തട്ടിയെടുത്തത് നൂറുപവനും മേലെ, ആനപന്തി സഹ. ബാങ്ക് സ്വര്‍ണപണയ തട്ടിപ്പ് ഇ.ഡി അന്വേഷിക്കണമെന്ന ആവശ്യം നിക്ഷേപകരില്‍ ശക്തമാകുന്നു, മുഖ്യപ്രതി സുധീര്‍ തോമസ് ബിനാമിയോ..

11:36 AM May 11, 2025 |


 കണ്ണൂര്‍: കേരളത്തിലെ മറ്റൊരു കരുവന്നൂരായി  കണ്ണൂര്‍ ഇരിട്ടിയിലെ  ആനപന്തി സഹകരണബാങ്ക്. നൂറുകോടിയോളം സ്വര്‍ണപണയവെട്ടിപ്പു നടന്നുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന്  സി.പി. എം ഭരിക്കുന്ന ആനപന്തി ബാങ്ക് കുംഭകോണത്തെ കുറിച്ചു എന്‍ഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന ആവശ്യം . ആനപന്തി ബാങ്കിന്റെ കച്ചേരിക്കടവ് ശാഖയില്‍ നിന്നും ബാങ്ക് ജീവനക്കാരന്‍ മുക്കുപണ്ടം പണയം വെച്ചു തട്ടിയത് നൂറുപവനിലേറെയാണെന്ന് കണ്ടെത്തിയിരുന്നു. എഴുപതുലക്ഷം രൂപയുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായത്. ഇതുകൂടാതെ ബാങ്കില്‍വായ്പാതട്ടിപ്പും നടന്നുവെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് ഇ.ഡി അന്വേഷണം നിക്ഷേപകരില്‍ ഒരുവിഭാഗം ആവശ്യപ്പെടുന്നത്.

 ഇരിട്ടി സഹകരണ സംഘം അസി.രജിസ്ട്രാറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണ വിവരങ്ങള്‍ സഹകരണ വകുപ്പിലേക്ക് കൈമാറിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ്  കോണ്‍ഗ്രസില്‍ നിന്നും സി.പി. എം അക്രമത്തിലൂടെ പിടിച്ചെടുത്ത ബാങ്കാണ് ആനപന്തിയിലേത്. പിന്നീട് ഇവിടെ നടന്നത് മുഴുവന്‍ സി.പി എമ്മുകാരുടെതാണ്. മുന്‍ ബ്രാഞ്ച്് സെക്രട്ടറിയും തട്ടിപ്പുകേസിലെ ഒന്നാം പ്രതിയുമായ കച്ചേരിക്കടവ് ചാമക്കാലയില്‍ ഹൗസില്‍ സുധീര്‍ തോമസാണ്  തട്ടിപ്പിന്റെ സൂത്രധാരന്‍. ബാങ്കിലെ വാച്ചുമാനായി കയറി ഇയാള്‍ പിന്നീട് കാഷ്യറുടെ ചുമതല നല്‍കുകയായിരുന്നു. ക്രമക്കേട് പുറത്തായതിനെ തുടര്‍ന്ന് ഒളിവില്‍  പോയ സുധീര്‍ തോമസിനെ കഴിഞ്ഞ ദിവസം മൈസൂരിലെ ഒരുവീട്ടില്‍താമസിക്കുമ്പോഴാണ് പിടികൂടിയത്.  ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പണയ സ്വര്‍ണം വില്‍ക്കാന്‍ ഇയാള്‍ക്ക് കൂട്ടുനിന്ന കച്ചേരിക്കടവിലെ ഓണ്‍ ലൈന്‍ സ്ഥാപന ഉടമ ചക്കാനിക്കുന്നേല്‍ സുനീഷിനെ (36) ആദ്യ ദിനം തന്നെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. ബാങ്കില്‍ നിന്നുമെടുത്ത സ്വര്‍ണം ഇരിട്ടിയിലെ ഒരു പഴയ സ്വര്‍ണവ്യാപാരിക്കാണ് വിറ്റതെന്നുകണ്ടെത്തിയിട്ടുണ്ട്. 


 കഴിഞ്ഞ ഏപ്രില്‍ 29 നും മെയ് രണ്ടിനും ഇടയിലുളള ദിവസങ്ങളില്‍ ബാങ്കിന്റെ സ്്‌ട്രോങ് റൂം തുറന്ന് പതിനെട്ടു പാക്കറ്റുകളിലായി ഉണ്ടായിരുന്ന പണയ സ്വര്‍ണമെടുത്ത് പകരം മുക്കുപണ്ടം പണയം വെച്ചു തട്ടിപ്പു നടത്തിയെന്നാണ് ബാങ്ക് സെക്രട്ടറി പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതില്‍ നഷ്ടപ്പെട്ട ആഭരണം എത്രയാണെന്ന് പറഞ്ഞിരുന്നില്ല. ബാങ്കിനുണ്ടായ നഷ്ടം മറ്റുളളവില്‍ നിന്നും ഈടാക്കാനുളളള നടപടി സ്വീകരിക്കണമെന്നു കാണിച്ചു സഹകരണ സംഘം ജോയന്റ് രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വാച്ച് മാന്റെ പക്കല്‍ സ്‌ട്രോങ് റൂമിന്റെ രണ്ടു താക്കോലും നല്‍കിയത് ബാങ്ക് സെക്രട്ടറിയുടെയും ശാഖാ മാനേജരുടെയും ഗുരുതരമായ വീഴ്്ച്ചയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.  ഒന്നാം പ്രതി സുധീര്‍ തോമസ് ആദ്യം പരീക്ഷണാര്‍ത്ഥത്തില്‍ തന്റെ ഭാര്യയുടെ പേരിലുളള സ്വര്‍ണാഭരണങ്ങള്‍ ബാങ്കില്‍ ബിനാമി പേരില്‍ പണയം വെച്ചാണ് സ്വര്‍ണപണയ വായ്പയെടുത്തത്.

 ഇതേ അളവില്‍ ഒരേ ഡിസൈനില്‍ മുക്കുപണ്ടങ്ങള്‍ ലോക്കറിലെ സ്്‌ട്രോങ് റൂമില്‍ മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ മറ്റൊരാളുടെ സ്വര്‍ണം തിരിമറി നടത്തിയതോടെയാണ് കളളക്കളി പൊളിഞ്ഞത്. പണയസ്വര്‍ണം തിരിച്ചെടുത്ത വായ്പക്കാരന്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസിലായത്. ഇതോടെയാണ്  ബാങ്ക്  സെക്രട്ടറിക്ക് പരാതി നല്‍കുന്നത്.സുധീര്‍ തോമസ് സി.പി. എം നേതാക്കളുടെ ബിനാമിയാണോയെന്നന്ന ആരോപണവും ഉയര്‍ന്നിട്ടുുണ്ട്.