'മാംസം കഴിക്കുന്ന ബാക്ടീരിയ'; മുംബൈയിൽ മത്സ്യത്തൊഴിലാളിക്ക് കാലിന്റെ ഒരുഭാഗം നഷ്ടപ്പെട്ടു

03:09 PM Aug 04, 2025 | Kavya Ramachandran

മുംബൈ: 'മാംസം കഴിക്കുന്ന ബാക്ടീരിയ' എന്ന് അറിയപ്പെടുന്ന അപൂർവയിനം ബാക്ടീരിയ മൂലമുണ്ടായ അണുബാധയെ തുടർന്ന് മുംബൈയിൽ മത്സ്യത്തൊഴിലാളിക്ക് ഇടത് കാൽപ്പാദത്തിന്റെ ഒരു ഭാഗം നഷ്ടമായി. വിബ്രിയോ വൾനിഫിക്കസ് എന്ന ബാക്ടീരിയയാണ് ഇദ്ദേഹത്തെ ബാധിച്ചത്. 20 ദിവസം നീണ്ട ചികിത്സയ്ക്ക് ശേഷം ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു.

തീരപ്രദേശത്ത് കാണുന്ന ബാക്ടീരിയയാണ് വിബ്രിയോ വൾനിഫിക്കസ്. കോളറയ്ക്ക് കാരണമാകുന്ന ബാക്ടീരിയയുടെ അതേ കുടുംബത്തിൽപ്പെട്ടതാണ് വിബ്രിയോ വൾനിഫിക്കസ്. മലിനമായ ഉപ്പുവെള്ളത്തിലിറങ്ങുമ്പോൾ തൊലിയിലെ മുറിവുകളിലൂടെ അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്. ഇന്ത്യയിൽ, നേരത്തെയും ഈ അണുബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ജൂൺ 26-ന് മരണാസന്നനായ അവസ്ഥയിലാണ് മത്സ്യത്തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഇടത് കാലിൽ ഗുരുതരമായ മുറിവുണ്ടായിരുന്നു. അണുബാധ ശരീരം മുഴുവൻ പടരുകയാണെന്നും രക്തസമ്മർദ്ദം കുറവാണെന്നും മനസ്സിലാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വർളി തീരത്ത് പതിവ് മത്സ്യബന്ധനത്തിന് പോയപ്പോൾ കാൽപ്പാദത്തിലേറ്റ നിസ്സാരമായ പരിക്കിനെ തുടർന്നാണ് അദ്ദേഹത്തിന് അണുബാധയുണ്ടായതെന്ന് പിന്നീട് ഡോക്ടർമാർ മനസ്സിലാക്കി. തുടർന്ന്, ആവശ്യമായ പരിശോധനകൾക്ക് ശേഷം കൃത്യമായ ചികിത്സ നൽകുകയായിരുന്നു.

കൃത്യസമയത്ത് രോ​ഗാണുവിനെ തിരിച്ചറിഞ്ഞ് ശരിയായ ചികിത്സ നൽകിയില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ ശരീരത്തിലുടനീളം വിബ്രിയോ വൾനിഫിക്കസ് വ്യാപിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ഇവിടെ രോ​ഗാണുവിനെ തിരിച്ചറിഞ്ഞെങ്കിലും അപ്പോഴേക്ക് അണുബാധ രക്തത്തിലും ശ്വാസകോശത്തിലും പടർന്നിരുന്നു. ഇതോടെ, ഏഴ് ദിവസം അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച് ചികിത്സിച്ചിരുന്നു.