+

സിബിഐ റിപ്പോർട്ട് അംഗീകരിക്കരുത്'; കോടതിയില്‍ മാത്രമാണ് ഇനി പ്രതീക്ഷ , ബാലഭാസ്‌കറിന്റെ മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ്

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ് കെ സി ഉണ്ണി കോടതിയില്‍. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പിതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണം. സിബിഐ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ് കെ സി ഉണ്ണി കോടതിയില്‍. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പിതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണം. സിബിഐ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

പൊലീസിന് പുറമേ ബാലഭാസ്‌കറിന്റേത് അപകട മരണമെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നും സിബിഐ കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് സിബിഐ കഴിഞ്ഞ വര്‍ഷം സിജെഎം കോടതിയില്‍ പുനരന്വേഷണ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. ഇതിനെതിരെയാണ് ബാലഭാസ്‌കറിന്റെ പിതാവ് കോടതിയെ സമീപിച്ചത്.

കോടതിയില്‍ മാത്രമാണ് ഇനി പ്രതീക്ഷയുള്ളതെന്ന് കെ സി ഉണ്ണി റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. സിബിഐ നടത്തിയ അന്വേഷണത്തില്‍ വിശ്വാസമില്ല. കോടതിയാണ് ഇനി തീരുമാനമെടുക്കേണ്ടത്. കോടതി വിഷയത്തില്‍ ഇടപെട്ടാല്‍ പോലും അന്വേഷണ ഉദ്യോഗസ്ഥര്‍ നീതിപൂര്‍വം ഇടപെടണമെന്നില്ല. ഉദ്യോഗസ്ഥര്‍ സത്യസന്ധമായി അന്വേഷണം നടത്തണം. കോടതിയോട് അപേക്ഷിക്കാന്‍ മാത്രമാണ് നമുക്ക് സാധിക്കുന്നത്. അതില്‍ കൂടുതല്‍ ഒന്നും ചെയ്യാനില്ല. കോടതി ശക്തമായി ഇടപെട്ടാല്‍ ചിലപ്പോള്‍ സത്യം പുറത്തുവരും. കോടതിയുടെ മേല്‍ നോട്ടത്തില്‍ അന്വേഷണം വേണമെന്നും കെ സി ഉണ്ണി ആവശ്യപ്പെട്ടു.


2018 സെപ്റ്റംബര്‍ 25നായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപം അപകടത്തില്‍പ്പെട്ടത്. ചികിത്സയിലിരിക്കെ ഒക്ടോബര്‍ രണ്ടാം തീയതി ബാലഭാസ്‌കറും മകള്‍ തേജസ്വിനി ബാലയും മരിച്ചു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിക്കും ഡ്രൈവറായിരുന്ന അര്‍ജുനും പരിക്കേറ്റിരുന്നു. ഇതിന് ശേഷം ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളായിരുന്നു ഉയര്‍ന്നത്. ബാലഭാസ്‌കറിനെ ഒരു സംഘം അപായപ്പെടുത്തിയതാണെന്ന ആരോപണവുമായി കലാഭവന്‍ സോബി രംഗത്തെത്തിയിരുന്നു. 

ബാലഭാസ്‌കറിന്റേത് അപകട മരണമെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. ഇതിനെതിരെ ബാലഭാസ്‌കറിന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചു. കേസ് സിബിഐ അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കേസ് പുനഃപരിശോധിച്ച സിബിഐയും ബാലഭാസ്‌കറിന്റേത് അപകട മരണമെന്ന നിഗമത്തില്‍ എത്തുകയായിരുന്നു.

facebook twitter