കൊച്ചി: ഹാരിസ് ചിറക്കലിന്റെ വിമര്‍ശനത്തിന് പിന്നാലെ കേരളത്തിലെ സര്‍ക്കാര്‍ ആരോഗ്യ സംവിധാനത്തെ ഒന്നാകെ ഇടിച്ചുതാഴ്ത്തുന്ന രീതിയിലുള്ള പ്രചരണം ശരിയല്ലെന്ന് മാതൃഭൂമി ന്യൂസിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി ബാലഗോപാല്‍. ഡല്‍ഹി റിപ്പോര്‍ട്ടറായ ബാലഗോപാല്‍ തന്റെ മറുനാടന്‍ അനുഭവം വെച്ചാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മറ്റു സംസ്ഥാനങ്ങളിലെ ചികിത്സാ ചെലവും നിലവാരവും താരതമ്യം ചെയ്താല്‍ കേരളം സ്വര്‍ഗമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ബി ബാലഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
അവിശ്വസനീയമായ നിരക്കില്‍ ഉന്നത നിലവാരമുള്ള ചികിത്സ ലഭിക്കുന്ന സര്‍ക്കാര്‍ ആശുപത്രികള്‍. കേരളം നമ്പര്‍ വണ്‍ തന്നെയാണ്'
കേരളത്തിലെ ആരോഗ്യ മേഖലയെ സംബന്ധിച്ച ചര്‍ച്ചയാണെല്ലോ ഇപ്പോഴത്തെ ട്രെന്‍ഡ്. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെ സംബന്ധിച്ച് വ്യക്തിപരമായ ചില അനുഭവങ്ങള്‍ ഉണ്ട്. ആ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പോസ്റ്റിന് ഒരു തലക്കെട്ട് ഇട്ടത്.
ഇത്തവണ അവധിക്ക് നാട്ടില്‍ എത്തിയതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് കണ്ണിന്റെ ചികത്സയാണ്.
2018 മുതല്‍ ഇടയ്ക്കിടെയ്ക്ക് ഒരു ബുദ്ധിമുട്ട് കണ്ണുകളെ അലട്ടാറുണ്ട്. ആദ്യം ചികിത്സ AIIMS ല്‍ ആയിരുന്നു. പിന്നീട് ഒരു സ്‌പെഷ്യലിസ്റ്റ് ഐ റിസര്‍ച്ച് സെന്ററിലേക്ക് മാറ്റി. ചികിത്സിക്കുമ്പോള്‍ അസുഖം മാറും. പിന്നീട് കുറച്ച് കാലം കഴിയുമ്പോള്‍ വീണ്ടും അതെ ബുദ്ധിമുട്ട് വരും. ഇടയ്ക്ക് തിരുവനന്തപുരത്ത് വരുമ്പോള്‍ കണ്ണാശുപത്രിയില്‍ പോയി കണ്ണ് പരിശോധനയ്ക്ക് വിധേയനാകണമെന്ന് കരുതും. പക്ഷേ നടക്കാറില്ല. എന്നാല്‍ ഇത്തവണ കണ്ണാശുപത്രിയില്‍ (Regional Institute of Ophthalmology) പോയി ഡോ ചിത്രയെ കണ്ടു. ചില ടെസ്റ്റുകള്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. ആ പരിശോധനകളില്‍ ചിലത് കഴിഞ്ഞു. ഇനിയും ചിലത് കഴിയാനുണ്ട്. . എന്റെ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ.
ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്ത് വന്ന് വിദഗ്ദ്ധ ചികത്സ നടത്തണമോയെന്ന സംശയം ചിലര്‍ക്കെങ്കിലും കാണും. രണ്ട് കാരണങ്ങളാലാണ് ചികിത്സ ഞാന്‍ കേരളത്തിലേക്ക് മാറ്റിയത്. ഒന്ന് കേരളത്തിലെ പൊതു ആരോഗ്യ സംവിധാനത്തിലുള്ള വിശ്വാസം. രണ്ടാമത്തേത് ചികിത്സ ചെലവ്. കഴിഞ്ഞ കുറെ വര്ഷങ്ങളായി കണ്ണിന്റെ ചികത്സ നടത്തുന്നത് കൊണ്ട് ചികിത്സയ്ക്ക് വരുന്ന ചെലവിനെ കുറിച്ച് ഏകദേശ ധാരണ ഉണ്ട്. വ്യക്തിപരമായ അനുഭവത്തില്‍ നിന്ന് ഉറപ്പിച്ച് പറയാനാകും 'അവിശ്വസനീയമായ നിരക്കില്‍ ഉന്നത നിലവാരമുള്ള ചികിത്സ ലഭിക്കുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ ഇപ്പോഴും കേരളത്തില്‍ തന്നെയാണ് ഉള്ളത്.
ഒരു അപകടം ഉണ്ടായതിനെ തുടര്‍ന്ന് സമീപകാലത്ത് എന്റെ ഒരു സുഹൃത്തിനെ ഡല്‍ഹി സര്‍ക്കാരിന്റെ കീഴിയിലുള്ള പ്രശസ്തമായ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട വിവരം അറിഞ്ഞ് ഞങ്ങള്‍ കുറച്ച് പേര് ആ ആശുപത്രിയില്‍ എത്തി. ഞങ്ങള്‍ എത്തുന്നതിനും ഏതാണ്ട് അര മണിക്കൂര്‍ മുമ്പാണ് എന്റെ സുഹൃത്തിനെ അവിടെ പ്രവേശിപ്പിച്ചത്. ഞങ്ങള്‍ എത്തി ഒരു പതിനഞ്ച് മിനുട്ട് കഴിഞ്ഞിട്ടും ഒരു ഡോക്ടര്‍ പോലും അങ്ങോട്ട് തിരിഞ്ഞ് നോക്കിയത് പോലുമില്ല. ഏതായാലും കുറച്ച് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ തന്നെ ആ സുഹൃത്തിനെ ഒരു സ്വകാര്യ ആശുപ്രത്രിയിലേക്ക് മാറ്റി. അതൊക്കെ വച്ച് നോക്കുമ്പോള്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ സ്വര്‍ഗ്ഗമാണ്. മിക്ക അവധികള്‍ക്കും നാട്ടില്‍ എത്തുമ്പോള്‍ എന്തെങ്കിലും കാര്യങ്ങള്‍ക്കോ, ആരെയെങ്കിലും കാണനോ ഒക്കെ തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജിലും, ജനറല്‍ ആശുപത്രിയിലുമൊക്കെ പോകാറുണ്ട്. വിപ്ലവകരമായ മാറ്റങ്ങളാണ് നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ സമീപ കാലത്ത് ഉണ്ടായിട്ടുള്ളത് എന്നാണ് എന്റെ അഭിപ്രായം.
ഈ അഭിപ്രായത്തില്‍ ഞാന്‍ എത്തി ചേര്‍ന്നതും ചില വ്യക്തിപരമായ അനുഭവങ്ങള്‍ കാരണമാണ്.
മുമ്പൊക്കെ സര്‍ക്കാര്‍ ആശുപത്രികളില്‍ പല പരിശോധനകളും പുറത്തെ ലാബുകളില്‍ നടത്താന്‍ കുറിപ്പ് തരുമായിരുന്നു. ഇത്തവണ കണ്ണാശുപത്രിയില്‍ പോയപ്പോള്‍ എല്ലാ പരിശോധനയും അവിടെ തന്നെയാണ് നടത്തിയത്. കണ്ണുശുപത്രിയിലെ ലാബില്‍ ഇല്ലാത്ത പരിശോധനക്ക് ഉള്ള സാമ്പിളുകള്‍ രാജീവ് ഗാന്ധി ബയോടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലാബില്‍ അയച്ചാണ് പരിശോധിക്കുന്നത്. ഇതിനുള്ള സാമ്പിളുകള്‍ കണ്ണ് ആശുപത്രിയില്‍ തന്നെയാണ് എടുക്കുന്നത്. സ്വകാര്യ ലാബുകളെ കാള്‍ കുറഞ്ഞ നിരക്കാണ് ഈ സര്‍ക്കാര്‍ ലാബുകള്‍ ഈടാക്കുന്നത്.
