ഹൂതി ആക്രമണത്തില്‍ യെമന്‍ തീരത്തിന് സമീപം ചെങ്കടലില്‍ മുങ്ങിയ കപ്പലില്‍ നിന്ന് കാണാതായ മലയാളിയായ കായംകുളം പത്തിയൂര്‍ സ്വദേശി ആര്‍ അനില്‍ കുമാര്‍ സുരക്ഷിതന്‍. അനില്‍കുമാര്‍ കുടുംബത്തോട് ഫോണില്‍ സംസാരിച്ചു. താന്‍ യെമനിലുണ്ടെന്ന് അദ്ദേഹം കുടുംബത്തെ അറിയിച്ചു.
യെമനില്‍ നിന്നാണ് അനില്‍കുമാര്‍ ഭാര്യ ശ്രീജയെ ഫോണില്‍ വിളിച്ച് സംസാരിച്ചത്. നിമിഷങ്ങള്‍ മാത്രം നീണ്ടുനിന്ന ഫോണ്‍വിളിക്കിടെ അനില്‍കുമാര്‍ മകന്‍ അനുജിനോടും സംസാരിച്ചതായാണ് വിവരം. യെമനിലുണ്ടെന്ന് അനില്‍കുമാര്‍ ഭാര്യയോട് പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ 1.45നാണ് അനില്‍കുമാര്‍ ശ്രീജയുടെ ഫോണിലേക്ക് വിളിച്ചത്. അനില്‍കുമാര്‍ യെമനിലുണ്ടെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ സ്ഥിരീകരിച്ചെങ്കിലും ഇദ്ദേഹം യമന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണോ അതോ ഹൂതി വിമതരുടെ നിയന്ത്രണത്തിലാണോ എന്നു വ്യക്തമല്ല. അനില്‍ ഫോണ്‍വിളിച്ച വിവരം ശ്രീജ എംബസി അധികൃതരെ അറിയിച്ചു. യെമനില്‍ നിന്ന് വിളിച്ച ഫോണ്‍ നമ്പറും അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. യെമനില്‍ ഇന്ത്യന്‍ എംബസിയില്ലാത്തതിനാല്‍ സൗദിയിലെ എംബസിക്കാണ് നടപടിക്രമങ്ങളുടെ ചുമതല.
ഈ മാസം 7 നാണ് ഗ്രനേഡ് ആക്രമണത്തില്‍ കപ്പല്‍ മുങ്ങി സെക്യൂരിറ്റി ഓഫിസറായ അനില്‍കുമാറടക്കം 11 പേരെ കാണാതായത്. യെമന്‍ തീരത്തിന് സമീപം ചെങ്കടലില്‍ എന്റര്‍നിറ്റി സി എന്ന കപ്പലിന് നേരെ ഹൂതി ആക്രമണം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് കായംകുളത്തെ വീട്ടില്‍ അനില്‍കുമാര്‍ രവീന്ദ്രനെ കാണാനില്ലെന്ന വിവരം എത്തുന്നത്. രക്ഷപ്പെടാന്‍ കപ്പല്‍ നിന്ന് കടലില്‍ ചാടിയവരുടെ കൂട്ടത്തില്‍ അനില്‍ കുമാറുമുണ്ടെന്നാണ് സൗദിയിലെ ഇന്ത്യന്‍ എംബസി നേരത്തെ കുടുംബത്തെ അറിയിച്ചത്. 21 പേരുണ്ടായിരുന്ന കപ്പലില്‍ അനില്‍ കുമാറും തിരുവനന്തപുരം പാറശാല സ്വദേശി അഗസ്റ്റിനുമായിരുന്നു മലയാളികള്‍. രക്ഷപ്പെട്ട അഗസ്റ്റിന്‍ നാട്ടിലെത്തി. മുന്‍ സൈനികനായ അനില്‍ കുമാര്‍ അഞ്ച് വര്‍ഷമായി മര്‍ച്ചന്റ് നേവിയിലാണ്.