അദാനി കമ്പനിക്ക് 50 ലക്ഷം പിഴയിട്ട ജഡ്ജിയെ ബിജെപി സർക്കാർ നീക്കിയതിന് പിന്നാലെ വിധിയും സ്റ്റേ ചെയ്ത് ഹൈക്കോടതി

08:59 PM Dec 19, 2025 | Neha Nair

ഇന്ത്യയിലെ ഏറ്റവും വിവാദപരമായ ഖനന കരാറുകളിൽ ഒന്നിനെതിരായ വിചാരണ കോടതിയുടെ വിധി സ്റ്റേ ചെയ്‌ത രാജസ്ഥാൻ ഹൈക്കോടതി വിധി രാജ്യത്ത് സൂക്ഷ്‌മ വിശകലനങ്ങൾക്കും ചർച്ചകൾക്കും വഴിവെയ്ക്കുകയാണ്. അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കമ്പനിക്കെതിരെ നിർണ്ണായക വിധി പുറപ്പെടുവിച്ച ജയ്‌പൂർ കൊമേഴ്സ്യൽ കോടതി ജഡ്‌ജി ദിനേഷ് കുമാർ ഗുപ്‌തയെ മണിക്കൂറുകൾക്കുള്ളിൽ സ്ഥലം മാറ്റിയതടക്കം വലിയ ഒരു രാഷ്ട്രീയ വിവാദം രാജസ്ഥാനിൽ നിന്ന് ഇന്ത്യ ഒട്ടാകെ തിരികൊളുത്തുകയാണ്. രാജസ്ഥാൻ ഭരിക്കുന്നത് ബിജെപി സർക്കാരാണെന്നും കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പ്രത്യേകിച്ചു ഗൗതം അദാനിയോടുള്ള സൗഹൃദവും അദാനി ബിസിനസുകൾക്ക് വേണ്ടി വഴിവിട്ട വിട്ടുവീഴ്ച‌ ആരോപണങ്ങൾ ഉയർന്ന പല സാഹചര്യങ്ങളും വിഷയത്തെ കൂടുതൽ ഗൗരവമുള്ളതാക്കുന്നു. ബിജെപി ഭരണത്തിലുള്ള സംസ്ഥാന സർക്കാരുകളടക്കം അദാനി ബിനിസനസുകൾക്ക് തുച്ഛമായ തുകയ്ക്ക് ഭൂമി കൈമാറ്റം ചെയ്‌തതടക്കം പല കോടതികളും രൂക്ഷമായി വിമർശിച്ച സംഭവങ്ങളും രാജ്യത്തുണ്ടായിട്ടുണ്ട്. ആ സാഹചര്യത്തിലാണ് അദാനിയ്ക്കെതിരെ വിധിയുണ്ടായ ഒരു കോടതി ജഡ്‌ജിനെ മണിക്കൂറുകൾക്കകം സ്ഥലംമാറ്റിയ സംഭവം രാജ്യമെമ്പാടും ചർച്ചയാകുന്നത്.

ഈ വർഷം ജൂലൈയിലുണ്ടായ വിധിയും അതേ തുടർന്നുണ്ടായ സംഭവങ്ങളുമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ദി സ്ക്രോൾ പുറത്തുവിട്ട റിപ്പോർട്ടിലൂടെയാണ് രാജസ്ഥാനിലെ സംഭവങ്ങൾ പുറത്തുവന്നത്. അദാനി ഗ്രൂപ്പിൻ്റെ നേതൃത്വത്തിലുള്ള കമ്പനിക്കെതിരെ നിർണ്ണായക വിധി പുറപ്പെടുവിച്ച ജയ്‌പൂർ കൊമേഴ്‌സ്യൽ കോടതി ജഡ്‌ജി ദിനേഷ്‌ കുമാർ ഗുപ്‌തയെയാണ് മണിക്കൂറുകൾക്കുള്ളിൽ സ്ഥലം മാറ്റി രാജസ്ഥാൻ സർക്കാർ ഉത്തരവിട്ടത്. വിധി വന്ന അതേ ദിവസം തന്നെ, സംസ്ഥാനത്തെ ഭാരതീയ ജനതാ പാർട്ടി സർക്കാർ ഗുപ്‌തയെ സ്ഥാനത്ത് നിന്ന് നീക്കി ഉത്തരവ് പുറപ്പെടുവിച്ചു. ഹൈക്കോടതിയുടെ അനുമതിയോടെ സംസ്ഥാന സർക്കാരുകളാണ് കോമേഴ്ഷ്യൽ കോടതി ജഡ്‌ജിമാരെ നിയമിക്കുന്നത്.

