ചായക്കട നടത്തിവന്നിരുന്ന സ്ത്രീകളെ അക്രമിക്കുകയും കട അടിച്ച് തകർക്കുകയും ചെയ്ത സംഭവത്തിൽ സഹോദരങ്ങൾ അറസ്റ്റിൽ. വാപ്പാല സ്വാമി മുക്കിൽ അനന്ദുഭവനിൽ അമൽ (25), അനന്ദു (25) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ലളിതയും മരുമകളും ചേർന്ന് നടത്തുന്ന ചായക്കടയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അമലും, അനന്ദുവും സ്ഥിരമായി കടം പറ്റുമായിരുന്നു. ആഴ്ചയിൽ ഒരിക്കലാണ് പറ്റ് തീർത്തിരുന്നത്. വെള്ളിയാഴ്ച വൈകീട്ട് കടയിലെത്തി ചായ കുടിക്കുകയും പറ്റ് ബുക്ക് നോക്കിയശേഷം കണക്ക് തെറ്റാണെന്നും അധിക തുകയാണ് എഴുതിയിരിക്കുന്നതെന്നും പറഞ്ഞ് വാക്കേറ്റം ഉണ്ടാവുകയുമായിരുന്നു.
തുടർന്ന് ആക്രമണം നടത്തുകയും ചെയ്തുവെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.