ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഉന്നാവോയിൽ റെയിൽവേ ട്രാക്കിൽ കിടന്ന് റീൽ ചിത്രീകരിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉന്നാവോയിലെ ഹസൻഗഞ്ച് നിവാസിയായ രഞ്ജിത് ചൗരസ്യയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റെയിൽവേ ട്രാക്കിൽ കിടന്നുകൊണ്ട് ചിത്രീകരിച്ച റീൽ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് റെയിൽവേ പൊലീസിൻ്റെ ഈ നടപടി.
അതേസമയം വീഡിയോയിൽ രഞ്ജിത് റെയിൽവേ ട്രാക്കിൽ മൊബൈലുമായി കിടക്കുന്നതും ദൂരെ നിന്ന് ട്രെയിൻ വരുന്നതും കാണാം. ട്രെയിൻ വരുമ്പോഴും എഴുന്നേറ്റ് മാറാതെ ഇയാൾ ട്രാക്കിൽ തന്നെ കിടന്നു. ട്രെയിൻ പോയ ശേഷമാണ് ഇയാൾ ട്രാക്കിൽ നിന്ന് എഴുന്നേറ്റ് മാറുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് ഇയാളെ വിമർശിച്ച് രംഗത്തെത്തിയത്.