രാജസ്ഥാൻ സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള വൈദ്യുതി കമ്പനിയിൽ നിന്ന് 1,400 കോടിയിലധികം രൂപ അദാനി ഗ്രൂപ്പ് അന്യായമായി കൈപ്പറ്റിയെന്നായിരുന്നു ജൂലൈ 5-ലെ കോടതിയുടെ കണ്ടെത്തൽ. വിധി വന്ന അതേദിവസം തന്നെ സംസ്ഥാന സർക്കാർ ഗുപ്‌തയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയും രാജസ്ഥാൻ ഹൈക്കോടതി ഗുപ്‌തയെ തലസ്ഥാനത്ത് നിന്ന് 200 കിലോമീറ്റർ അകലെയുള്ള ബിയാവറിലേക്ക് സ്ഥലം മാറ്റുകയും ചെയ്‌തതായി ദി സ്ക്രോൾ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ഛത്തീസ്ഗഡിലെ കൽക്കരി ഖനനവുമായി ബന്ധപ്പെട്ട കരാറിൽ റെയിൽവേ സൈഡിംഗുകൾ നിർമ്മിക്കുന്നതിൽ അദാനി ഗ്രൂപ്പ് പരാജയപ്പെട്ടുവെന്നും, അതിന്റെ ഫലമായുണ്ടായ റോഡ് ഗതാഗത ചിലവ് സർക്കാർ കമ്പനിയുടെ മേൽ അടിച്ചേൽപ്പിച്ചുവെന്നും കോടതി കണ്ടെത്തിയിരുന്നു. ഈ ഇടപാടിൽ അദാനി ഗ്രൂപ്പിന് 50 ലക്ഷം രൂപ പിഴ ചുമത്തിയ ജഡ്‌ജി, കരാറിനെക്കുറിച്ച് സിഎജി ഓഡിറ്റ് നടത്താനും ഉത്തരവിട്ടിരുന്നു. എന്നാൽ വിധി വന്ന് രണ്ടാഴ്‌ചയ്ക്ക് ശേഷം, അദാനിയുടെ നേതൃത്വത്തിലുള്ള സ്ഥാപനത്തിന് 50 ലക്ഷം രൂപ പിഴ ചുമത്തിയ ഗുപ്‌തയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയും സംസ്ഥാനവും കമ്പനിയും തമ്മിലുള്ള കരാർ ഓഡിറ്റ് ചെയ്യാൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനോട് അഭ്യർത്ഥിക്കാൻ രാജസ്ഥാൻ സർക്കാരിനോട് നിർദ്ദേശിക്കുകയും ചെയ്യുകയാണുണ്ടായത്. ജഡ്‌ജിയുടെ അടിയന്തര സ്ഥലംമാറ്റവും വിധിക്കെതിരെയുള്ള സ്റ്റേയും നിലവിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

ഗുപ്തയെ നീക്കം ചെയ്‌തുകൊണ്ടുള്ള ഉത്തരവ് സംസ്ഥാന സർക്കാരിൻ്റെ നിയമ-നിയമകാര്യ വകുപ്പാണ് പുറപ്പെടുവിച്ചത്. മറ്റെവിടെയെങ്കിലും നിയമിക്കുന്നതിനായി ജഡ്‌ജിയെ ഹൈക്കോടതിയുടെ പരിഗണനയയ്ക്കായി തിരിച്ചയയ്ക്കുകയാണെന്ന് അതിൽ പറഞ്ഞിരുന്നു. അതേ ദിവസം തന്നെ, രാജസ്ഥാൻ ഹൈക്കോടതിയുടെ ജോധ്‌പൂർ ബെഞ്ച് ഗുപ്ത‌യെ ബീവാറിലെ ജില്ലാ കോടതിയിലേക്ക് സ്ഥലം മാറ്റാൻ ഉത്തരവിട്ടു.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഖനന വിവാദങ്ങളിലൊന്നിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ജയ്പൂ‌ർ കൊമേഴ്‌സ്യൽ കോടതി ജഡ്‌ജി ദിനേഷ് കുമാർ ഗുപ്തയുടെ ഈ വിധിയെന്ന കാര്യത്തിൽ സംശയമില്ല. ഈ വിധിയിലേക്ക് നയിച്ച സംഭവങ്ങളുടെ ചുരുക്കം ഇതാണ്.