
പാകിസ്ഥാന്റെ ആഭ്യന്തര ശത്രുക്കളും രാജ്യത്തെ ഭരണകൂടത്തിന് നിരന്തരം വെല്ലുവിളി ഉയര്‍ത്തുന്നതുമായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയെ ഭീകരരായി പ്രഖ്യാപിച്ച് അമേരിക്ക. ഇവരുടെ തന്നെ സഖ്യകക്ഷിയായ മജീദ് ബ്രിഗേഡിനെയും ഭീകര പട്ടികയിലുള്‍പ്പെടുത്തി. പാകിസ്ഥാനെ സംബന്ധിച്ച് ഏറെ ആശ്വാസകരവും ആഹ്ലാദകരവുമായി അമേരിക്കയുടെ പ്രഖ്യാപനം. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിക്ക് എല്ലാ സഹായവും നല്‍കുന്നത് ഇന്ത്യയാണെന്നാണ് എന്നും പാകിസ്ഥാന് ആരോപിക്കുന്നത്.
പാകിസ്ഥാനില്‍ 2019 മുതല്‍ പലവിധ ആക്രമണങ്ങളില്‍ ബിഎല്‍എ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നുവെന്ന് അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ ചൂണ്ടിക്കാട്ടി. 2024 ല്‍ കറാച്ചി വിമാനത്താവളത്തിന് സമീപത്തും ഗ്വാദര്‍ തുറമുഖത്തും നടന്ന ചാവേര്‍ ആക്രമണം, 2025 ല്‍ നടന്ന ജാഫര്‍ എക്സ്പ്രസ് ട്രെയിന്‍ അട്ടിമറി അടക്കം നിരവധി സംഭവങ്ങള്‍ക്ക് പിന്നില്‍ ഇവരായിരുന്നു.
ഭീകരവാദത്തിനെതിരായ ട്രംപ് ഭരണകൂടത്തിന്റെ കടുത്ത നിലപാടിന്റെ തെളിവാണ് ഈ തീരുമാനമെന്ന് മാര്‍കോ റൂബിയോ വിശദീകരിച്ചു. ഈ സംഘത്തെ പാകിസ്ഥാന് നേരത്തെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.