ബെഗളുരുവിലെ മുന്‍നിര ഐടി കമ്പനിയില്‍ 9 വര്‍ഷമായി ജോലി, പക്ഷെ ശമ്പളം വെറും 35,000 മാത്രം, വൈറലായി ടെക്കിയുടെ പോസ്റ്റ്, ചങ്ങലയില്ലാത്ത അടിമത്തം, ചൂഷണത്തിനെതിരെ മിണ്ടാനാകുന്നില്ല
ബെംഗളുരു: രാജ്യത്തെ ഐടി ഹബ്ബായ ബെംഗളുരുവിലെ ഒരു മുന്‍നിര കമ്പനിയില്‍ ജോലി ചെയ്യുന്ന ടെക്കി തന്റെ അനുഭവം തുറന്നുപറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്കിടയാക്കി. നേരത്തെ 9 വര്‍ഷമായി ഒരു കമ്പനിയില്‍ ജോലി ചെയ്തിട്ടും കേവലം 35,000 രൂപ മാത്രമാണ് ശമ്പളം തന്നതെന്ന് ടെക്കി പറയുന്നു.
തന്റെ അനുഭവത്തെ ചങ്ങലയില്ലാത്ത അടിമത്തവുമായാണ് ടെക്കി താരതമ്യം ചെയ്യുന്നത്. കുറഞ്ഞ ഇന്‍ക്രിമെന്റുകള്‍ മാത്രമാണ് ലഭിച്ചത്. ജീവനക്കാരെ ശമ്പളത്തിലോ ഉത്തരവാദിത്തങ്ങളിലോ മാറ്റമില്ല. സ്ഥാപനത്തിലെ മറ്റ് വ്യവസ്ഥാപരമായ പ്രശ്‌നങ്ങളും ടെക്കി എടുത്തുകാണിച്ചു. പാര്‍ക്കിംഗിനായി സ്വന്തം ജീവനക്കാരില്‍ നിന്ന് പണം ഈടാക്കുക, കാന്റീനിലെ ഭക്ഷണത്തിന് സബ്സിഡി നല്‍കാതിരിക്കുക, കൂടുതല്‍ ജോലി സമയം നിര്‍ബന്ധമാക്കുക എന്നിങ്ങനെ കടുത്ത നിബന്ധനകളായിരുന്നു കമ്പനിയില്‍.
ഒമ്പത് വര്‍ഷത്തിന് ശേഷം താന്‍ സ്ഥാപനം ഉപേക്ഷിച്ചുവെന്നും ഇപ്പോള്‍ ബാംഗ്ലൂരിലെ ഇക്കോസ്പേസ് ആസ്ഥാനമായുള്ള ഒരു ഐടി ഭീമനില്‍ ജോലി ചെയ്യുകയാണെന്നും തന്റെ റെഡ്ഡിറ്റ് പോസ്റ്റില്‍ ബംഗളൂരുകാരന്‍ പറഞ്ഞു. 2008-ല്‍ ഫ്രഷറായാണ് ആദ്യ കമ്പനിയില്‍ ചേര്‍ന്നത്. എല്ലാ ഐടി കമ്പനികളും സമാനമായ രീതിയില്‍ ചൂഷണം ചെയ്യുകയാണെന്നും ടെക്കി ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര ബിഗ് 4 കമ്പനികളിലൊന്നിലേക്ക് മാറിയപ്പോഴാണ് തന്റെ മുന്‍ സ്ഥാപനം ജീവനക്കാരെ ചൂഷണം ചെയ്യുന്നതെങ്ങനെയെന്ന് അയാള്‍ക്ക് മനസ്സിലായത്. സ്ഥാപനത്തിന്റെ ഏറ്റവും ഞെട്ടിക്കുന്ന വശങ്ങളിലൊന്ന് അതിന്റെ ജീവനക്കാര്‍ക്ക് എത്ര തുച്ഛമായ വേതനം നല്‍കുന്നു എന്നതാണ്.
ഇത്രയും വര്‍ഷം ജോലി ചെയ്തിട്ടും 35,000 രൂപ മാത്രമായിരുന്നു ശമ്പളം. എന്നാല്‍, കമ്പനി മാറിയതോടെ 1.7 ലക്ഷം രൂപ ആയി ഉയര്‍ന്നു. ഏകദേശം 400% കൂടുതല്‍, ടെക്കി എഴുതി.
അവധി ദിവസങ്ങളില്‍ പോലും ഓഫീസിലെത്തി ജോലി ചെയ്യേണ്ട അവസ്ഥയായിരുന്നു നേരത്തെ. കഫറ്റീരിയയില്‍ താങ്ങാനാവുന്ന വിലയുള്ള ഭക്ഷണസാധനങ്ങളുമില്ല. ഒരു ഗ്ലാസ് ജ്യൂസിന് 40 രൂപയാണ് വില, 3,200 രൂപ കാമ്പസില്‍ അവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ജീവനക്കാരില്‍ നിന്ന് ഈടാക്കുമെന്നും ടെക്കി ആരോപിച്ചു. പോസ്റ്റ് വൈറലായതോടെ സമാന അനുഭവം പങ്കുവെച്ചുകൊണ്ട് ഒട്ടേറെപ്പേര്‍ രംഗത്തെത്തി.