അധ്വാനം കൂടുതൽ, തുക തുച്ഛം ; എങ്കിലും അമ്മിക്കല്ല് കൊത്ത് വിടാൻ തയ്യാറാകാതെ ഭാസ്കരൻ...(വീഡിയോ)

10:59 AM Jan 26, 2025 | Neha Nair

കണ്ണൂർ : അമ്മി കൊത്തിൻ്റെയും, നിർമ്മാണത്തിൻ്റെയും പ്രധാന കേന്ദ്രമായ കണ്ണൂർ ജില്ലയിലെ കരിങ്കൽ കുഴിയിൽ ഇന്ന് അവശേഷിക്കുന്ന ഏക കല്ല് കൊത്തുകാരണാണ് ഭാസ്കരൻ.

കരിങ്കൽ കുഴിയിൽ കണ്ടുവരുന്ന കൃഷ്‌ണ ശിലയാണ് പ്രധാനമായും അമ്മി നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. മറ്റ് പാറക്കല്ലുകളിൽ നിന്ന് വ്യത്യസ്തമായി പൊടിഞ്ഞു പോകുകയോ തേയ്‌മാനം സംഭവിക്കുകയോ ഇല്ല എന്നതാണ് കൃഷ്‌ണശിലയുടെ പ്രത്യേകത.

ഇന്ന് പലരും എളുപ്പത്തിന് വേണ്ടി മിക്സിയും ഗ്രൈൻഡറും ഉപയോഗിക്കാൻ തുടങ്ങിയതോടെ അടുക്കള ഭരിച്ചിരുന്ന അമ്മിക്കല്ലിന്  ആവശ്യക്കാർ കുറഞ്ഞു. കുലത്തൊഴിലായി കൊണ്ട് നടന്നവരും അമ്മി നിർമാണം കൈവിട്ടു. പക്ഷെ കരിങ്കല്ല് കുഴിയിൽ കല്ലുചെത്താൻ എത്തി പിന്നീട് അമ്മി നിർമ്മാണം പഠിച്ചെടുത്ത ഭാസ്‌കരൻ ഇന്നും അമ്മിക്കല്ല് നിർമാണം നിലനിർത്തി പോരുകയാണ്.

അമ്മിക്കല്ലിനു പുറമെ കുല്ലുമേറി, കല്‍ച്ചട്ടി, അമ്പലത്തിലെ പീഠങ്ങൾ, ചെറിയ വിളക്കുകൾ എന്നിവയാണ് ഭാസ്‌കരൻ നിർമ്മിക്കുന്നത്. ഒരു അമ്മി നിർമ്മിക്കാൻ 2 ദിവസത്തോളം സമയമെടുക്കും. ശാരീരിക അധ്വാനം കൂടുതൽ ഉള്ള തൊഴിലിൽ അതിൻ്റേതായ തുക കിട്ടുന്നില്ലെന്നും ഭാസ്കരൻ പറയുന്നു.

1500 മുതൽ 2300 വരെയാണ് അമ്മിയുടെയും, കല്‍ച്ചട്ടിയുടെയും വില. വിപണിയിൽ പലതരത്തിലുള്ള അരവുയന്ത്രങ്ങൾ വന്നെങ്കിലും പല വീടുകളിലും ഇന്നും ഗൃഹാതുരത്വമുണർത്തുന്ന ഒന്നാണ് അമ്മിക്കല്ലുകൾ. ദിനംപ്രതി ഉപയോഗം ഇല്ലെങ്കിലും വീട് അലങ്കരിക്കാനും പുതുതലമുറയ്ക്ക് കാണാൻ വേണ്ടിയും വീടുകളിൽ അമ്മിക്കല്ലുകൾ സൂക്ഷിക്കുന്നവർ ഇപ്പോഴുമുണ്ട്.