കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ നിന്നും രണ്ട് കിലോമീറ്റർ വടക്ക് മാറി കുപ്പം പുഴയുടെതീരത്ത് പടവിൽ ശ്രീ മുത്തപ്പൻ മടപ്പുര സ്ഥിതി ചെയ്യുന്നു. മിക്കവാറും എല്ലാദിവസങ്ങളിൽ പടവിൽ മടപ്പുരയിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ഭക്തരുടെ പ്രാർത്ഥനനേർച്ചയായി ഉച്ചയ്ക്ക് 12.30 to 2.00 pm വരെ മുത്തപ്പൻ വെള്ളാട്ടം തെയ്യവും തിരുവപ്പനയും മുത്തപ്പൻ വെള്ളാട്ടവും രാത്രിയും രാവിലെയായും ഉണ്ടാകാറുണ്ട്.
അതുപോലെ എല്ലാദിവസങ്ങളിലും ഉച്ചയ്ക്ക് 1pm to 2 pm വരെ അന്നദാനം നൽകുന്നുണ്ട്. ചില ദിവസങ്ങളിൽ അന്നദാനം ഭക്തജനങ്ങളുടെ ജന്മദിനത്തിലും പൂർവ്വികരുടെ ഓർമ്മദിനത്തിലും മറ്റു നല്ലദിവസങ്ങളിലും ഇവിടെ അന്നദാനം നൽകി പോകുന്നുണ്ട്. ഈ സ്ഥലം ത്രേതായുഗത്തിൽ ശ്രീരാമന്റെ പാദസ്പർശത്താൽ അനുഗ്രഹീതമായ പുണ്യഭൂമിയാണെന്നാണ് ഐതിഹ്യം.
അയ്യങ്കര ഇല്ലത്തെ പാടികുറ്റിയമ്മയുടെ വളർത്തു മകനായ മുത്തപ്പൻദിഗ് വിജയത്തിനായി അയ്യങ്കരയിൽ നിന്നും വേട രാജാവിന്റെ വേഷം ധരിച്ച് പുറപ്പെട്ടു. മുഴക്കവെള്ളി കോട്ടയിൽ വച്ച് കോട്ടയുടെ തെക്ക് ഭാഗത്ത് മഹാമേരു പർവ്വതം പോലെ ഉയർന്നു നില്ക്കുന്ന കുന്നത്തൂർപാടി കണ്ടു- കുന്നത്തൂർപാടി മുത്തപ്പന്റെ ആരൂഢസ്ഥാനമായി സ്വീകരിച്ചു. കുന്നത്തൂർ പാടി കഴിഞ്ഞാൽ മുത്തപ്പന് ഏറ്റവും പ്രിയപ്പെട്ട സ്ഥലം പുരളിമലയാണ് . പുരളിമലയിലെ " ആയിരം കൊമ്പൻ കേളി " എന്ന വൻ വൃക്ഷചുവട്ടിൽ വച്ച് പരമശിവനെ [വെള്ളാട്ടം] മുത്തപ്പൻ കണ്ടുമുട്ടുന്നു. രണ്ടു പേരും അവിടെ നിന്നും കുന്നത്തൂർ പാടിയിലേക്ക് തിരച്ച് പോരുന്നു. കുന്നത്തൂർ പാടിയിൽ നിന്നും കടലോട് കണ്ണപുരം നോക്കി പടിഞ്ഞാറോട്ട് പുറപ്പെട്ട് പെരിഞ്ചെല്ലൂർ ഗ്രാമത്തിൽ [തളിപ്പറമ്പ ] വന്ന് ത്രിമൂർത്തികളായ കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രത്തിലും തൃച്ചoബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലും തളിപ്പറമ്പ ശ്രീരാജ രാജേശ്വരക്ഷേത്രത്തിലും കുളിച്ച് വന്ദിച്ച ശേഷം പടിഞ്ഞാറ് തിരിഞ്ഞപ്പോൾ ത്രേതായുഗത്തിൽ ശ്രീരാമ പാദസ്പർശത്താൽ അനുഗ്രഹീതമായ നരിക്കോട് കുന്നുമംഗലത്ത് ഈറ്റിശ്ശേരി ഇല്ലത്തെ ജൻമ ഭൂമി കാണുകയും ദൈവത്തിന് ആറാട്ടിനും അലങ്കാരത്തിനും ഉചിതമായ സ്ഥലമെന്ന് കണ്ട് മുത്തപ്പൻ ചെറുക്കനോടൊപ്പം [വെള്ളാട്ടം] അവിടേക്ക് എഴുന്നള്ളുകയും ചെയ്തു.
