
കൊച്ചി: വിമാനത്താവള യാത്രയിലെ അപകട സാധ്യതയെക്കുറിച്ച് മുന്നറിയിപ്പുമായി മുരളി തുമ്മാരുകുടി. ഓച്ചിറ സ്വദേശി പ്രിന്‍സും കുടുംബവും വിമാനത്താവളത്തില്‍ ചെന്ന് മടങ്ങിവരുന്നതിനിടെ ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് യുഎന്‍ ദുരന്തനിവാരണ കമ്മറ്റി അധ്യക്ഷനായിരുന്ന മുരളി തുമ്മാരുകുടി പ്രതികരിച്ചത്. പ്രിന്‍സും രണ്ടു മക്കളും അപകടത്തില്‍ മരിച്ചിരുന്നു.
വിമാനത്താവളത്തില്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയുമെല്ലാം യാത്രയാക്കാനും സ്വീകരിക്കാനും പോകുന്നത് പരമാവധി ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിലേക്കോ അവിടെനിന്നും വീട്ടിലേക്കോ പോകുന്നവര്‍ പരമാവധി പ്രൊഫഷണല്‍ ഡ്രൈവര്‍മാരെ ഉപയോഗിക്കുക. പ്രൊഫഷണല്‍ അല്ലാത്തവര്‍ രാത്രി വണ്ടി ഓടിക്കുന്നത് അപകട സാധ്യത കൂട്ടുമെന്ന് മുരളി തുമ്മാരുകുടി ചൂണ്ടിക്കാട്ടി.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
ഒഴിവാക്കാവുന്ന വിമാനത്താവള യാത്രകള്‍
ഇന്നലെ രാത്രി മൂന്നു മണിക്കാണ് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. ഇമ്മിഗ്രേഷന്‍ ഏറെ വൈകി. പുറത്തിറങ്ങിയപ്പോള്‍ നാലു മണി കഴിഞ്ഞു.
ഇന്നലെ പതിവില്ലാതെ ആളുകളെ സ്വീകരിക്കാന്‍ വന്നവരുടെ വലിയ ആള്‍ക്കൂട്ടം ഉണ്ടായിരുന്നു (എന്നെ സ്വീകരിക്കാനല്ല, പൊതുവെ). കോവിഡ് കാലത്ത് ഈ തിരക്ക് ഏറെ കുറഞ്ഞതാണ്. ഓണമായതിനാലാകും, അതോ പഴയ ശീലങ്ങള്‍ തിരിച്ചു വന്നതാണോ?.
വിമാനത്താവളത്തിലേക്ക് യാത്രയയപ്പിനും സ്വീകരണത്തിനുമായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും വരുന്നത് ഒഴിവാക്കണമെന്ന് പത്തുവര്‍ഷത്തിലേറെയായി പറയുന്നു. ഇന്നലത്തെ തിരക്ക് കണ്ടപ്പോള്‍ ഇനി അപകടങ്ങള്‍ കൂടും, ഇത് സ്വയം നിയന്ത്രിക്കണം എന്നൊരു പോസ്റ്റ് ഇടണമെന്നു കരുതി.
എന്നെ സ്വീകരിക്കാനോ യാത്രയയയ്ക്കാനോ ബന്ധുക്കളോ സുഹൃത്തുക്കളോ വരരുതെന്ന് കര്‍ശന നിര്‍ദ്ദേശം ഉള്ളതിനാല്‍ ആരുമുണ്ടായില്ല. ഒരു യൂബര്‍ എടുത്തു. യൂബറില്‍ ഉറപ്പായും പുറകിലെ സീറ്റ്‌ബെല്‍ട്ട് ഉണ്ടാകും, റൂട്ട് മാപ്പ് ഉപയോഗിക്കുന്ന ഡ്രൈവറാകും, കൃത്യ സ്ഥലം ആദ്യമേ പറയുന്നത് കൊണ്ട് അവസാനം യാത്രാക്കൂലിയുടെ പേരില്‍ വഴക്ക് ഉണ്ടാവില്ല. നമ്മുടെ റൂട്ട്മാപ്പും ഡ്രൈവറുടെ വിവരങ്ങളും ഒറ്റ ക്ലിക്കില്‍ ഷെയര്‍ ചെയ്യാനുള്ള പുതിയ സുരക്ഷാ സംവിധാനവും ഇത്തരം ആപ്പുകളിലുണ്ട്.
വിമാനത്താവളത്തിലേക്കോ അവിടെനിന്നും വീട്ടിലേക്കോ പോകുന്നവര്‍ പരമാവധി പ്രൊഫഷണല്‍ ഡ്രൈവര്‍മാരെ ഉപയോഗിക്കുക. എറണാകുളത്ത് യൂബറും എയര്‍പോര്‍ട്ട് പ്രി പെയ്ഡ് ടാക്‌സിയും ഒക്കെ എടുത്താല്‍ വളരെ ന്യായമായ ചിലവും മാന്യമായ പെരുമാറ്റവുമാണ്.
കുടുംബവും കൂട്ടുകാരും വിമാനത്താവളത്തിലേക്ക് വരുന്നതും (പ്രത്യേകിച്ച് രാത്രിയിലും വെളുപ്പിനും), സ്വന്തം ജില്ലക്ക് പുറത്ത് പരിചയമില്ലാത്ത റൂട്ടില്‍ ദൂരയാത്ര പോകുന്നതും, പ്രൊഫഷണല്‍ അല്ലാത്തവര്‍ രാത്രി വണ്ടി ഓടിക്കുന്നതും എല്ലാം അപകട സാധ്യത കൂട്ടും.