേരിട്ടു. മണിപ്പൂരിൽ പോയി മൂന്നുദിവസം നിന്നിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇപ്പോഴും മണിപ്പൂരിൽ അശാന്തിയാണ്. രാജ്യത്തിന് അന്താരാഷ്ട്ര തലത്തിൽ തന്നെ മണിപ്പൂർ കലാപം വലിയ കളങ്കമായി മാറി.
3) എൻ ആർ സി രാജ്യത്താകെ നടപ്പിലാക്കുമെന്ന് പാർലമെൻ്റിന് അകത്തും പുറത്തും പ്രസംഗിച്ചു നടന്നു. ഒരുതരത്തിലുള്ള റോഡ് മാപ്പും മുന്നൊരുക്കങ്ങളും ആലോചനകളും ഇല്ലാതെ വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന നിലയിൽ തട്ടി വിടുകയായിരുന്നു ചാണക്യൻ. ഒടുവിൽ പ്രതിഷേധമുയർന്നപ്പോൾ വാ മുടി കെട്ടി യൂ ടേൺ അടിച്ചു. ഇപ്പോൾ എൻആർസിയെ കുറിച്ച് മിണ്ടാട്ടമില്ല.
രാഷ്ട്രീയ എതിരാളികളെ തന്റെ കൈവശമിരിക്കുന്ന ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നതിൽ അമിത് ഷാ അഗ്രഗണ്യനാണ്. ജനാധിപത്യ വേദിയിൽ തന്നെ വിമർശിക്കുന്നവരെ ഏതറ്റം വരെ പോയൂം നേരിടുന്നതിൽ ക്രൂരമായ ആനന്ദം അയാൾ കണ്ടെത്തുന്നു. ആ മുഖം തന്നെ , ആ ശരീരഭാഷ തന്നെ ഒരു ക്രൂരന്റേതാണ്. അതേസമയം മകനിലൂടെ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അമിത് ഷാ വരുതിയിലാക്കി. ബിജെപി ഭരണം ഇല്ലായിരുന്നെങ്കിൽ അമിത് ഷാക്ക് സ്വന്തം മകനെ ബിസിസിഐ അധ്യക്ഷൻ ആക്കാൻ കഴിയുമായിരുന്നോ? പാർട്ടിയെയും ഭരണത്തെയും ഉപയോഗിച്ച് അമിത് ഷാ മകനെ വളർത്തുന്നത് ബിജെപിയുടെ മറ്റു നേതാക്കൾക്ക് ഭയപ്പാടോടെ കണ്ടുനിൽക്കാനെ കഴിയൂ. എതിർത്താൽ ഹിരൺ പാണ്ഡ്യയുടെ അനുഭവം അവരുടെ മുന്നിലുണ്ടല്ലോ.
കേന്ദ്ര ആഭ്യന്തര മന്ത്രി എന്ന നിലയ്ക്ക് കാശ്മീരിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം അമിത് ഷാക്ക് തന്നെയാണ്. ഈ സമയത്ത് രാഷ്ട്രീയം പറയരുത് എന്നു പറഞ്ഞു വായടപ്പിക്കാൻ നോക്കണ്ട. താജ് ഹോട്ടലിൽ ഭീകരാക്രമണം നടക്കുമ്പോൾ മുംബൈയിൽ പറന്നിറങ്ങി രാഷ്ട്രീയം കളിച്ച ആളുടെ പേര് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി എന്നാണ്. മറക്കരുത്."