ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ അനര്‍ഹനായാണ് ഐസിസി ചെയര്‍മാന്‍ സ്ഥാനം കൈവശപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ഭഗല്‍പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
അമിത് ഷായുടെ മകന്‍ ജയ് ഷായ്ക്ക് ക്രിക്കറ്റ് ബാറ്റ് പിടിക്കാന്‍ പോലും അറിയില്ല. റണ്‍ നേടുന്നത് വിദൂര കാര്യം. എന്നിട്ടും ക്രിക്കറ്റിന്റെ തലവനാണ്. ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് മുഴുവന്‍ നിയന്ത്രിക്കുന്നു. ഇതെല്ലാം പണത്തിന്റെ ശക്തിയാണ്, രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു.
ജയ് ഷാ 2024 ഡിസംബര്‍ മുതല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ചെയര്‍മാനാണ്. അതിന് മുമ്പ് 2021 മുതല്‍ 2024 വരെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) പ്രസിഡന്റായിരുന്നു. 2019-2022 കാലയളവില്‍ ബിസിസിഐ സെക്രട്ടറിയും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലും പ്രധാന സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്‌ക്കെതിരെ കോണ്‍ഗ്രസ്-മഹാസഖ്യത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് രാഹുലിന്റെ വിമര്‍ശനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടങ്ങിയവയെയും അദ്ദേഹം വിമര്‍ശിച്ചു. കര്‍ഷകരെയും തൊഴിലാളികളെയും ചെറുകിട വ്യാപാരികളെയും നശിപ്പിക്കാന്‍ വേണ്ടിയാണ് മോദി സര്‍ക്കാര്‍ ജിഎസ്ടി കൊണ്ടുവന്നതെന്ന് രാഹുല്‍ ആരോപിച്ചു.
വിമര്‍ശനത്തിനെതിരെ ബിജെപി പ്രതികരണവുമായെത്തി. രാഹുല്‍ ഗാന്ധി തന്നെ രാജീവ് ഗാന്ധിയുടെ മകന്‍ എന്ന നിലയില്‍ മാത്രം കോണ്‍ഗ്രസ് നേതാവായതാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ജയ് ഷായുടെ നേതൃത്വത്തില്‍ ഇന്ത്യ നാല് ഐസിസി ട്രോഫികള്‍ നേടിയപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് 90 തെരഞ്ഞെടുപ്പുകള്‍ തോറ്റുവെന്നും ബിജെപി വക്താക്കള്‍ പരിഹസിച്ചു. മഹാസഖ്യം അധികാരത്തിലെത്തിയാല്‍ ബിഹാര്‍ വീണ്ടും അഴിമതിയുടെയും കൊലപാതകങ്ങളുടെയും കാലത്തേക്ക് മടങ്ങുമെന്ന് അമിത് ഷാ മറുപടി നല്‍കി.