കോഴിക്കോട്: അങ്കണവാടികളിലെ പരിഷ്കരിച്ച മെനു പ്രകാരം ബിരിയാണിവിളമ്പിയ ദിനമായിരുന്നു ചൊവ്വാഴ്ച. ‘കരുണ’യിലെ ആഗ്നവും തൃദേവും സമൃദ്ധിയും അഥർവുമെല്ലാം ബിരിയാണികഴിക്കുന്ന തിരക്കിലായി. അടുത്തിരിക്കുന്ന അരൂഷിന് ചെറിയൊരു ചിണുങ്ങൽ, ‘എനിക്ക് ബിരിയാണി ഇഷ്ടല്ല’. അധ്യാപിക സുജാതയും ഹെൽപ്പർ സ്വപ്നയുമെല്ലാം കുഞ്ഞുങ്ങളെ ഭക്ഷണംകഴിപ്പിക്കുന്ന തിരിക്കിലായി.
അങ്കണവാടി ജീവനക്കാർക്ക് ഭക്ഷണമുണ്ടാക്കാൻ വെള്ളയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റിൽ പരിശീലനംനൽകിയിരുന്നു. ബിരിയാണിക്കുപുറമേ റാഗി ലഡുവും ഗോതമ്പുപായസവും നൂൽപ്പുട്ടും ഇഡ്ഡലിയും കൊഴുക്കട്ടയും ഉപ്പുമാവുമെല്ലാം പലനേരങ്ങളിലായി കുട്ടികൾക്ക് നൽകുന്നുണ്ട്. കടലക്കറിയും സാമ്പാറും മുട്ടക്കറിയുമെല്ലാം വിളമ്പും. ധാന്യങ്ങളും പച്ചക്കറികളുമെല്ലാം നിശ്ചിത അളവിൽ ചേർത്താണ് ഭക്ഷണമൊരുക്കുന്നത്. ഭക്ഷണത്തിലെ കലോറി, പ്രോട്ടീൻ, ഷുഗർ എന്നിവയുടെയെല്ലാം അളവ് കണക്കാക്കുന്നുണ്ട്.
അങ്കണവാടികളിൽ ‘ബിർണാണി’ വേണമെന്ന മൂന്നുവയസ്സുകാരന്റെ വീഡിയോ ശ്രദ്ധനേടിയതോടെയാണ് ഭക്ഷണമെനുവിൽ സർക്കാർ ബിരിയാണി ഉൾപ്പെടുത്തിയത്. എല്ലാഭാഗത്തെയും അങ്കണവാടികളിൽ ചൊവ്വാഴ്ച ബിരിയാണിയാണ് ഒരുക്കിയത്.