ഓസ്‌ട്രേലിയന്‍ മന്ത്രിയായ പാലാക്കാന്‍ ജിന്‍സണ്‍ ആന്റോയ്ക്ക് കൊച്ചിയില്‍ വന്‍ വരവേല്‍പ്പ്

08:35 AM Jan 12, 2025 | Suchithra Sivadas

 ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിറ്ററി സംസ്ഥാനത്ത് പൊതുതെരഞ്ഞെടുപ്പിലൂടെ വിജയിച്ച മന്ത്രി ജിന്‍സണ്‍ ആന്റോ ചാള്‍സിന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. മന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലേക്ക് എത്തുന്ന ജിന്‍സനെ കാത്ത് സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെടെ നിരവധി ആളുകള്‍ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ജിന്‍സണ്‍ കൊച്ചിയില്‍ എത്തിയത്. 

അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ നഴ്‌സിങ് പഠനവും പരിശീലനവും പൂര്‍ത്തിയാക്കിയ ജിന്‍സന് അങ്കമാലിയില്‍ വലിയ സുഹൃത്വലയം തന്നെയുണ്ട്. ജിന്‍സന്റെ സഹോദരന്‍ ജിയോ ടോം ചാള്‍സ്, ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രി പിആര്‍ഒ ബാബു തോട്ടുങ്ങല്‍, നെടുമ്പാശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്റ് ഷിബു മൂലന്‍, മമ്മൂട്ടി ഫാന്‍സ് ഓസ്ട്രേലിയ ഘടകം പ്രസിഡന്റ് മദനന്‍ ചെല്ലപ്പന്‍, ജര്‍മനിയില്‍ നിന്നുള്ള മലയാളി സംഘടനാ നേതാവും പഴയ സഹപാഠിയുമായ  ജോസഫ് സണ്ണി മുളവരിക്കല്‍ യുഎന്‍എ സ്ഥാപക നേതാവായിരുന്ന ബെല്‍ജോ ഏലിയാസ് തുടങ്ങിയവരെല്ലാം ഓസ്‌ട്രേലിയന്‍ മലയാളി മന്ത്രിയെ കാണാന്‍ എത്തി. 

ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിറ്ററി പാര്‍ലമെന്റില്‍ സാന്‍ഡേഴ്‌സ് സണ്‍ മണ്ഡലത്തില്‍ നിന്ന് ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയുടെ പ്രതിനിധിയായി വന്‍ ഭൂരിപക്ഷത്തില്‍ സ്റ്റേറ്റ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജിന്‍സനെ പാര്‍ട്ടി സുപ്രധാന വകുപ്പുകള്‍ നല്‍കി മന്ത്രിയാക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ച എട്ടംഗ മന്ത്രിസഭയിലാണ് ജിന്‍സണ്‍ ഇടംപിടിച്ചത്. പുതിയ മന്ത്രിസഭയില്‍ കായികം, കല, സാംസ്‌കാരികം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് ജിന്‍സണ് ലഭിച്ചിരിക്കുന്നത്. ഓസ്ട്രേലിയയില്‍ ഒരു ഇന്ത്യന്‍ വംശജന്‍ മന്ത്രിയായത് ഇതാദ്യമാണ്. പാലാ മൂന്നിലവ് സ്വദേശിയായ ജിന്‍സന്‍ 2012ലാണ് ഓസ്ട്രേലിയയില്‍ എത്തിയത്.