ശ്രീനഗർ: ജമ്മു-കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. തീവ്രവാദ സാന്നിധ്യത്തെ കുറിച്ചുള്ള ഇൻറലിജൻസ് വിവരത്തെ തുടർന്ന് അഖാലിലെ വനപ്രദേശത്ത് നടന്ന തിരച്ചിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. സൈന്യവും ജമ്മു കശ്മീർ പൊലീസും സി.ആർ.പി.എഫും സംയുക്തമായി ഓപ്പറേഷൻ ആരംഭിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
തിരച്ചിലിനിടെ തീവ്രവാദികൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്നും അധികൃതർ അറിയിച്ചു. ഓപറേഷൻ അഖാൽ എന്നാണ് സൈന്യം ഇതിന് പേരിട്ടിരിക്കുന്നത്.
'രാത്രിയിലുടനീളം ശക്തമായ വെടിവെപ്പ് തുടർന്നു. ട്രൂപ്പ് ജാഗരൂകരാവുകയും കനത്ത തിരിച്ചടി നൽകുകയും ചെയ്തു. സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ഓപ്പറേഷൻ അഖാൽ പുരോഗമിക്കുകയാണ്'- എന്നാണ് സൈന്യത്തിന്റെ ചിനാർ കോർപ്പ്‌സ് സമൂഹമാധ്യ മത്തിലൂടെ പങ്കുവെച്ചത്. ഇന്ന് രാവിലെ ഓപ്പറേഷൻ അഖാൽ പുനരാരംഭിച്ചതായി ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണ്.
കഴിഞ്ഞ ആഴ്ച ജമ്മു കശ്മീരിലെ ശ്രീനഗറിനു സമീപം ലിദ്വാസിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ഓപറേഷൻ മഹാദേവിൻറെ ഭാഗമായാണ് പഹൽഗാമിൽ ആക്രമണം നടത്തിയ മൂന്ന് ഭീകരരെ സൈന്യം വധിച്ചത്. ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട പ്രത്യേക ചർച്ച പാർലമെൻറിൽ നടക്കുന്നതിനിടെയാണ് ഭീകകരെ സൈന്യം വധിക്കുന്നത്.
ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിനു തിരിച്ചടിയായി മേയ് ഏഴിന് ഓപറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ സൈനിക ദൗത്യം നടപ്പാക്കി. പാകിസ്താനിലെയും പാക്കധീന കശ്മീരിലെയും ഒമ്പത് കേന്ദ്രങ്ങളിലായി നൂറിലേറെ ഭീകരരെ സൈന്യം വധിച്ചു.