എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയിലെ കലാസൃഷ്ടി നശിപ്പിച്ച സംഭവത്തില്‍ പരാതി നല്‍കി കേരള ലളിതകലാ അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത്. അതിക്രമം കാണിച്ചവര്‍ക്കെതിരെ നിയമാനുസൃതമായ നടപടി എടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.
നോര്‍വീജിയന്‍ കലാകാരി ഹനാന്‍ ബെനാമിറിന്റെ കലാസൃഷ്ടികളാണ് കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെ രണ്ടംഗ സംഘം കീറി എറിഞ്ഞത്. കലാസൃഷ്ടിയില്‍ തെറി വാക്കുകളുണ്ടെന്ന് ആരോപിച്ചായിരുന്നു അതിക്രമം. മലയാളി കലാകാരനായ ഹോചിമിനാണ് മറ്റൊരാള്‍ക്കൊപ്പം എത്തി ചിത്രങ്ങള്‍ നശിപ്പിച്ചത്.
പ്രദര്‍ശനം തുടങ്ങിയതു മുതല്‍ ചില സ്ഥാപിത താല്‍പര്യങ്ങള്‍ ഇതിനെതിരെ പ്രചാരണം തുടങ്ങിയിരുന്നുവെന്ന് മുരളി ചീരോത്ത് പറഞ്ഞു. അന്താരാഷ്ട്ര പ്രശസ്തമായ സാംസ്‌കാരിക സംഘടനകളുടെ ഗ്രാന്റോടു കൂടിയാണ് ഈ പ്രദര്‍ശനം നടത്തുന്നതെന്ന് മാത്രമല്ല ഇത് നോര്‍വീജിയന്‍ എംബസി അടക്കം ബന്ധപ്പെട്ട ഒന്നാണ്. ഒരു ആര്‍ട്ടിസ്റ്റിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയും നമ്മുടെ കലാലോകത്തിനു നേരെയും നടത്തുന്ന വെല്ലുവിളികൂടിയാണ് ഈ അതിക്രമം. അന്താരാഷ്ട്രതലത്തില്‍ പ്രശസ്തി നേടിയ നോര്‍വീജിയന്‍ ഫെമിനിസ്റ്റ് പ്രാക്ടീഷണറാണ് ഈ കലാകാരി. അവരുടെ ഒരു കലാസൃഷ്ടിക്ക് നേരെ ഉണ്ടാകുന്ന അതിക്രമം നയതന്ത്ര തലത്തില്‍ പോലും പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള ഒന്നാണെന്നും മുരളി ചീരോത്ത് പരാതിയില്‍ വ്യക്തമാക്കുന്നു.