'എആര്‍എം' എന്ന ചിത്രത്തില്‍ ടൊവിനോ തോമസ് അവതരിപ്പിച്ച മണിയന് എന്ന കഥാപാത്രത്തിന് ഒരു രണ്ടാംവരവുണ്ടാവുമെന്ന് സംവിധായകന് ജിതിന് ലാല്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. 'എആര്‍എമ്മി'ന്റെ സ്പിന്‍ ഓഫ് ആയിരിക്കും ചിത്രമെന്നാണ് സംവിധായകന്റെ പോസ്റ്റില്‍നിന്ന് ആരാധകര്‍ വായിച്ചെടുത്തത്. ചിത്രവുമായി ബന്ധപ്പെട്ട് ആരാധകന്റെ ചോദ്യത്തിന് ജിതിന് ലാല്‍ നല്കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്.
സുജിത് നമ്പ്യാര്‍ ആയിരുന്നു 'എആര്‍എമ്മി'ന്റെ തിരക്കഥ ഒരുക്കിയത്. മണിയന്റെ രണ്ടാംവരവിനുള്ള തിരക്കഥ എഴുതാനുള്ള തയ്യാറെടുപ്പിലാണ് സുജിത് നമ്പ്യാര്‍ എന്നായിരുന്നു ജിതിന് കഴിഞ്ഞദിവസം അറിയിച്ചത്. 'എആര്‍എം' പുറത്തിറങ്ങി ഒരുവര്‍ഷം തികയുന്ന ദിവസമായിരുന്നു ജിതിന്റെ പ്രഖ്യാപനം. ഈ പോസ്റ്റ് ജിതിന് വിവിധ സിനിമാ ഗ്രൂപ്പുകളില്‍ പങ്കുവെച്ചിരുന്നു.
ഇതില്‍ ഒന്നിലാണ് ജിതിനോട് ചോദ്യവുമായി ആരാധകന് എത്തിയത്. തീയേറ്ററില്‍ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന കല്യാണി പ്രിയദര്ശന്- ഡൊമിനിക് അരുണ്‍ ചിത്രം 'ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര'യുമായി മണിയന്റെ രണ്ടാംവരവിന് ബന്ധമുണ്ടോ എന്നായിരുന്നു ചോദ്യം. 'ലോകയില്‍ അവസാനം കാണിക്കുന്ന ടൊവിനോ മണിയന് ആണോ? ലോക യൂണിവേഴ്സിനോട് എന്തെങ്കിലും ബന്ധമുണ്ടാവുമോ', എന്നായിരുന്നു ചോദ്യം. എന്നാല്‍ അങ്ങനെയൊന്നുമില്ലെന്നായിരുന്നു ജിതിന്റെ മറുപടി.
അഞ്ചുഭാഗങ്ങളുള്ള സൂപ്പര്‍ഹീറോ യൂണിവേഴ്സിലെ ആദ്യത്തേതായിരുന്നു കല്യാണി നായികയായ 'ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര'. ഇതില്‍ ടൊവിനോ തോമസ് ചാര്‍ളി എന്ന അതിഥിവേഷത്തില്‍ എത്തിയിരുന്നു. ചാത്തനായാണ് ടൊവിനോയുടെ ചാര്‍ളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ടൊവിനോയുടേയും ദുല്‍ഖറിന്റേയും കഥാപാത്രങ്ങളുടെ പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ക്കൂടിയാണ് ജിതിന്റെ മറുപടി ശ്രദ്ധേയമാവുന്നത്.
ടൊവിനോയുടെ അമ്പതാം ചിത്രമായാണ് 'എആര്‍എം' എത്തിയത്. നൂറുകോടിയിലേറെയാണ് ചിത്രം ബോക്സോഫീസില്‍നിന്ന് സ്വന്തമാക്കിയത്. അജയന്, കള്ളന് മണിയന്, കുഞ്ഞിക്കേളു എന്നീ കഥാപാത്രങ്ങളായാണ് ടൊവിനോ തോമസ് 'എആര്‍എമ്മി'ല്‍ എത്തിയത്.