മുംബൈ: തന്റെ മുപ്പതാം ജന്മദിനത്തിൽ ദ്വാരകാധീശനെ കാണാൻ കാൽനടയായി അനന്ത് അംബാനി. തന്റെ ജന്മനാടും കർമഭൂമിയുമായ ജാംനഗറിൽനിന്ന് 170 കിലോമീറ്റർ താണ്ടി ഏപ്രിൽ എട്ടിനാണ് അദ്ദേഹം ദ്വാരകയിലെത്തുക. രാജ്യത്തെ ഏറ്റവും സമ്പന്ന കുടുംബത്തിലെ ഒരംഗം ആത്മീയവഴിയിൽ നടത്തുന്ന പദയാത്ര ഇതിനകം ചർച്ചയായിട്ടുണ്ട്.
മാർച്ച് 29-നു തുടങ്ങിയ യാത്രയിൽ ദിവസം 20 കിലോമീറ്റർ വീതമാണ് താണ്ടുന്നത്. രാത്രി ഏഴു മണിക്കൂർ ഹനുമാൻ ചാലിസയും ദേവീ സ്തുതികളുമായാണ് നടക്കുക. മുപ്പതാം ജന്മദിനത്തിന് ഒരു ദിവസം മുൻപാണ് ദ്വാരകയിലെത്തുക.
വഴിയിൽ അനന്ത് അംബാനിക്ക് സ്വീകരണമൊരുക്കി ഒട്ടേറെപ്പേർ എത്തുന്നുണ്ട്. ചിലർ അനന്തിനൊപ്പം പദയാത്രയെ അനുഗമിക്കുന്നു.
കുഷിങ് സിൻഡ്രോമെന്ന അപൂർവ ഹോർമോൺ തകരാറു മൂലമുണ്ടാകുന്ന ബലഹീനത, അമിതവണ്ണം, ആസ്ത്മ, ഗുരുതര ശ്വാസകോശരോഗം എന്നിവയെ മറികടന്നാണ് അനന്തിന്റെ പദയാത്ര.
റിലയൻസിന്റെ റിഫൈനറിയുടെ മേൽനോട്ടം വഹിക്കുന്നതിനൊപ്പം കമ്പനിയുടെ പുതിയ ഊർജ പരിവർത്തന പദ്ധതികൾക്കും അദ്ദേഹം നേതൃത്വം നൽകുന്നു. അനന്ത് അംബാനി തുടക്കമിട്ട മൃഗസംരക്ഷണ കേന്ദ്രമായ വൻതാര ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു.