വിവാദ പരാമർശം നടത്തി അറസ്റ്റിലായ ബി.ജെ.പി പ്രവർത്തകൻ ജീവനൊടുക്കി

06:45 PM Apr 04, 2025 | Neha Nair

ബെംഗളൂരു: കോൺഗ്രസ് എം.എൽ.എക്കെതിരെ വിവാദ പരാമർശം നടത്തിയതിന് അറസ്റ്റിലായ ബി.ജെ.പി പ്രവർത്തകൻ ആത്മഹത്യ ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിയമ ഉപദേഷ്ടാവായ എ.എസ്. പൊന്നണ്ണക്കെതിരെയാണ് ഇയാൾ വിവാദ പരാമർശം നടത്തിയത്. ബംഗളൂരുവിലെ ഹെന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് വെള്ളിയാഴ്ച പുലർച്ചെ സംഭവം നടന്നത്.

ബി.ജെ.പി പ്രവർത്തകനായ വിനയ് സോമയ്യ (35) ആണ് മരിച്ചത്. എച്ച്.ബി.ആർ. ലേഔട്ടിലെ ബി.ജെ.പി ഓഫിസിൽ വെച്ചാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

രാഷ്ട്രീയ പ്രേരിതമായി കേസ് രജിസ്റ്റർ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് താൻ മരിക്കുന്നതെന്ന് വിനയ് സോമയ്യ വാട്സ് ആപിൽ സന്ദേശം പോസ്റ്റ് ചെയ്തു. പൊന്നണ്ണയ്‌ക്കെതിരെ മോശം പരാമർശം നടത്തിയതിന് കുടക് സ്വദേശിയായ വിനയ് സോമയ്യ രണ്ട് മാസം മുമ്പ് അറസ്റ്റിലായിരുന്നു. കോൺഗ്രസ് പ്രവർത്തകനായ തെന്നേര മൈനയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, വിനയ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ മടിക്കേരി പോലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തു.

തുടർന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. ഹൈക്കോടതി അന്വേഷണത്തിന് സ്റ്റേ പുറപ്പെടുവിച്ചതായി അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. തന്റേതല്ലാത്ത തെറ്റ് ചെയ്യാതെയാണ് അപമാനവും പീഡനവും സഹിച്ചതെന്നും ആ സംഭവം തന്റെ അന്തസ്സിനെ സാരമായി ബാധിച്ചുവെന്നും വിനയ് തന്റെ അവസാന സന്ദേശത്തിൽ അവകാശപ്പെട്ടു. അതിനിടെയ പൊന്നണ്ണയ്‌ക്കെതിരെ പ്രതിഷേധം നടത്താൻ പാർട്ടി പദ്ധതിയിടുന്നതായി ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു.