+

മാതാപിതാക്കള്‍ നല്‍കുന്ന ഏത് ഉത്തരവും പാലിക്കും ; പാര്‍ട്ടിയില്‍ നിന്നും കുടുംബത്തില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ തേജ് പ്രതാപ് യാദവ്

കഴിഞ്ഞ ഞായറാഴ്ചയാണ് ലാലു പ്രസാദ് യാദ് മൂത്ത മകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

പാര്‍ട്ടിയില്‍ നിന്നും കുടുംബത്തില്‍ നിന്നും പുറത്താക്കിയതിന് ഒരാഴ്ചയ്ക്ക് പിന്നാലെ ലാലു പ്രസാദ് യാദവിനോടും ഭാര്യ റാബ്‌റി ദേവിയോടും സമൂഹമാധ്യമങ്ങളിലൂടെ സംസാരിച്ച് തേജ് പ്രതാപ് യാദവ്. കുടുംബം പിന്തുടരുന്ന മൂല്യങ്ങളും ധാര്‍മികതയും മറന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ലാലു പ്രസാദ് യാദ് മൂത്തമകന്‍ തേജ് പ്രതാപ് യാദവിനെ ആര്‍ജെഡിയില്‍ നിന്നും കുടുംബത്തില്‍ നിന്നും പുറത്താക്കിയത്. ഞായറാഴ്ച സമൂഹമാധ്യമങ്ങളില്‍ നടത്തിയ പ്രതികരണങ്ങളില്‍ മാതാപിതാക്കള്‍ നല്‍കുന്ന  ഏത് ഉത്തരവും പാലിക്കുമെന്നാണ് തേജ് പ്രതാപ് യാദവ് വിശദമാക്കിയിരിക്കുന്നത്. 

പ്രിയപ്പെട്ട അച്ഛനും അമ്മയും എന്നാണ് സമൂഹമാധ്യമങ്ങളിലെ കുറിപ്പ് ആരംഭിക്കുന്നത്. തന്റെ ലോകം മുഴുവന്‍ നിങ്ങളെ ഉള്‍ക്കൊണ്ട് മാത്രമുള്ളതാണ്. നിങ്ങള്‍ക്ക് ദൈവത്തേക്കാളും മുകളിലായാണ് എന്റെ മുന്നിലെ സ്ഥാനം. നിങ്ങള്‍ നല്‍കുന്ന ഉത്തരവാണ് ഏറ്റവും പ്രധാനം. നിങ്ങള്‍ എനിക്കൊപ്പമുണ്ടെങ്കില്‍ എല്ലാം എനിക്കുണ്ട്. എനിക്ക് നിങ്ങളുടെ വിശ്വാസും സ്‌നേഹവും മാത്രം മതി. രാഷ്ട്രീയത്തില്‍ വഞ്ചന പതിവാക്കിയ തനിക്ക് ചുറ്റുമുള്ള അളുകള്‍ക്ക് വേണ്ടിയല്ല പാര്‍ട്ടിക്ക് വേണ്ടിയല്ല അച്ഛാ നിങ്ങള്‍ക്ക് വേണ്ടിയാണ് തന്റെ നിലനില്‍പ്. നിങ്ങള്‍ രണ്ട് പേരും ആരോഗ്യത്തോടെയും സന്തോഷത്തോടെയും എപ്പോഴുമുണ്ടാവണമെന്നുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും തേജ് പ്രതാപ് യാദവ് സമൂഹമാധ്യമങ്ങളിലെ കുറിപ്പുകളില്‍ വിശദമാക്കുന്നത്. 

കഴിഞ്ഞ ഞായറാഴ്ചയാണ് ലാലു പ്രസാദ് യാദ് മൂത്ത മകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. സദാചാര മൂല്യങ്ങള്‍ കണക്കിലെടുക്കാതെയുള്ള നിരുത്തരവാദ പരമായ പെരുമാറ്റത്തിനാണ് മകനെതിരായ നടപടിയെന്നാണ് ലാലു പ്രസാദ് യാദവ് വിശദമാക്കിയത്. ഈ തീരുമാനം വന്നതിന് പിന്നാലെ തന്നെ തീരുമാനം എടുക്കാന്‍ കാരണക്കാരനായ തേജ് പ്രതാപ് യാദവിന്റെ സമൂഹമാധ്യമത്തിലെ കുറിപ്പ് നീക്കിയിരുന്നു. ഒരു യുവതിയുമായുള്ള തേജ് പ്രതാപിന്റെ വീഡിയോ പുറത്തു വന്നിരുന്നു. ഇതില്‍ അനുഷ്‌ക യാദവ് എന്ന യുവതിയുമായി താന്‍ പ്രണയത്തിലാണെന്നായിരുന്നു ലാലു പ്രസാദ് യാദവിന്റെ മൂത്ത മകനും  37 വയസുകാരനായ തേജ് പ്രതാപ് വിശദമാക്കിയത്. 12 വര്‍ഷമായി യുവതിയുമായി പ്രണയത്തിലാണെന്നായിരുന്നു തേജ് പ്രതാപ് യാദവ് വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. 
എന്നാല്‍ ഈ വീഡിയോ തന്റെ സമൂഹമാധ്യമ അക്കൌണ്ട് മറ്റാരോ ഹാക്ക് ചെയ്തതാണെന്നായിരുന്നു തേജ് പ്രതാപ് അവകാശപ്പെട്ടത്. തന്നെയും കുടുംബത്തേയും അപമാനിക്കാനുള്ള ഗൂഡശ്രമമായിരുന്നു ഇതെന്നുമാണ് തേജ് വിശദമാക്കിയത്.

facebook twitter