അവിടെ സ്വയം ഭൂവായ പ്ലാവ് വൃക്ഷത്തിൽ ദൈവം പടവില്ല് ചാർത്തിയ പ്രദേശം പടവിൽ എന്ന പേരിലും വൃക്ഷത്തോട് ചേർന്ന് പിൽക്കാലത്ത് പണിത മടപ്പുര "പാലുള്ള വൃക്ഷം" [ പ്ലാവ് ] പടവിൽ മടപ്പുര എന്ന പേരിലും പ്രശസ്തമായി.
ഇന്ന് പടവിൽ ശ്രീ മുത്തപ്പൻ മടപ്പുര സ്ഥിതി ചെയ്യുന്ന സ്ഥലത്ത് 800 വർഷങ്ങൾക്ക് മുൻപ് വിഷ്ണു മൂർത്തിയെ കെട്ടിയാടിച്ചിരുന്ന ക്ഷേത്ര സ്ഥാനമായിരുന്നു. വിഷ്ണു മൂർത്തിക്ക് സമർപ്പിക്കുന്ന നിവേദ്യങ്ങളിൽ ചുട്ടെടുത്ത മത്സ്യ മാംസാദികളുടെ അംശങ്ങൾ കാണുകയാൽ സ്വർണ്ണ പ്രശ്നം വച്ച് നോക്കിയപ്പോൾ ഈ സ്ഥലം മുത്തപ്പൻ ദിഗ്വിജയത്തിനു പുറപ്പെട്ടപ്പോൾ പടവില്ല് ചാർത്തിയ സ്ഥലമാണെന്ന് കണ്ടു. ഈ പ്ലാവ് വൃക്ഷം മുത്തപ്പന്റെ സ്വയംഭൂവായ പ്രതിഷ്ഠയാണെന്നും പ്ലാവിന് ചുവട്ടിൽ നിന്നും ദൈവത്തിന്റെ ആയുധങ്ങൾ ലഭിക്കുമെന്നും ഈ സ്ഥലത്ത് മുത്തപ്പന്റെ മടപ്പുര വേണമെന്നും കണ്ടതിന്റെ അടിസ്ഥാനത്തിൽ പ്രശ്നമുഖാന്തരം പ്ലാവിന് ചുവട്ടിൽ കുഴിച്ചു നോക്കിയപ്പോൾ മുത്തപ്പന്റെ വാളും ശരങ്ങളും മറ്റു പൂജാദി സാമഗ്രികളും കിട്ടുകയും പിന്നീട് അവിടെ പ്ലാവിനോട് ചേർന്ന് മുത്തപ്പന്റെ മടപ്പുര പണികഴിപ്പിക്കുകയും ചെയ്തു. കഴിച്ചെടുത്തു കിട്ടിയ വാളും ശരങ്ങളും മറ്റും വിധിപ്രകാരം ഇന്നും പൂജിച്ച് പോരുകയും ചെയ്യുന്നു.
