സച്ചിന്റെ കുടുംബത്തിലേക്ക് ശതകോടീശ്വരന്റെ കൊച്ചുമകള്‍ വധുവായി എത്തുന്നു, ചേച്ചിക്കു മുന്‍പേ വിവാഹ ജീവിതത്തിലേക്ക് കടക്കാന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, സാറയുടെ കൂട്ടുകാരി ഇനി അനുജന്റെ ഭാര്യ

04:55 PM Aug 14, 2025 | Raj C

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ വിവാഹിതനാകാന്‍ ഒരുങ്ങുന്നു. 25-കാരനായ അര്‍ജുന്‍ സാനിയ ചന്ദോക്കുമായി വിവാഹനിശ്ചയം നടത്തി. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു വിവാഹനിശ്ചയം.

സാനിയ ചന്ദോക് മുംബൈയിലെ പ്രമുഖ ബിസിനസ് കുടുംബത്തിലെ അംഗമാണ്. ഗ്രാവിസ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ രവി ഘായിയുടെ പേരമകളാണ് സാനിയ. ഗ്രാവിസ് ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി, ഫുഡ് ആന്‍ഡ് ബിവറേജസ് രംഗത്ത് പ്രശസ്തമാണ്. ക്വാളിറ്റി ഐസ്‌ക്രീം, ബ്രൂക്ലിന്‍ ക്രീമറി, ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍ തുടങ്ങിയവ ഇവരുടെ സ്ഥാപനങ്ങളാണ്.

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം നേടിയിട്ടുണ്ട്. 2024 അവസാനത്തോടെ വേള്‍ഡ് വൈഡ് വെറ്ററിനറി സര്‍വീസില്‍ നിന്ന് വെറ്ററിനറി ടെക്‌നീഷ്യന്‍ ഡിപ്ലോമയും സ്വന്തമാക്കി. 

സാനിയ 'മിസ്റ്റര്‍ പോസ് പെറ്റ് സ്പാ & സ്റ്റോര്‍ എല്‍എല്‍പി'യുടെ ഫൗണ്ടറും ഡയറക്ടറുമാണ്. മുംബൈയില്‍ രണ്ട് സ്റ്റോറുകളുള്ള ഈ ലക്ഷ്വറി പെറ്റ് സ്പാ, നായകള്‍ക്കും പൂച്ചകള്‍ക്കുമായി കൊറിയന്‍ മൈക്രോബബിള്‍സ് തെറാപ്പി, ജാപ്പനീസ് CO2 ഹൈഡ്രോതെറാപ്പി തുടങ്ങിയ ചികിത്സകള്‍ നല്‍കുന്നു. പെറ്റ് ന്യൂട്രീഷനും വെല്‍ഫെയറും ലക്ഷ്യമിട്ടുള്ള ബിസിനസാണ് ഇത്. 

ടെണ്ടുല്‍ക്കര്‍ കുടുംബവുമായുള്ള സാനിയയുടെ ബന്ധം ദീര്‍ഘകാലമായുള്ളതാണ്. അര്‍ജുന്റെ ചേച്ചി സാറയുടെ അടുത്ത സുഹൃത്തുകടിയാണ് സാനിയ. ജയ്പൂര്‍ യാത്രയിലും ഐപിഎല്‍ മത്സരങ്ങളിലും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കാണാം.

സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ഭാര്യ അഞ്ജലി ടെണ്ടുല്‍ക്കര്‍ ഒരു പീഡിയാട്രിക് ഡോക്ടറാണ്. സാനിയയുടെ വരവോടെ കുടുംബത്തിലേക്ക് മറ്റൊരു 'ഡോക്ടര്‍' കൂടി ചേരുന്നു എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സാനിയ ഒരു വെറ്ററിനറി ടെക്‌നീഷ്യനാണ്  മൃഗങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട ഡിപ്ലോമ ഉടമ. ഇത് മൃഗഡോക്ടര്‍ (വെറ്ററിനറി) രംഗത്തെ വൈദഗ്ധ്യമായി കണക്കാക്കാം, അതിനാല്‍ കുടുംബത്തിലെ മെഡിക്കല്‍ പാരമ്പര്യം തുടരുന്നു. 

ഇരു കുടുംബങ്ങളും ഔദ്യോഗിക പ്രസ്താവനകള്‍ ഇറക്കിയിട്ടില്ല. എന്നാല്‍, മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ബന്ധം രണ്ട് കുടുംബങ്ങളുടെയും ദീര്‍ഘകാല സൗഹൃദത്തിന്റെ ഫലമാണ്. വിവാഹ തീയതി ഇതുവരെ അറയിച്ചിട്ടില്ല.

സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെയും അഞ്ജലി ടെണ്ടുല്‍ക്കറിന്റെയും ഇളയ മകനാണ് അര്‍ജുന്‍. ക്രിക്കറ്റര്‍ എന്ന നിലയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ചിട്ടുണ്ട്.