ഹൈദരാബാദ് : ബാഡ്‌മിൻ്റൺ കളിക്കിടെ ഹൃദയാഘാതമുണ്ടായി 25കാരൻ മരിച്ചു. ഡബിൾസ് മത്സരത്തിനിടെ തറയിൽ വീണ ഷട്ടിൽകോക്ക് എടുക്കാൻ കുനിഞ്ഞ രാകേഷ് അവിടെ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ഹൈദരാബാദിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനും കമ്മം ജില്ലയിലെ തല്ലഡയിൽ മുൻ ഡപ്യൂട്ടി സർപഞ്ച് ഗുണ്ട്‌ല വെങ്കിടേശ്വരലുവിൻ്റെ മകനുമായ ഗുണ്ട്‌ല രാകേഷാണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം.
ഹൈദരാബാദിലെ നാഗോൽ സ്റ്റേഡിയത്തിൽ ബാഡ്‌മിൻ്റൺ കളിച്ചുകൊണ്ടിരിക്കെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന കളിക്കാർ ഉടനെ രാകേഷിനടുത്തേക്ക് ഓടിയെത്തി. ഇവർ സിപിആർ നൽകാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയെത്തുമ്പോഴേക്കും യുവാവിന് മരണം സംഭവിച്ചിരുന്നു.