കൊച്ചി: സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെ പരാതി നൽകാൻ ഒരുങ്ങി ഹണി റോസ്. ഹണി റോസിന്റെ വീഡിയോകൾക്ക് മോശം തമ്പ്നെയിൽ ഇട്ട 20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ പൊലീസിന് കൈമാറും.
അതേസമയം നടി നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ഇന്ന് അന്വേഷണ സംഘത്തിന് ലഭിക്കും. ഇത് പരിശോധിച്ച് കൂടുതൽ വകുപ്പുകൾ ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്താനുള്ള സാധ്യതയും പൊലീസ് തേടുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
മേപ്പാടിയിലെ ബോച്ച് തൗസന്‍റ് ഏക്കര്‍ റിസോര്‍ട്ട് വളപ്പിൽ വെച്ച് അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ രാത്രി 7 മണിക്ക് ശേഷമാണ് കൊച്ചിയിലെത്തിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇദ്ദേഹത്തിൻ്റെ മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. ഇത് ഫോറൻസിക് പരിശോധനയ്ക്കായി അയക്കും. കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പ്രത്യേക അന്വേഷണ സംഘം ബോബി ചെമ്മണ്ണൂരിനെ രാത്രി മുഴുവൻ ചോദ്യം ചെയ്തു.