മംഗളൂരു: ദേശീയപാത 66-ൽ ബൈക്ക് ഡിവൈഡറിലിടിച്ചുമറിഞ്ഞ് രണ്ട് മലയാളി കോളേജ് വിദ്യാർഥികൾ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ 2.50-ന് മംഗളൂരു എസ്.കെ.എസ്. ജങ്ഷനിലാണ് അപകടം. പിണറായി പാറപ്രം കീർത്തനയിൽ ടി.എം. സങ്കീർത്ത് (23), കയ്യൂർ പലോത്ത് കൈപ്പക്കുളത്തിൽ സി. ധനുർവേദ് (20) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം ആറാളിമൂട് പത്താംകല്ല് ഉപാസനയിൽ സിബി സാം കഴുത്തിനു പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച പുലർച്ചെ ലോഹിത് നഗറിലെ താമസസ്ഥലത്തുനിന്ന് പമ്പുവെല്ലിൽ ചായകുടിക്കാൻ പോകുമ്പോഴായിരുന്നു അപകടം. മൂവരും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ സങ്കീർത്തിനെയും ധനുർവേദിനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കണ്ണൂർ എകെജി ആശുപത്രി നഴ്സിങ് സൂപ്രണ്ട് ബിന്ദുവിന്റെയും ശ്രീജിത്തിന്റെയും മകനാണ് സങ്കീർത്ത്. മംഗളൂരു എജെ ഡെന്റൽ കോളേജ് വിദ്യാർഥിയാണ്. സഹോദരൻ: ശ്രീകീർത്ത് (എൻജിനിയറിങ് വിദ്യാർഥി, കോയമ്പത്തൂർ). സംസ്‌കാരം ബുധനാഴ്ച രാവിലെ 10.30-ന് പന്തക്കപ്പാറ പ്രശാന്തി ശ്മശാനത്തിൽ.
കയ്യൂർ പലോത്ത് കെ. ബാബുവിന്റെയും രമയുടെയും മകനാണ് ധനുർവേദ്. മംഗളൂരു ശ്രീനിവാസ കോളേജ് ഹോസ്പിറ്റൽ മാനേജ്മെന്റ് വിദ്യാർഥിയാണ്.സഹോദരൻ: യഥുർനാഥ്. പലോത്ത് എകെജി മന്ദിരത്തിൽ പൊതുദർശനത്തിനുശേഷം പലോത്ത് ശ്മശാനത്തിൽ സംസ്‌കരിച്ചു.