51,000-ത്തിലധികം യുവാക്കൾക്ക് നിയമന കത്തുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി

06:35 PM Jul 12, 2025 | Neha Nair

ന്യൂഡൽഹി: 51,000-ത്തിലധികം യുവാക്കൾക്ക് നിയമന കത്തുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിനാറാമത് റോസ്ഗർ മേളയിൽ നടന്ന ഒരു ഓൺലൈൻ പരിപാടിയിലാണ് മോദി ഈ കാര്യം വ്യക്തമാക്കിയത്. വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിലും മന്ത്രാലയങ്ങളിലും സ്ഥിര നിയമനത്തിനായി യുവാക്കൾക്ക് വിതരണം ചെയ്യുന്ന 16-ാമത്തെ നിയമന കത്താണിത്. ഇതിൽ 40,000-ത്തിലധികം നിയമനങ്ങൾ റെയിൽവേ മന്ത്രാലയത്തിലാണ് നടത്തിയത് എന്നതും ശ്രദ്ധേയമാണ്. കൂടാതെ ആരോഗ്യം, തപാൽ സേവനം, ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയ വകുപ്പുകളിലും നിയമനങ്ങൾ നടക്കും.

തന്റെ സർക്കാരിന്റെ ഐഡന്റിറ്റി ഇപ്പോൾ യാതൊരു ശുപാർശകളും കൈക്കൂലിയും ഇല്ലാതെ ജോലികൾ നൽകുന്നു എന്നാണ് എന്നും നരേന്ദ്രമോദി കത്തുകൾ വിതരണം ചെയ്തുകൊണ്ട് പറഞ്ഞു. കൂടാതെ പിഎം ഓഫീസിലെ സഹമന്ത്രി ജിതേന്ദ്ര സിംഗ്, ഓരോ സ്ഥാനാർത്ഥിക്കും ‘മിഷൻ കർമ്മയോഗി പ്രാരംഭ്’ മൊഡ്യൂൾ ഏറ്റെടുക്കാനുള്ള അവസരം നൽകുമെന്നും പ്രഖ്യാപിച്ചു. സ്വകാര്യമേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഈ ശ്രമത്തെ പിന്തുണയ്ക്കുന്നതിനായി ഒരു പുതിയ തൊഴിൽ ബന്ധിത പ്രോത്സാഹന പദ്ധതി അംഗീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.