ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ മെയിന്‍ 2025 രണ്ടാം സെഷനിലേക്കുള്ള അപേക്ഷ jeemain.nta.nic.in വഴി ഫെബ്രുവരി 25ന് രാത്രി ഒന്‍പതുവരെ നല്‍കാം. അപേക്ഷാഫീസ് 25-ന് രാത്രി 11.50 വരെ അടയ്ക്കാം. പരീക്ഷ ഏപ്രില്‍ ഒന്നിനും എട്ടിനും ഇടയ്ക്ക് നടത്തും. പരീക്ഷാകേന്ദ്രങ്ങളെപ്പറ്റിയുള്ള മുന്‍കൂര്‍ അറിയിപ്പ്, അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡിങ്, പരീക്ഷാ ഫലപ്രഖ്യാപനം എന്നിവയുമായി ബന്ധപ്പെട്ട തീയതികള്‍/വിജ്ഞാപനങ്ങള്‍ തുടങ്ങിയവ പോര്‍ട്ടലില്‍ യഥാസമയം പ്രസിദ്ധപ്പെടുത്തും.
പ്രവേശനസ്ഥാപനങ്ങള്‍: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി.), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ഐ.ഐ.ടി.), കേന്ദ്രസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികസ്ഥാപനങ്ങള്‍ (സി.എഫ്.ടി.ഐ.), ഈ പദ്ധതിയില്‍ പങ്കെടുക്കുന്ന സംസ്ഥാനസര്‍ക്കാര്‍ ഫണ്ടിങ്/അംഗീകാരമുള്ള സ്ഥാപനങ്ങള്‍/സര്‍വകലാശാലകള്‍ എന്നിവയിലെ വിവിധ ബിരുദതല എന്‍ജിനിയറിങ്/സയന്‍സ്/ ആര്‍ക്കിടെക്ചര്‍/പ്ലാനിങ് പ്രോഗ്രാമുകളിലെ പ്രവേശനമാണ് മുഖ്യമായും പരീക്ഷയുടെ പരിധിയില്‍ വരുന്നത്. എന്‍.ഐ.ടി. കാലിക്കറ്റ്, ഐ.ഐ.ഐ.ടി. കോട്ടയം എന്നിവയാണ് ഈ പ്രക്രിയയില്‍ ഉള്‍പ്പെടുന്ന കേരളത്തിലെ സ്ഥാപനങ്ങള്‍.
ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് : ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(ഐ.ഐ.ടി.)യിലെ എന്‍ജിനിയറിങ്, സയന്‍സ്, ആര്‍ക്കിടെക്ചര്‍ ഉള്‍പ്പെടെയുള്ള വിവിധ ബിരുദ പ്രോഗ്രാമുകളുടെ (ബാച്ച്‌ലര്‍, ഡ്യുവല്‍ ഡിഗ്രി, ഇന്റഗ്രേറ്റഡ്) പ്രവേശനപരീക്ഷയായ ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ അര്‍ഹതനേടുന്നവരെ കണ്ടെത്തുന്ന പരീക്ഷകൂടിയാണ് ജെ.ഇ.ഇ. മെയിന്‍ പേപ്പര്‍ ഒന്ന് പരീക്ഷ. 2025-ലെ പ്രവേശനപ്രക്രിയയില്‍, ജെ.ഇ.ഇ. മെയിനിലെ ഈ പേപ്പറില്‍, വിവിധകാറ്റഗറികളില്‍നിന്ന് മുന്നിലെത്തുന്ന 2,50,000 പേര്‍ക്കാണ് അഡ്വാന്‍സ്ഡിന് രജിസ്റ്റര്‍ചെയ്ത് അഭിമുഖീകരിക്കാന്‍ അര്‍ഹതലഭിക്കുക. പാലക്കാട് ഐ.ഐ.ടി. പ്രവേശനം ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് റാങ്ക് പരിഗണിച്ചാണ്. അതിനാല്‍, അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ താത്പര്യമുള്ളവര്‍ ജെ.ഇ.ഇ. മെയിന്‍ പേപ്പര്‍ ഒന്ന് നിര്‍ബന്ധമായും അഭിമുഖീകരിച്ച് യോഗ്യതനേടണം.
ആദ്യസെഷന് അപേക്ഷിച്ചവര്‍
ആദ്യസെഷന് രജിസ്റ്റര്‍ചെയ്ത് അപേക്ഷിച്ചവര്‍ രണ്ടാംസെഷന് അപേക്ഷിക്കുന്നെങ്കില്‍, ആദ്യസെഷനിലെ അപേക്ഷാനമ്പര്‍, പാസ്‌വേഡ് എന്നിവയുപയോഗിച്ച് വെബ്‌സൈറ്റിന്‍ ലോഗിന്‍ചെയ്തുവേണം അപേക്ഷിക്കാന്‍.
കോഴ്‌സ്/പേപ്പര്‍, പരീക്ഷാ മീഡിയം, സെഷന്‍ രണ്ടിനുള്ള പരീക്ഷാ സിറ്റി എന്നിവ തിരഞ്ഞെടുക്കുകയും ബാധകമായ പരീക്ഷാഫീസ് അടയ്ക്കുകയും വേണം
ആദ്യസെഷന് രജിസ്റ്റര്‍ചെയ്യാത്തവര്‍, ആദ്യസെഷനു ബാധകമായ നടപടിക്രമങ്ങള്‍ പാലിച്ച് രജിസ്റ്റര്‍ചെയ്യണം. തുടര്‍ന്ന് ഫീസടച്ച് രണ്ടാംസെഷന്‍ അപേക്ഷ പൂര്‍ത്തിയാക്കണം
മൊബൈല്‍ നമ്പര്‍, ഇമെയില്‍ : സ്വന്തം അല്ലെങ്കില്‍ രക്ഷിതാവിന്റെ മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ അപേക്ഷയില്‍ നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എന്‍.ടി.എ. ഇവയിലേക്കാകും അറിയിപ്പുകള്‍ അയക്കുക. വിശദാംശങ്ങള്‍ സൈറ്റിലെ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ ലഭിക്കും.
'അണ്‍ഫെയര്‍ മീന്‍സ്' : ഒരു അപേക്ഷാര്‍ഥി ഒന്നില്‍ക്കൂടുതല്‍ അപേക്ഷ നല്‍കരുത്. അങ്ങനെ ചെയ്താല്‍ അത് 'അണ്‍ഫെയര്‍ മീന്‍സ്' ആയി കണക്കാക്കി നടപടിയെടുക്കും. രണ്ടാം സെഷന്‍ അറിയിപ്പ് jeemain.nta.nic.in -ല്‍ ലഭിക്കും.