ഓണം ആഘോഷിക്കാൻ നാട്ടിലേത്തേണ്ട ബാംഗ്ലൂർ മലയാളികൾക്ക് യാത്രാദുരിതം: സ്വകാര്യബസുകളിൽ പൂരത്തിരക്ക്

04:01 PM Aug 20, 2025 | AVANI MV

കണ്ണൂർ: കാണം വിറ്റും ഓണം ഉണ്ണണമെന്ന് വെപ്രാളപ്പെട്ട് നാട്ടിലെത്താൻ ഓട്ടം തുടങ്ങിയ ബാംഗ്ലൂരു മലയാളികളിൽ പലർക്കും ഇത്തവണയും വൻ തിരിച്ചടി. ബാംഗ്ലൂർ, കർണാടക ഭാഗങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള ബസുകളെല്ലാം ഇതിനോടകം തന്നെ ബുക്കിങ്ങ് കഴിഞ്ഞത് കൊണ്ടും കേരള ആർ ടി സിയുടെ കൂടുതൽ സ്പെഷ്യൽ ബസുകളില്ലാത്തതും സ്വകാര്യബസുകൾ വൻനിരക്ക് ഈടാക്കുന്നതും മലയാളികൾക്ക് ഇരുട്ടടിയായി. ബാംഗ്ലൂരിൽ നിന്ന് ഓണത്തിന് നാട്ടിലേക്ക് വരാൻ കൊച്ചുവേളിയിലേക്കും തിരിച്ചുമെല്ലാം പ്രഖ്യാപിച്ച സ്പെഷ്യൽ ട്രെയിനുകളുടെ ടിക്കറ്റുകളും ഇതിനോടകം തീർന്നിരിക്കുകയാണ്. സെപ്തംബർ മൂന്ന്, നാല് തിയ്യതികളിൽ കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ ബുക്കിങ്ങ് ആരംഭിച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ തീർന്നു. 

ഓണാഘോഷം കഴിഞ്ഞ് തിരിച്ചുവരാൻ സെപ്തംബർ ഏഴിലേക്കും കർണാടക ആർടിസിയുടെയും കേരള ആർ ടി സിയുടെയും ടിക്കറ്റുകൾ ഇതിനോടകം തീർന്നു കഴിഞ്ഞു.ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമാണ് വർദ്ധിച്ചിരിക്കുന്നത്. മുൻ വർഷങ്ങളിൽ സ്വകാര്യ ബസുകൾ ഈ സീസണിൽ മൂന്നിരട്ടി വരെ  ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. എസി മൾട്ടി ആക്സിൽ ബസുകളിൽ 2500–3500 രൂപവരെയാണു ടിക്കറ്റ് നിരക്ക്. ദിവസം കഴിയുന്തോറും നിരക്ക് ഇനിയും വർദ്ധിപ്പിക്കുവാനാണ് സാധ്യത. വലിയ പണച്ചെലവൊന്നുമില്ലാതെ നാട്ടിലെത്തി വീട്ടുകാരൊടൊപ്പം ഓണമാഘോഷിക്കാൻ ഉത്സാഹിക്കുന്ന ബാംഗ്ലൂർ മലയാളികൾക്ക് എല്ലാ ഓണക്കാലത്തും യാത്രാദുരിതമാണ്.

 കേരള, കർണാടക ആർടിസി ബസുകൾ 30 ദിവസം മുൻപ് മാത്രമേ ടിക്കറ്റ് റിസർവേഷൻ സൗകര്യം ലഭ്യമാകുകയുള്ളൂ.  സെപ്റ്റംബർ മാസത്തെ ബുക്കിങ് ഓഗസ്റ്റ് ആദ്യവാരം തുടങ്ങിയത് രണ്ടാഴ്ച്ചക്കുള്ളിൽ പൂർത്തിയായി. അതേ സമയം കേരള ആർ ടി സി ബസുകൾ സ്പെഷ്യൽ സർവീസ് ഉണ്ടെന്നത് പ്രഖ്യാപനം മാത്രമാണെന്ന ആരോപണവുമുണ്ട്.ഒരു ഗത്യന്തരവുമില്ലാതെ വിമാനമാർഗം നാട്ടിലെത്താൻ ആലോചിക്കുന്നവരുമുണ്ട്.
ബാംഗളൂരുവിൽനിന്ന് കൂടുതൽ സർവീസുകളുള്ള കൊച്ചിയിലേക്ക് സെപ്റ്റംബർ ആദ്യവാരം 3800–5000 രൂപവരെയും തിരുവനന്തപുരത്തേക്ക് 4800–5500 രൂപയും കോഴിക്കോട്ടേക്ക് 3000–3900 രൂപയും കണ്ണൂരിലേക്ക് 4600–5000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഓണം അടുക്കുന്നതോടെ നിരക്ക് വീണ്ടും ഉയരും. ഓണത്തിന് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ മലയാളികൾ എത്തുന്നത് ചെന്നൈയിൽ നിന്നും ബെംഗളൂരുവിൽ നിന്നുമാണ്. ചെന്നൈയെ അപേക്ഷിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് തീവണ്ടി സർവീസുകളുടെ എണ്ണം കുറവാണ്.