+

യുക്രൈന്‍ തലസ്ഥാനത്ത് റഷ്യയുടെ അതിശക്ത വ്യോമാക്രമണം, 4 കുട്ടികളുള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെട്ടു ; പുടിനെതിരെ വിമര്‍ശനമുയരുന്നു

അമേരിക്ക, യു കെ, ഫ്രാന്‍സ് രാജ്യങ്ങളടക്കം റഷ്യക്കെതിരെ വിമര്‍ശനം ഉന്നയിച്ചു.

യുക്രൈന്‍ തലസ്ഥാനമായ കീവില്‍ റഷ്യയുടെ ശക്തമായ വ്യോമാക്രമണത്തില്‍ നാല് കുട്ടികളുള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെട്ടതില്‍ അതിശക്ത വിമര്‍ശനം. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കവെ നടത്തിയ ആക്രമണത്തില്‍ റഷ്യക്കെതിരെ വിവിധ ലോക രാജ്യങ്ങള്‍ വിമര്‍ശനം കടുപ്പിച്ച് രംഗത്തെത്തി. 

നയതന്ത്ര ചര്‍ച്ചകള്‍ക്ക് പകരം റഷ്യ മിസൈലുകള്‍ തെരഞ്ഞെടുത്തുവെന്ന വിമര്‍ശനവുമായി യുക്രൈന്‍ പ്രസിഡന്റ് വ്‌ലോഡിമിര്‍ സെലന്‍സ്‌കിയാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ അമേരിക്ക, യു കെ, ഫ്രാന്‍സ് രാജ്യങ്ങളടക്കം റഷ്യക്കെതിരെ വിമര്‍ശനം ഉന്നയിച്ചു.

സമാധാന ശ്രമങ്ങള്‍ക്ക് പുടിന്‍ തുരങ്കം വയ്ക്കുകയാണെന്നാണ് യു കെ പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍ കുറ്റപ്പെടുത്തിയത്. യു കെയിലെ റഷ്യന്‍ അംബാസഡറെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുമെന്നും യു കെ പ്രധാനമന്ത്രി വ്യക്തമാക്കി. സമാധാനം പുലരാന്‍ റഷ്യക്ക് താത്പര്യമില്ലെന്നാണ് അമേരിക്ക വിമര്‍ശിച്ചത്. സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ നടത്തിയ ആക്രമണം ശരിയായില്ലെന്നതടക്കമുള്ള വിമര്‍ശനങ്ങളാണ് ഫ്രാന്‍സ് മുന്നോട്ട് വച്ചത്.

facebook twitter