അമിതമായി ഭക്ഷണം കഴിച്ചത് കൊണ്ട് മാത്രമാകില്ല കുടവയർ

03:10 PM Jun 13, 2025 | Kavya Ramachandran

അമിതമായി ഭക്ഷണം കഴിക്കുന്നത് കൊണ്ടാണ് വയർ ചാടുന്നതെന്നും അതിനാൽ തന്നെ ഭക്ഷണം കുറച്ചാൽ വയറും കുറയുമെന്നാണ് നമ്മുടെ ധാരണ. ഇത് ഏറെക്കുറെ ശരിയുമാണ്. എന്നാൽ ഇത് മാത്രമല്ല വയർ ചാടിത്തുടങ്ങിയാൽ വേറെയും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. 

സ്‌ട്രെസ്

നിങ്ങൾക്ക് മാനസിക സമ്മർദം കൂടുമ്പോൾ ശരീരത്തിൽ കോർട്ടിസോൾ എന്ന ഹോർമോൺ അളവ് ഉയരുന്നു. കുടവയറിന് ഇതുമൊരു കാരണമാകാം. പൗച് പോലെ വയർ ചാടുന്നുവെങ്കിൽ സ്‌ട്രെസ് നിയന്ത്രിക്കാൻ ധ്യാനം, യോഗ പോലുള്ള മാർഗങ്ങൾ തേടാം.

സ്ത്രീകളിൽ പിസിഒസ്

സ്ത്രീകളിലെ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ഇൻസുലിൻ റെസിസ്റ്റൻസ് എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. അടിവയർ വല്ലാതെ ചാടിയത് പോലെ തോന്നുന്നതിന് അതും ഒരു കാരണമാകാം.

തൈറോയ്ഡ്

തൈറോയ്ഡ് ഹോർമൺ അളവ് കുറയുന്നത് വയർ ചാടാൻ കാരണമാകും. തൊടുമ്പോൾ വളരെ സോഫ്റ്റായി തോന്നുന്ന വിധത്തിൽ വയർ ചാടി വരികയാണെങ്കിൽ ഇതൊന്ന് പരിശോധിക്കാം.

സ്ത്രീകളിലെ ആർത്തവവിരാമം

ആർത്തവ വിരാമത്തോട് അടുക്കുമ്പോൾ ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാകുന്നതും ഈസ്‌ട്രൊജൻ അളവ് കുറയുന്നതും അടിവയർ ചാടാൻ കാരണമാകുന്നു.

മദ്യപാനം

ഭക്ഷണം നിയന്ത്രിച്ചാണ് കഴിക്കുന്നതെങ്കിലും മദ്യപാനം ഒഴിവാക്കിയില്ലെങ്കിൽ കുടവയർ കുറയ്ക്കാൻ പ്രയാസപ്പെടും. മുൻ ഭാഗത്ത് കൊഴുപ്പടിഞ്ഞ് ഒരു കുടം കണക്കെ വയർ തള്ളി നിൽക്കുന്നത് മദ്യപാനം മൂലമാകാം.