കൊല്ലം: അതുല്യയുടെ ഭർത്താവ് സതീഷിന് മുൻകൂർ ജാമ്യം ലഭിച്ചത് അറിഞ്ഞിരുന്നില്ലെന്ന് ഷാർജ റോളയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള. നിയമത്തിലെ പഴുതുകളാണ് സതീഷിനെ പോലുള്ള കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണ്. മകളുടെ മരണത്തിന് പിന്നിലെ സത്യം കണ്ടുപിടിക്കണം. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് ഉറച്ച് വിശ്വസിക്കുന്നത്. മരണത്തിന് പിന്നിൽ സതീഷ് തന്നെയാണ്. എന്നായാലും അതിനുള്ള ശിക്ഷ ലഭിക്കും.
സതീഷിന് പരമാവധി ശിക്ഷ നൽകണമെന്നും ജാമ്യം റദ്ദാക്കുന്നതിന് കോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് നിയമവിദഗ്ദരുമായി ആലോചിക്കുമെന്നും രാജശേഖരൻ പിള്ള പറഞ്ഞു.
അതേസമയം, തേവലക്കര കോയിവിള സ്വദേശിനി അതുല്യയെ ഷാർജ റോളയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവ് സതീഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.പ്രതിക്ക് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എൻ.വി. രാജു വെള്ളിയാഴ്ച ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച പുലർച്ചെ സതീഷ് നാട്ടിലെത്തിയത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ഇയാളെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച് വലിയതുറ പൊലീസിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ. അബ്ദുൽവഹാബിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കൊല്ലത്തെത്തിച്ച് ചോദ്യം ചെയ്യുകയും അറസ്റ്റ് നടപടികൾ പൂർത്തിയാക്കി ജാമ്യവ്യവസ്ഥയിൽ വിട്ടയക്കുകയുമായിരുന്നു.
അതുല്യയുടേത് കൊലപാതകമാണെന്നതിന് തെളിവില്ലെന്നും സതീഷ് കുറ്റക്കാരനാണെന്ന് ദുബൈ പൊലീസ് കണ്ടെത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്. രണ്ടുലക്ഷം രൂപയും രണ്ട് ആൾ ജാമ്യവുമാണ് ഉപാധി. അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നായിരുന്നു കോടതി ഉത്തരവ്. 10 ദിവസത്തിനുള്ളിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ ജൂലൈ 19നാണ് തേവലക്കര സ്വദേശി അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ അതുല്യയെ ഭർത്താവ് സതീഷ് ഉപദ്രവിക്കുന്ന ദൃശ്യങ്ങളും ശരീരത്തിൽ മർദനമേറ്റതിന്റെ വീഡിയോകളും പുറത്തുവന്നിരുന്നു