മ​റ്റൊരാൾക്ക്​ ഹാനികരമായി ഉപയോഗിച്ചാൽ ബൈക്കും മാരകായുധം :​ ഹൈകോടതി

06:55 PM Jul 12, 2025 | Neha Nair

കൊച്ചി: മ​റ്റൊരാളെ കൊ​ലപ്പെടുത്താനോ പരിക്കേൽപിക്കാനോ ഉപയോഗിക്കുന്നപക്ഷം മോട്ടോർ ബൈക്കും മാകായുധത്തിൻറെ പരിധിയിൽവരുമെന്ന്​ ഹൈകോടതി. ​ഈ ലക്ഷ്യത്തിനായി ഉപയോഗിക്കുന്ന വസ്​തു ഏതായാലും അത്​ മാരകായുധമാണ്​. പ്രണയത്തെ എതിർത്തതിൻറെ പേരിൽ പെൺസുഹൃത്തിൻറെ പിതാവിനെ ബൈക്കിടിപ്പിച്ച്​ കൊല്ലാൻ ശ്രമിച്ച കേസിലെ തടവുശിക്ഷ റദ്ദാക്കാൻ കൊല്ലം പന്മന സ്വദേശി മനോജ് നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ്​ കൗസർ എടപ്പഗത്തിൻറെ നിരീക്ഷണം​. അതേസമയം, വിചാരണ കോടതി ഹരജിക്കാരന്​ വിധിച്ച ആറുമാസത്തെ സാധാരണ തടവുശിക്ഷ, കോടതി പിരിയുംവരെ മാത്രം തടവാക്കി ഇളവ്​ അനുവദിച്ചു.

2005 മേയ്​ 11ന്​ രാത്രി ഇടപ്പള്ളിക്കോട്ട ജങ്​​ഷൻ - പന്മന ആശ്രമം പബ്ലിക്​ റോഡിലൂടെ പോകുമ്പോൾ ചവറ സ്വദേശിയെ ബൈക്കിടിപ്പിച്ച്​ പരിക്കേൽപിച്ച കേസിലെ പ്രതിയാണ്​ ഹരജിക്കാരൻ. കീഴ്ചുണ്ടിന്​ മുറിവേറ്റ്​ ചികിത്സയിലായ ചവറ സ്വദേശി നൽകിയ പരാതിയിലാണ്​ കേസെടുത്തത്​. തൻറെ മകളുമായുള്ള പ്രണയബന്ധം ചോദ്യം ചെയ്തതിലെ പ്രകോപനത്തെതുടർന്നാണ്​ ബൈക്കിടിപ്പിച്ചതെന്നായിരുന്നു പരാതി. മാരകായുധങ്ങളുപയോഗിച്ച്​ മുറിവേൽപിച്ചെന്ന വകുപ്പ്​ പ്രകാരമാണ്​ കേസെടുത്തത്​. കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതി ആറുമാസം സാധാരണ തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇത്​ ചോദ്യംചെയ്ത്​ അപ്പീൽ നൽകിയെങ്കിലും കൊല്ലം അഡീ. സെഷൻസ്​ മൂന്നാം കോടതി തള്ളി. തുടർന്നാണ്​ ഹൈകോടതിയെ സമീപിച്ചത്​.

സാക്ഷിമൊഴികൾ വിശ്വസനീയമല്ലെന്നും ബൈക്ക്​ മാരകായുധമായി കണക്കാക്കിയിട്ടില്ലാത്തതിനാൽ ഹരജിക്കാരനെതിരെ ചുമത്തിയ വകുപ്പ്​ നിലനിൽക്കില്ലെന്നുമായിരുന്നു വാദം. എന്നാൽ, മാരകായുധങ്ങളായി മൂർച്ചയുള്ള ആയുധങ്ങൾ, വിഷം, പൊള്ളലേൽപിക്കുന്ന വസ്തുക്കൾ തുടങ്ങിയ​വയെയാണ്​ പൊതുവെ പറയുന്നതെങ്കിലും ഉപകരണം എന്ന വാക്കിന്​ വിശാല അർഥം ഉള്ളതായി കോടതി നിരീക്ഷിച്ചു. ഉപയോഗിച്ച വസ്തു ഏതായാലും ലക്ഷ്യം കാണാൻ ഉപകരിച്ചിട്ടു​ണ്ടെങ്കിൽ അത്​ മാരകായുധമായി കണക്കാക്കാനാവുമെന്ന്​ സുപ്രീംകോടതി ഉത്തരവുകൾ ഉദ്ധരിച്ച്​ കോടതി വ്യക്​തമാക്കി.

എന്നാൽ, സംഭവം നടന്നിട്ട്​ 20 വർഷമായി. വിചാരണയടക്കം നടപടികളുമായി ഹരജിക്കാരൻ കഠിന പരീക്ഷണം നേരിടുകയും ​ചെയ്തു. പരാതിക്കാരൻറെ മകൾ വിവാഹിതയായി സമാധാനജീവിതം നയിക്കുകയാണ്​. മുറിവ്​ ചെറുതായിരുന്നെന്ന്​ സാക്ഷിമൊഴിയുമുണ്ട്​. ഈ സാഹചര്യത്തിൽ ശിക്ഷ ഇളവിന്​ അർഹതയുണ്ടെന്ന്​ വ്യക്തമാക്കിയാണ്​ കോടതി പിരിയുംവരെ തടവായി ശിക്ഷ കുറച്ചത്​​. എന്നാൽ, 50,000 രൂപ നഷ്ടപരിഹാരമായി പരാതിക്കാരന്​ നൽകണമെന്ന്​ കോടതി നിർദേശിച്ചു.