+

പൊങ്കാലയിട്ട് സ്ത്രീകള്‍ വീട്ടിലെത്തും മുന്‍പേ തിരുവനന്തപുരം നഗരം ക്ലീന്‍, മേയര്‍ ആര്യ രാജേന്ദ്രനും തൊഴിലാളികള്‍ക്കും കൈയ്യടിച്ച് സോഷ്യല്‍മീഡിയ, ഇത് ലോകത്തിന് മാതൃകയാകുന്ന മാജിക്

ലക്ഷക്കണക്കിന് സ്ത്രീകള്‍ ലോകമെങ്ങുനിന്നും എത്തിയ ആറ്റുകാല്‍ പൊങ്കാല സമാപിച്ചപ്പോള്‍ തിരുവനന്തപുരം നഗരം മണിക്കൂറുകള്‍ക്കകം ക്ലീനാക്കി കോര്‍പ്പറേഷന്‍.

തിരുവനന്തപുരം: ലക്ഷക്കണക്കിന് സ്ത്രീകള്‍ ലോകമെങ്ങുനിന്നും എത്തിയ ആറ്റുകാല്‍ പൊങ്കാല സമാപിച്ചപ്പോള്‍ തിരുവനന്തപുരം നഗരം മണിക്കൂറുകള്‍ക്കകം ക്ലീനാക്കി കോര്‍പ്പറേഷന്‍. പൊങ്കാലയ്ക്കായി കൊണ്ടുവന്ന അടുപ്പുകളും വിറകുകളും ഇലകളും എന്നുവേണ്ട സ്ത്രീകള്‍ ഉപേക്ഷിച്ചതെല്ലാം കോര്‍പ്പറേഷന്‍ ജീവനക്കാര്‍ ശുചിയാക്കി. കൂടാതെ പൊടിപടലമകറ്റാന്‍ കൃത്രിമ മഴയും പെയ്യിച്ചു.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍ കൃത്യമായ മുന്നൊരുക്കമാണ് പൊങ്കാലയ്ക്കായി നടത്തിയത്. പരാതികള്‍ക്കൊന്നും ഇടംകൊടുക്കാതെ പൊങ്കാല നിര്‍വൃതിയുമായി സ്ത്രീകള്‍ മടങ്ങിയപ്പോള്‍ കോര്‍പ്പറേഷന്‍ തൊഴിലാളികള്‍ നഗരം അതിവേഗം ശുചിയാക്കി.

പൊങ്കാല ലോകത്തിനു മാതൃകയാകും വിധം സുരക്ഷിതത്വവും നഗരത്തിന്റെ ശുചിത്വവും ഉറപ്പാക്കി പൂര്‍ത്തിയാക്കാന്‍ സംഘാടകര്‍ക്കായത് അഭിമാനകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

ഉത്സവ നടത്തിപ്പിന് കോര്‍പ്പറേഷനും പൊലീസും മറ്റു സര്‍ക്കാര്‍ വകുപ്പുകളും സൗകര്യങ്ങളും പിന്തുണയും നല്‍കി. ഒപ്പം വിവിധ സംഘടനകളും നഗര പൗരാവലിയും പങ്കുചേര്‍ന്നു. ഹരിതചട്ടം കര്‍ശനമായി പാലിച്ചാണ് ഉത്സവത്തിനാവശ്യമായ ക്രമീകരണങ്ങള്‍ സജ്ജമാക്കിയത്.

കോര്‍പറേഷന്റെ ക്രിയാത്മക ഇടപെടലിനെ മന്ത്രി എം ബി രാജേഷും അഭിനന്ദിച്ചു. റോഡ് കഴുകല്‍ ഉള്‍പ്പെടെ നടത്തിയാണ് നഗരത്തെ പൂര്‍വസ്ഥിതിയിലാക്കിയത്. കൃത്യമായ ആസൂത്രണത്തോടെ, മികവാര്‍ന്ന പ്രവര്‍ത്തനം നടത്തിയ മേയര്‍ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള കോര്‍പറേഷനെയും പ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാ ശുചീകരണ തൊഴിലാളികളെയും സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹൃദയപൂര്‍വം അഭിവാദ്യം ചെയ്യുന്നതായി മന്ത്രി പറഞ്ഞു.

പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനും സ്റ്റീല്‍ പാത്രം ഉള്‍പ്പെടെ കൊണ്ടുവരാനും പരമാവധി ആളുകള്‍ ശ്രദ്ധിച്ചിട്ടുണ്ട്. പൊങ്കാലയിടാന്‍ എത്തിയവരും ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തവരും ക്രമീകരണങ്ങളോട് സഹകരിച്ചുവെന്നും മന്ത്രി പറഞ്ഞു.

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷം നഗര വീഥികള്‍ ശുചീകരിക്കുന്നതിന്റെ ഭാഗമായി കോര്‍പറേഷന്‍ നേതൃത്വത്തില്‍ കൃത്രിമ മഴ പെയ്യിച്ചു. ഇഷ്ടികകളും മാലിന്യങ്ങളും നീക്കിയശേഷമാണ് ടാങ്കറുകളില്‍ വെള്ളമെത്തിച്ച് കൃത്രിമ മഴ പെയ്യിച്ചത്.

 

facebook twitter