ഡൽഹി: സുപ്രീംകോടതി വിധിക്കെതിരെ രൂക്ഷ പരാമർശങ്ങളുന്നയിച്ച നിഷികാന്ത് ദുബെയെ തള്ളി ബിജെപി നേതൃത്വം. ദുബെയുടെ പ്രസ്താവനയോട് പാർട്ടിക്ക് ബന്ധമില്ലെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ പറഞ്ഞു. ഇതിനുപിന്നാലെ പാർട്ടി താക്കീതും നൽകി. സുപ്രീംകോടതി നിയമം നിർമിക്കുകയാണെങ്കിൽ പാർലമെന്റും നിയമസഭകളും പൂട്ടുന്നതാണ് നല്ലതെന്നായിരുന്നു ഝാർഖണ്ഡിൽനിന്നുള്ള എംപിയായ നിഷികാന്ത് ദുബെ പ്രസ്താവിച്ചത്. ഇത് വലിയ വിവാദമായതോടെയാണ് പാർട്ടിനേതൃത്വം തള്ളിപ്പറഞ്ഞത്.
പാർലമെന്റിന്റെ നിയമനിർമാണ അധികാരത്തിന്മേൽ സ്വന്തം നിയമങ്ങളടിച്ചേൽപ്പിച്ച് ധിക്കാരപരമായി കൈകടത്തുകയാണ് സുപ്രീംകോടതിയെന്ന് ദുബെ പറഞ്ഞു. ജഡ്ജിമാരുടെ നിയമനാധികാരിയായ രാഷ്ട്രപതിക്കാണ് കോടതിയിപ്പോൾ നിർദേശങ്ങൾ നൽകുന്നത്. രാജ്യത്ത് മത യുദ്ധങ്ങൾ പ്രേരിപ്പിക്കുന്നതിന്റെ ഉത്തരവാദി സുപ്രീംകോടതിയാണെന്നും ആരോപിച്ചു. പാർലമെന്റാണ് നിയമങ്ങളുണ്ടാക്കുന്നത്. പാർലമെന്റിനോട് ആജ്ഞാപിക്കുകയാണോ? രാഷ്ട്രപതി മൂന്നുമാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നത് ഏതു നിയമത്തിലാണ് പറഞ്ഞിട്ടുള്ളത്? -ദുബെ പറഞ്ഞു.