പാകിസ്ഥാനില്‍ ഇനി അസിം മുനീര്‍ സര്‍വാധികാരി. പാക് ചരിത്രത്തിലെ ആദ്യ സര്‍വ സൈന്യാധിപനായി (ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്സ്) ഔദ്യോഗിക നിയമനം. പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവിറക്കിയത്. ഇതോടെ, കേസുകളില്‍ നിന്നും വിചാരണയില്‍ നിന്നും മുനീറിന് ആജീവനാന്ത സംരക്ഷണവും ലഭിക്കും. നവംബര്‍ 12 ന് പാസാക്കിയ 27-ാമത് ഭരണഘടനാ ഭേദഗതിയെ തുടര്‍ന്നാണ് നീക്കം. സര്‍വ സൈന്യങ്ങളെയും ഏകീകരിക്കുക, നിര്‍ണായക സാഹചര്യങ്ങളില്‍ തീരുമാനമെടുക്കുക എന്നിവയാണ് അസിം മുനീറിന്റെ കര്‍ത്തവ്യം.
അതേ സമയം, ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി അസിം മുനീര്‍ പദവി ഏറ്റെടുക്കുന്നത് തടയാനാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രാജ്യം വിട്ടതെന്ന റിപ്പോര്‍ട്ട് ശക്തമാകുകയാണ്. സി ഡി എഫ് പദവി സംബന്ധിച്ച വിജ്ഞാപനം നവംബര്‍ 29 ന് ഇറങ്ങേണ്ടിയിരുന്നെങ്കിലും അന്ന് അത് സംഭവിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഷെഹ്ബാസ് ആദ്യം ബഹ്റൈനിലേക്കും പിന്നീട് ലണ്ടനിലേക്കും പോയതായി നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറി ബോര്‍ഡ് മുന്‍ അംഗം തിലക് ദേവാഷര്‍ വെളിപ്പെടുത്തിയതായി എ എന്‍ ഐ അടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അസീം മുനീര്‍ സി ഡി എഫ് മേധാവിയാകുന്ന വിജ്ഞാപനത്തില്‍ ഒപ്പിടേണ്ട ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള പാക് പ്രധാനമന്ത്രിയുടെ മനഃപൂര്‍വ നീക്കമാണ് ഇതെന്നാണ് വിലയിരുത്തല്‍.
അസിം മുനീറിന്റെ കരസേനാ മേധാവി കാലാവധി നവംബര്‍ 29 ന് അവസാനിച്ചിരുന്നു. ഇതെത്തുടര്‍ന്ന് പാകിസ്ഥാന് ഔദ്യോഗിക സൈനിക മേധാവിയില്ലാതെ വരുമെന്ന അവസ്ഥയിലായിരുന്നു നീക്കം.