നെഗറ്റീവ് കാര്യങ്ങള്‍ തേടി അലയുന്നവര്‍ക്ക് ആണെങ്കില്‍ പരാതി പറയാനുള്ള പല കാര്യങ്ങളും ഉണ്ട്.
ഡോക്ടറുടെ കണ്‍സള്‍ട്ടിങ് റൂം രണ്ടാം നിലയിലാണ്. ടെസ്റ്റ് എടുക്കാന്‍ ഒന്നാം നിലയില്‍ പോകണം. ബില്‍ അടയ്ക്കാന്‍ താഴത്തെ നിലയില്‍ പോകണം. പിന്നീട് ഡോക്ടറെ കാണാന്‍ രണ്ടാം നിലയില്‍ വരണം തുടങ്ങിയ പല പരാതികളൊക്കെ പറയാം. പക്ഷേ ഇത്രയും നല്ല ചിക്തിസ ലഭ്യമാകുന്ന കേരളത്തിലെ പൊതു ആരോഗ്യ സംവിധാനത്തെയും സര്‍ക്കാര്‍ ആശുപത്രികളെയും അങ്ങനെ കാടടച്ച് കുറ്റം പറയുന്നതിനോട് സ്‌നേഹപൂര്‍വ്വം വിയോജിക്കുന്നു.
.
പനി ഉള്‍പ്പടെയുള്ള അസുഖങ്ങള്‍ വരുമ്പോള്‍ ഡല്‍ഹിയിലെ ആം ആദ്മി ക്ലിനിക്കുകളില്‍ ചികിത്സ തേടിയിട്ടുണ്ട്. കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ചിക്തിസയ്ക്കായി പോയിട്ടുണ്ട്. രണ്ടിന്റെയും വ്യത്യാസം നേരിട്ട് അറിയാം. കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും, ജില്ലാ ആരോഗ്യ കേന്ദ്രങ്ങളുമൊക്കെ മറ്റ് സംസ്ഥാനങ്ങളിലെ സംവിധാനങ്ങളില്‍ നിന്നും ബഹുദൂരം മുന്നിലാണ്. ഒന്നര വര്ഷം മുമ്പാണ് അച്ഛന്റെ മരണം. അവസാന മാസങ്ങളില്‍ അച്ഛന്റെ ചികിത്സ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആയിരുന്നു. ആദ്യം പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍, പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍, അവിടെ നിന്ന് RCC യില്‍. അച്ഛന് മികച്ച ചികിത്സയാണ് ഈ ആശുപത്രികളില്‍ നിന്നെല്ലാം ലഭിച്ചത് . ഡോ ഉണ്ണികൃഷ്ണന്‍ (പേരൂര്‍ക്കട ജില്ലാ ആശുപത്രി) ഡോ കൃഷ്ണ ദാസ് ( മെഡിക്കല്‍ കോളേജ്) തുടങ്ങി അച്ഛനെ അവസാന നാളുകളില്‍ ചികിത്സിച്ച പല ഡോക്ടര്മാരോടും എത്ര നന്ദി പറഞ്ഞാലും മതി വരില്ല.
വ്യക്തിപരമായ ഇത്തരം അനുഭവങ്ങള്‍ ഉള്ളത് കൊണ്ടാകും കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളും, പൊതു ആരോഗ്യ സംവിധാനങ്ങളും തകര്‍ന്നെന്ന വാദത്തോട് യോജിക്കാന്‍ കഴിയാത്തത്. ചെറിയ പോരായ്മകളെക്കാളും, കേരളം ആരോഗ്യ മേഖലയില്‍ കൈവരിക്കുന്ന നേട്ടങ്ങളിലാണ് മലയാളിയെന്ന നിലയില്‍ എന്റെ അഭിമാനം.