+

നേന്ത്രപ്പഴം കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമോ?

നേന്ത്രപ്പഴം കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമോ?

ജീവിതശൈലീരോഗങ്ങളുടെ കൂട്ടത്തിലാണ് നാം ബിപിയും ഉള്‍പ്പെടുത്താറ്. എങ്കിലും ഒരിക്കലും നിസാരമായി കണക്കാക്കാന്‍ സാധിക്കാത്തൊരു അസുഖമാണിത്. കാരണം ബിപി അസാധാരണമാം വിധം കൂടുന്നതും കുറയുന്നതും നമ്മെ വളരയധികം ദോഷകരമായി ബാധിക്കും.

ഹൃദയാഘാതത്തിലേക്ക് നയിക്കുന്നതില്‍ ബിപിക്കുള്ള പങ്ക് വലുതാണ്. പല കേസുകളിലും ഹൃദയാഘാതത്തിലേക്ക് രോഗിയെ എത്തിക്കുന്ന ബിപിയില്‍ സംഭവിക്കുന്ന വ്യതിയാനമാണ്. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം തന്നെ ബിപി നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.

ബിപി നിയന്ത്രിക്കുന്നതിന് മരുന്നുകളെക്കാള്‍, മെച്ചപ്പെട്ട ജീവിതരീതികളാണ് കൂടുതലും ആവശ്യം.  ഇതില്‍ തന്നെ ഡയറ്റ് അഥവാ നമ്മള്‍ കഴിക്കുന്ന ഭക്ഷണമാണ് ഏറ്റവും പ്രധാനം. ചില ഭക്ഷണങ്ങള്‍ ബിപി വര്‍ധിക്കുന്നതിന് കാരണമാകാറുണ്ട്. ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ടി വരും. അതുപോലെ ചില ഭക്ഷണങ്ങള്‍ ബിപി നിയന്ത്രിക്കുന്നതിനും സഹായകമായിരിക്കും. അത്തരത്തിലുള്ള നാല് ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്...

ഇലക്കറികള്‍: ചീര പോലുള്ള ഇലക്കറികള്‍/പച്ചക്കറികള്‍ ബിപി നിയന്ത്രിക്കുന്നതിന് സഹായകമാണ്. ഇവയില്‍ കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ധാരാളം ആന്‍റി ഓക്സിഡന്‍റുകളെല്ലാം അടങ്ങിയിട്ടുണ്ട്. ഇതില്‍ പൊട്ടാസ്യം ശരീരത്തില്‍ എത്തിയിട്ടുള്ള അധിക സോഡിയത്തെ പുറന്തള്ളുന്നതിന് വൃക്കയെ സഹായിക്കുന്നു. അതുവഴിയാണ് ബിപി നിയന്ത്രിക്കാന്‍ സാധിക്കുന്നത്. സോഡിയം/ഉപ്പ് ബിപി വര്‍ധിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ഘടകമാണ്.

രണ്ട്...

നേന്ത്രപ്പഴം: നേന്ത്രപ്പഴത്തിലും ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതും ബിപി നിയന്ത്രിക്കുന്നതിന് സഹായകമായ ഭക്ഷണമാണ്. ബിപിയുള്ളവര്‍ ദിവസവും ഒരു നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണെന്ന് പറയുന്നത് ഇക്കാരണം കൊണ്ടാണ്. നേന്ത്രപ്പഴം ഉന്മേഷം പകരാനും സന്തോഷം നല്‍കാനുമെല്ലാം കഴിയുന്ന ഭക്ഷണം കൂടിയാണ്.

മൂന്ന്...

ബീറ്റ്റൂട്ട് : ധാരാളം ആരോഗ്യഗുണങ്ങളുള്ളൊരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബിപി നിയന്ത്രിക്കുന്നതിനും ഇത് കഴിക്കാവുന്നതാണ്. ഇതിലടങ്ങിയിരിക്കുന്ന 'നൈട്രിക് ഓക്സൈഡ്' ആണ് ഇതിന് സഹായകമാകുന്നത്. രക്തക്കുഴലുകള്‍ നന്നായി തുറന്ന് രക്തയോട്ടം സുഗമമാകുന്നതിന് ഇത് സഹായകമാകുന്നു. അങ്ങനെയാണ് ബിപി നിയന്ത്രിക്കപ്പെടുന്നത്.

നാല്...

വെളുത്തുള്ളി : കറികളിലെ ചേരുവയാണെങ്കിലും വെളുത്തുള്ളിയെ ഒരു ഔഷധം എന്ന നിലയ്ക്ക് തന്നെയാണ് ഇന്ത്യന്‍ അടുക്കളകളില്‍ കണക്കാക്കപ്പെടാറ്. ബാക്ടീരിയ- ഫംഗസ് പോലുള്ള അണുക്കള്‍ക്കെതിരെ പോരാടാനുള്ള കഴിവുള്ളതിനാലാണ് വെളുത്തുള്ളിയെ ഒരു മരുന്നായി കണക്കാക്കുന്നത്.

ഇതിലടങ്ങിയിരിക്കുന്ന 'നൈട്രിക് ഓക്സൈഡ്'ബിപി നിയന്ത്രിക്കുന്നതിന് സഹായകമാകുന്നുണ്ട്. ഒപ്പം തന്നെ രക്തക്കുഴലുകളും പേശികളുമെല്ലാം 'റിലാക്സ്ഡ്' ആകാൻ ഇത് സഹായിക്കുന്നു. അങ്ങനെയും ബിപി നിയന്ത്രിക്കാൻ വെളുത്തുള്ളി ശ്രമിക്കുന്നു.

facebook twitter