പ്ലാവ് വൃക്ഷത്തെ പ്രധാന പ്രതിഷ്ഠയായി കണക്കാക്കി പൂജിച്ച് പോരുന്നു. വൃക്ഷത്തിന്റെ കാതൽ തുരന്നെടുത്ത് അതുകൊണ്ട് നിർമ്മിച്ചതാണ് മടപ്പുരക്ക് അകത്ത് പൂജിക്കുന്ന രണ്ട് പീഠ പ്രതിഷ്ഠകൾ. അതുപോലെ ദൈവം പുറത്ത് ഉപയോഗിക്കുന്ന ചിത്രപീഠം ഈ വൃക്ഷത്തിന്റെ ഒരു ശാഖ മുറിച്ചുണ്ടാക്കിയതാണ്
മടപ്പുര നിർമ്മിച്ചത് മുതൽ ഇവിടത്തെ ഭദ്രദീപം കെടാവിളക്കായി ഇന്നും ജ്വലിച്ചു കൊണ്ടിരിക്കുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് വരെ വളരെ ആഘോഷപൂർവ്വം ഉത്സവം നടത്തിവന്നിരുന്നു. തിരുവപ്പന മഹോത്സവ കാലത്ത് വൈരാംകോട്ടം ശ്രീപെരുമ്പഴയച്ചൻ ക്ഷേത്രത്തിൽ നിന്നും മത്സ്യകാഴ്ചവരവ് പടവിൽ മടപ്പുരയിലെ ഒരു പ്രത്യേകതയാണ്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും കുടകിൽ നിന്നു പോലും ഭക്തജനങ്ങൾ പടവിൽ മടപ്പുരയിൽ ദർശനത്തിനായി എത്തിയിരുന്നു.
അക്കാലത്ത് തറവാട്ട് കാരണവരായിരുന്ന കോരൻ എന്നവരായിരുന്നു മടയൻ- കോരൻ മടയനും മടപ്പുരയിലെ നിത്യസന്ദർശകനും മഹാ സിദ്ധനുമായിരുന്ന മടയൻ എഴുത്തച്ചനും ആത്മമിത്രങ്ങളായിരുന്നു.
ഒരു ദിവസം മാടായി കാവിൽ ദർശനം കഴിഞ്ഞ് വന്ന മടയൻ എഴുത്തച്ചൻ ഹരിജൻ കുടിലിൽവെച്ച് നടന്ന ആഘോഷ ചടങ്ങിൽ പങ്കെടുത്ത് ആഹാരം കഴിക്കുകയുണ്ടായി, തിരിച്ച് പടവിൽ മടപ്പുരയിൽ ചെന്ന് ക്ഷേത്രനട തുറന്ന് മുത്തപ്പന്റെ നിവേദ്യമായ മദ്യം നല്കുവാൻ മടയൻ എഴുത്തച്ചൻ കോരൻ മടയനോട് ആവശ്യപ്പെട്ടു. അക്കാലത്ത് ഹരിജൻ വീടുകളിൽ കയറി ജലപാനം ചെയ്യുന്നത് അശുദ്ധമായി കണക്കാക്കിയിരുന്നതിനാൽ കുളിച്ച് വന്ന ശേഷം നട തുറക്കാമെന്ന് കോരൻ മടയൻ പറഞ്ഞതിൽ കുപിതനായ മടയൻ എഴുത്തച്ചൽ മനസ്സ് മുഷിഞ്ഞ് തിരിച്ചു പോയി. അതിനു ശേഷമാണ് പടവിൽ മടപ്പുരയുടെ അഭിവൃദ്ധിക്ക് കുറവ് വരാൻ തുടങ്ങിയത്.
സന്താന സൗഭാഗ്യത്തിനും മകളുടെ വിവാഹ സകദാഗ്യത്തിനുമുള്ള പ്രാർത്ഥനക്ക് ഫലസിദ്ധിയുണ്ടായ ഉദാഹരണങ്ങൾ ഒട്ടനവധിയാണ് .ഭക്തരുടെ പ്രാർത്ഥനയുടെ ഫലസിദ്ധിക്ക് ശേഷം അവർ തടത്തുന്ന നേർച്ച വെള്ളാട്ടവും തിരുവപ്പനയും മടപ്പുരയിലെ കല്പന അടിയന്തിരങ്ങൾക്ക് പുറമെ പതിവായി നടക്കുന്നു.
