കണ്ണൂർ : അനർട്ട് വഴി നടക്കുന്ന ശതകോടികളുടെ അഴിമതിയെക്കുറിച്ച് പൂർണതെളിവുകൾ കഴിഞ്ഞ നാല് ദിവസമായി താൻ ഉന്നയിച്ചിട്ടും വൈദ്യുതി വകുപ്പ് മന്ത്രി പ്രതികരിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല എം.എൽ.എ കണ്ണൂർ ഡി.സി.സിയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് വൈദ്യുത മന്ത്രിയുടെ ഭാഗത്തു നിന്നും മറുപടി വേണ്ടുന്ന ഒമ്പത് തുറന്ന ചോദ്യങ്ങളും ഉന്നയിക്കുകയുണ്ടായി. എന്നാൽ ഈ നിമിഷം വരെ ഈക്കാര്യത്തിൽ ഒരു മറുപടി നൽകാൻ മന്ത്രി തയ്യാറായിട്ടില്ല. ഈ വിഷയത്തിൽ മുഖ്യമന്ത്രിയ്ക്കു വിശദീകരണം നൽകുമെന്ന പത്രവാർത്ത കണ്ടു.
ഞാൻ ഈ വിഷയം ഉന്നയിച്ചത് പരസ്യമായിട്ടാണ്. ഇത് മുഖ്യമന്ത്രിക്കു വിശദീകരണം കൊടുത്താൽ തീരുന്ന വിഷയമല്ല. ഈ വിഷയം പൊതുജനങ്ങളോടാണ് വിശദീകരിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. അഴിമതി ആരോപണം ഉന്നയിച്ചത് പരസ്യമായാണ്. അതിനു പരസ്യമായി പൊതുജനങ്ങളോട് വിശദീകരണം നൽകേണ്ട രാഷ്ട്രീയ മര്യാദ വൈദ്യുതമന്ത്രി പാലിക്കണം.കഴിഞ്ഞദിവസം ചേർന്ന് ജനതാദൾ സംസ്ഥാന യോഗത്തിൽ പോലും ഈ വിഷയം ചർച്ചയായിട്ടുണ്ട്. മന്ത്രി ഈക്കാര്യത്തിൽ മൗനം വെടിയണം. സ്വന്തം പാർട്ടിക്കാരോടും ജനങ്ങളോടും മറുപടി പറയേണ്ട ഉത്തരവാദിത്വം മന്ത്രിക്കുണ്ട്. ഇല്ലെങ്കിൽ മന്ത്രിയുടെ കൈകളിൽ അഴിമതി കറ പുരണ്ടുവെന്ന് ജനം ഉറപ്പിക്കും.
കഴിഞ്ഞ ദിവസം പത്രങ്ങളിൽ നിന്നു മനസിലായത് അനർട്ട് സിഇഒയ്‌ക്കെതിരെ ഉയർന്ന അഴിമതി ആരോപണം അദ്ദേഹത്തെ കൊണ്ടു തന്നെ അന്വേഷിപ്പിക്കാൻ തീരുമാനിച്ചുവെന്നാണ് ' സത്യത്തിൽ ഇതെന്താ വെള്ളരിക്കാ പട്ടണമാണോ?. ജനങ്ങൾ വിഡ്ഢികളും പ്രതികരണശേഷി നഷ്ടപ്പെട്ടവരും ആണെന്നാണോ കരുതുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.ആരോപണ വിധേയനായ അനർട്ട് സിഇഒയെ തൽസ്ഥാനത്തു നിന്നു മാറ്റി വിഷയം നിയമസഭാ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണം. അനർട്ടിന്റെ കഴിഞ്ഞ അഞ്ചു വർഷത്തെ ഇടപാടുകൾ ഒരു സ്വതന്ത്ര ഏജൻസിയുടെ സഹായത്തോടെ ഫോറൻസിക് ഓഡിറ്റിങ്ങിന് വിധേയമാക്കണം. ഈ ഓഡിറ്റിങ്ങിലൂടെ അനർട്ട് വഴി നടത്തിയ എല്ലാ കള്ളക്കളികളും പുറത്തു കൊണ്ടുവരാൻ സാധിക്കും. അടിയന്തിരമായി ചെയ്യേണ്ടത് അനർട്ട് സിഇഒയെ തൽസ്ഥാനത്തു നിന്നും മാറ്റി നിർത്തുകയെന്നതാണ്. തൻ്റെ ആരോപണങ്ങൾ പുറത്തു വന്നതിനു ശേഷം അനർട്ടിൽ ഇപ്പോൾ വൻതോതിൽ ഫയൽ നശീകരണം നടക്കുന്നുണ്ട് എന്നാണ് അറിയുന്നത്. അഴിമതിയുടെ തെളിവുകൾ എല്ലാം നീക്കം ചെയ്യുകയാണ്. സിഇഒയും കൺസൾട്ടിങ് കമ്പനിയും ചേർന്നാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്.
