ബീഹാർ: സംസ്ഥാനത്തെ എല്ലാ ഉപഭോക്താക്കൾക്കും 125 യൂണിറ്റ് വരെയുള്ള സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഈ വർഷം അവസാനം ബീഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രഖ്യാപനം. സംസ്ഥാനത്തെ ഒരു കോടി 67 ലക്ഷം കുടുംബങ്ങൾക്ക് ഈ പ്രഖ്യാപനം ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗാർഹിക ഉപഭോക്താക്കളുടെ സമ്മതത്തോടെ വീടുകളുടെ മേൽക്കൂരകളിലോ അടുത്തുള്ള പൊതു സ്ഥലങ്ങളിലോ സോളാർ പാനലുകൾ സ്ഥാപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെക്കുറിച്ചും അദ്ദേഹം അറിയിച്ചു.അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഈ തീരുമാനം നടപ്പിലാക്കുമെന്ന് നിതീഷ്കുമാർ പറഞ്ഞു.
കുതിർ ജ്യോതി പദ്ധതി പ്രകാരം, നിർധന കുടുംബങ്ങൾക്ക് സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിനുള്ള മുഴുവൻ ചെലവും സംസ്ഥാന സർക്കാർ വഹിക്കുകയും ബാക്കിയുള്ളവർക്ക് ഉചിതമായ പിന്തുണ നൽകുകയും ചെയ്യും. കൂടാതെ സർക്കാർ സ്കൂളുകളിലെ അധ്യാപക ഒഴിവുകൾ കണ്ടെത്തി അധ്യാപക നിയമന പരീക്ഷ (TRE)-4 എത്രയും വേഗം നടത്തുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ നിതീഷ് കുമാർ ബുധനാഴ്ച വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി എന്നാണ് റിപ്പോർട്ടുകൾ. ബീഹാറിൽ ഒക്ടോബറിലോ നവംബറിലോ ആയിരിക്കും തെരഞ്ഞെടുപ്പ് എങ്കിലും, തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.