കുoഭ മാസം 19 മുതൽ 22 വരെ നാല് ദിവസങ്ങളിൽ തിരുവപ്പന മഹോത്സവം കൊണ്ടാടപ്പെടുന്നു. തുലാo 9 ന് പുത്തരിയത്സവവും 11 ന് മറുപുത്തരിയും ആഘോഷപൂർവ്വം കൊണ്ടാടുന്നു. കൂടാതെ എല്ലാ സംക്രമത്തിനും വെള്ളാട്ടവും നിത്യവും രണ്ട് നേരം പയങ്കുറ്റിയും നടത്തിപ്പോരുന്നു. ക്ഷേത്ര ദർശനത്തിനായി വരുന്ന ഭക്തജനങ്ങൾക്ക് അന്നദാനം നല്കി വരുന്നുണ്ട്
ഉപക്ഷേത്രങ്ങൾ
1. ഗുരു സ്ഥാനം -നിത്യം ദീപാരാധന - കുംഭം 14 ന് ഗുരുപൂജ.
2. വിഷ്ണുമൂർത്തി ക്ഷേത്രം - നിത്യം ദീപാരാധന, മകരം
23 ന് കളിയാട്ടം
3. ഗുളികൻ ദൈവസ്ഥാനം -നിത്യം ദീപാരാധന, കുംഭം
20 ന് ഗുളികൻ ദൈവം കെട്ടിയാടിക്കുന്നു.
നാടിന്റെ സർവ്വതോന്മുഖമായ ഐശ്വര്യത്തിനും നാട്ടുകാരുടെ അഭിഷ്ട സിദ്ധിക്കും കാരണഭൂതനുമായ പടവിൽ ശ്രീ മുത്തപ്പന്റെ അനുഗ്രാഹാശിസ്സുകൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് പടവിൽ ശ്രീ മുത്തപ്പൻ മടപ്പുരയിലെ പൂർവ്വകാല മടയന്മാരും കലശ കാരൻമാരും ആൾമടയൻ മാരുമായി മടപ്പുരയിലെ ദൈനംദിന കാർമ്മികത്വങ്ങളിൽ ഭാഗവാക്കായ മുഴുവൻ പൂർവ്വികരുടേയും സ്മരണയ്ക്ക് മുൻപിൽ ഈ സപ്ലിമെന്റ് സമർപ്പിക്കുന്നു.
മത്സ്യ കാഴ്ച
പടവിൽ ശ്രീ മുത്തപ്പൻ ക്ഷേത്രവുമായും മുത്തപ്പനുമായും അദേദ്യമായ ബന്ധം വള്ളുവൻ സമുദായത്തിന് പുരാതന കാലം മുതൽക്കുണ്ട്. കടവൻ മാർ സമർപ്പിക്കുന്ന മത്സ്യം മുത്തപ്പന് നിവേദ്യമാണ്. ഉത്സവകാലത്ത് ആചാരപൂർവ്വം സമർപ്പിക്കുന്ന മത്സ്യ കാഴ്ച ഒഴിച്ചുകൂടാൻ പറ്റാത്തതാണ് എന്നത് ചരിത്ര യഥാർത്ഥ്യമാണ്.
പെരുമ്പുഴയച്ചൻ ക്ഷേത്രനടയിൽ സമുദായക്കാരും അല്ലാത്തവരും ഉത്സവദിവസം പിടിച്ചെടുത്ത് സമർപ്പിക്കുന്ന മത്സ്യം പൂജിച്ച് കാഴ്ച്ചയെടുക്കുന്നവർ കുറി തൊട്ട് വന്ദിച്ച് ആചാരപൂർവ്വം എടുക്കുന്ന മത്സ്യ കാഴ്ച വാദ്യഘോഷങ്ങളും ആർപ്പുവിളികളുമായി ആരവത്തോടെ ആബാലവൃദ്ധം സമുദായക്കാരും അല്ലാത്തവരും ചേർന്ന് മുത്തപ്പ സന്നിധിയിലെത്തിക്കുന്ന കാഴ്ചയെ വരവേൽക്കാനായി നിറവിളയ്ക്കും താലപ്പൊലിയും വാദ്യഘോഷങ്ങളും വെടിക്കെട്ടുമായി മുത്തപ്പൻ ക്ഷേത്രക്കാർ സ്വീകരിക്കുകയും ചെയ്യുന്നത് ഭക്തിനിർഭരമായ ചടങ്ങാണ്.
