ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഹിജാബ് നീക്കം ചെയ്ത സംഭവത്തെത്തുടര്‍ന്ന് വിവാദത്തിലായ ഡോക്ടര്‍ നുസ്രത്ത് പര്‍വീണ്‍ ഇതുവരെ ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം ഏഴ് മണി വരെ അവര്‍ ഡ്യൂട്ടിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എന്നാല്‍ ജോലിയില്‍ പ്രവേശിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 20ന് ശേഷവും നീട്ടി നല്‍കിയിട്ടുണ്ടെന്നും പാറ്റ്ന സിവില്‍ സര്ജന് അവിനാഷ് കുമാര്‍ സിംഗ് വ്യക്തമാക്കി. പാറ്റ്ന സദറിലെ സബല്‍പൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് നുസ്രത്തിന് നിയമനം ലഭിച്ചിരുന്നത്. ഈ ആഴ്ച ആദ്യം നടന്ന നിയമന ഉത്തരവ് വിതരണ ചടങ്ങില്‍ വെച്ചാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഡോക്ടറുടെ മുഖാവരണം മാറ്റിയത്.
ഇത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചെങ്കിലും സംഭവത്തെ പ്രതിരോധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രംഗത്തെത്തി. മുഖ്യമന്ത്രിയും വിദ്യാര്‍ത്ഥിനിയും തമ്മിലുള്ള ബന്ധത്തെ അച്ഛനും മകളും തമ്മിലുള്ള സ്നേഹമായി കാണണമെന്നും ഇതില്‍ വിവാദത്തിന്റെ കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, നുസ്രത്തിന്റെ കുടുംബം മുഖ്യമന്ത്രിയോടോ സര്‍ക്കാരിനോടോ ദേഷ്യത്തിലല്ല എന്നാണ് നുസ്രത്ത് പര്‍വീണ്‍ പഠിക്കുന്ന ഗവണ്മെന്റ് തിബ്ബി കോളേജ് പ്രിന്‍സിപ്പല്‍ മഹ്ഫൂസുര്‍ റഹ്മാന് പറയുന്നത്.
എന്നാല്‍ മാധ്യമങ്ങളില്‍ ഈ വിഷയം വലിയ രീതിയില്‍ ചര്‍ച്ചയാകുന്നതില്‍ അവര്‍ക്ക് നിരാശയുണ്ട്. മാധ്യമങ്ങളുടെ ശ്രദ്ധ ഒഴിവാക്കാന്‍ കുടുംബം ആഗ്രഹിക്കുന്നുണ്ടെന്നും നുസ്രത്ത് ജോലിയില്‍ പ്രവേശിക്കണോ അതോ ഉപരിപഠനം തുടരണോ എന്ന കാര്യത്തില്‍ ആലോചനകള്‍ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിഷേധം സൂചിപ്പിച്ച് കുടുംബം കൊല്‍ക്കത്തയിലേക്ക് മാറിയെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു.
ഇതിനിടെ അയല്‍ സംസ്ഥാനമായ ജാര്‍ഖണ്ഡിലെ ആരോഗ്യ മന്ത്രി ഇര്ഫാന് അന്‍സാരി നുസ്രത്തിന് ജാര്‍ഖണ്ഡില്‍ ജോലി വാഗ്ദാനം ചെയ്തു. പ്രതിമാസം മൂന്ന് ലക്ഷം രൂപ ശമ്പളവും സര്‍ക്കാര്‍ ഫ്ലാറ്റും പൂര്‍ണ്ണ സുരക്ഷയും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. നിതീഷ് കുമാറിന്റെ നടപടി മുസ്ലിം സമുദായത്തെ അവഹേളിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഈ വാഗ്ദാനത്തെ പ്രീണന രാഷ്ട്രീയമെന്ന് ബിജെപി വിമര്‍ശിച്ചു. ജാര്‍ഖണ്ഡിലെ യുവാക്കള്‍ക്ക് ജോലി നല്‍കാതെ എന്ത് നയത്തിന്റെ അടിസ്ഥാനത്തിലാണ് ബിഹാറിലെ ഡോക്ടര്‍ക്ക് ജോലി നല്‍കുന്നതെന്ന് ബിജെപി നേതാവ് ഭാനു പ്രതാപ് സാഹി ചോദിച്ചു