ഈ മൊത്തം വിഷയത്തിൽ മന്ത്രിയുടെ ഓഫീസിനാണ് ഏറ്റവും വലിയ പങ്ക്. അനർട്ടിന്റെ ഫിനാൻസ് വകുപ്പിനെ പൂർണമായും ഇരുട്ടിൽ നിർത്തി അനർട്ട് സിഒയും താൽക്കാലിക ജീവനക്കാരനും ഇ.വൈ കൺസൾട്ടിങ് കമ്പനിയും ചേർന്നാണ് എല്ലാ ടെൻഡറുകളും കൈകാര്യം ചെയ്തിരിക്കുന്നത്. ടെൻഡറുകൾ തുറക്കാൻ അധികാരമില്ലാത്തവർ തുറക്കുകയും തിരുത്തുകയും ചെയ്തിട്ടുണ്ട്. തിരുത്തി എന്നത് സിഇഒ തന്നെ സമ്മതിച്ചിട്ടുമുണ്ട്. ഇതൊന്നും കേട്ടു കേൾവിയില്ലാത്ത കാര്യങ്ങളാണ്.ഫിനാൻസ് മാനേജർ മാത്രം തുറക്കണ്ട ടെൻഡർ ബിഡ്ഡുകളാണ് 89 ദിവസത്തേക്കു മാത്രം നിയമിക്കപ്പെടുന്ന താൽക്കാലിക ജീവനക്കാരനായ വിനയ് കൈകാര്യം ചെയ്തിരിക്കുന്നത്. അതിന്റെ തെളിവുകൾ തൻ്റെ കൈവശമുണ്ട്.
ഇതേ താൽക്കാലിക ജീവനക്കാരനെ ഇ.വൈ നിയമിച്ചതിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് സിഇഒയും മന്ത്രിയുടെ ഓഫീസുമാണ്. സ്വപ്‌ന സുരേഷ് മോഡൽ നിയമനമാണ് ഇവിടെ നടന്നിരിക്കുന്നത്. ഇവരെല്ലാം ചേർന്ന ഒരു നെക്‌സസാണ് ഈ അഴിമതിക്കു പിന്നിൽ. സിഇഒയെ ഇതുവരെ മാറ്റാത്തതിനു കാരണം പങ്കുവെച്ച അഴിമതിപ്പണത്തിന്റെ വിവരം പുറത്തു പോകുമോയെന്ന ഭയം കൊണ്ടാണ്.
240 കോടി രൂപയുടെ ടെണ്ടർ വിളിച്ചില്ല എന്നാണ് കഴിഞ്ഞ ദിവസം ചാനൽ ലേഖിക തന്നോട് പറഞ്ഞത്. അനർട്ട് സിഇഒ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണിത് എന്നാണ് മനസിലാകുന്നത്. 240 കോടി രൂപയുടെ ഇ ടെണ്ടർ വിളിച്ച രേഖകൾ ഇതിനോടൊപ്പം വയ്ക്കുന്നുണ്ട്.
ഇനി ഏറ്റവും കാതലായ ആദ്യ ചോദ്യം വീണ്ടും ഉയരുന്നു. വെറും അഞ്ചു കോടി രൂപ വരെയുള്ള ടെണ്ടറുകൾ വിളിക്കാൻ അധികാരമുള്ള എനർട്ട് സിഇഒ 240 കോടി രൂപയുടെ ടെണ്ടർ വിളിച്ചത് എങ്ങനെയാണ്. ആരുടെ നിർദേശപ്രകാരമാണ്. ഇതിനുത്തരം ലഭിച്ചാൽ അഴിമതിയിലെ പങ്കാളികൾ ആരൊക്കെയാണ് എന്നതിന്റെ വിശദാംശങ്ങൾ ഉടൻ പുറത്തുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.