മുത്തപ്പൻ തിരുവപ്പനയും പെരുമ്പുഴയച്ചനും സമാനതക ഏറെയുള്ള ദൈവങ്ങളാണ് .സന്താനലബ്ധിക്കായി ഈശ്വര പ്രാർത്ഥനയാൽ ഉദയം ചെയ്ത ശൈവവൈഷ്ണവ തേജസ്വികളാണ് .പൊയ്ക്കണ്ണണിയുന്ന ദേവതകൾ ജലാശയങ്ങളായ തിരുവഞ്ചിറയിലും പെരുമ്പുഴയിലും നിന്ന് ലഭിച്ചു എന്നതാണ് ഐതിഹ്യം .പുഴയോരങ്ങളിലാണ് പ്രധാന ആരൂഢ സ്ഥാനങ്ങൾ മത്സ്യവുമായി ഇഴപിരിയാത്ത ബന്ധമുണ്ട്, മധുവാണ് ഇഷ്ട പാനീയം
ശ്രീപെരുമ്പുഴയച്ചൻ
സന്താനലബ്ധിക്കായി മഹാവിഷ്ണുവിനെ ധ്യാനം ചെയ്ത ദമ്പതികളായ കങ്കാള ദേവർക്കും വാരിക്കാ ദേവിയമ്മയ്ക്കും വടുവ ചെട്ടി കുലത്തിൽ പിറന്നുവീണ അരുമ സന്താനമാണെത്രെ പിന്നീട് ശ്രീപെരുമ്പുഴയച്ചൻ ദൈവമായി മാറിയത്.
വള്ളുവൻ സമുദായത്തിൽ പെട്ട, നാലില്ലം [ആയിപ്പ; പുലുവപ്പ, കല്ലൂരി, എടച്ചേരി ] കടവൻമാരാൽ പരിപാലിക്കപ്പെട്ടു പോരുന്ന ദൈവമാണ് ആദി പെരുമ്പുഴയച്ചൻ എന്ന ശ്രീ പെരുമ്പുഴയച്ചൻ. മത്സ്യ ബന്ധനവും കടവ് കടത്തലും കുലത്തൊഴിലായി സ്വീകരിച്ച ഇവർക്ക് പെരുവമ്പുഴയാറ്റിൽ (പെരുമ്പുഴയാറ്റിൽ) നിന്നും ലഭിച്ച ദൈവമാണെന്നാണ് ഐതിഹ്യം. കടത്തുകാരായതിനാൽ കടവൻമാരെന്നും പേര് ചൊല്ലി വിളിക്കുന്നു.
കുപ്പം വൈര്യാം കോട്ടം [ വൈരജാതൻകോട്ടം], ശ്രീ പെരുമ്പുഴയച്ചൻ ദൈവത്തിന്റെ അറിയപ്പെടുന്ന ആരൂഢങ്ങളിൽ ഒന്നാണ്. വെള്ളിക്കൽ നടുവിലെ പുരയിൽ തറവാട്ടിൽ കൊട്ടിലക സങ്കല്പമായി പീഠ പ്രതിഷ്ഠ നടത്തി പരിപാലിച്ചു പോരുന്ന ദേവൻ, വൈര്യാംകോട്ടo കൈയ്യങ്കോട് കുഞ്ഞിപ്പുര തറവാട്ടിൽ എത്തി എന്നാണ് പഴമക്കാർ പറഞ്ഞ് അറിയുന്നത്
ക്ഷേത്രവുമായി ബന്ധപ്പെട്ട് തന്നെ വള്ളുവൻ സമുദായക്കാരാൽ സംരക്ഷിച്ചു പോരുന്ന കൊടുങ്ങല്ലൂർ ശ്രീ കൂറുമ്പ ഭഗവതിയുടെ മറ്റൊരു തറവാട് ആരംഢം ഉണ്ട്.