+

കൊച്ചിയിൽ ചെവിയിലെ പഴുപ്പ് നീക്കാൻ ശസ്ത്രക്രിയയെ തുടർന്ന് നാലു വയസ്സുകാരന്റെ മരണം; ചികിത്സാ പിഴവെന്ന് പരാതി

ചെവിയിലെ പഴുപ്പ് നീക്കാൻ   ശസ്ത്രക്രിയയ്ക്ക് വിധേയനായ നാലുവയസ്സുകാരന്റെ മരണം ചികിത്സാ പിഴവിനെ തുടർന്നെന്ന് ആരോപണം. വെണ്ണല ചേലപ്പറമ്പ് വീട്ടിൽ സി.ബി. അബിയുടെ മകൻ ബദ്രിനാഥ് (4) ആണ് ജൂൺ 3-ന് മരിച്ചത്

കൊച്ചി: ചെവിയിലെ പഴുപ്പ് നീക്കാൻ   ശസ്ത്രക്രിയയ്ക്ക് വിധേയനായ നാലുവയസ്സുകാരന്റെ മരണം ചികിത്സാ പിഴവിനെ തുടർന്നെന്ന് ആരോപണം. വെണ്ണല ചേലപ്പറമ്പ് വീട്ടിൽ സി.ബി. അബിയുടെ മകൻ ബദ്രിനാഥ് (4) ആണ് ജൂൺ 3-ന് മരിച്ചത്. കുട്ടിയുടെ മരണത്തെ തുടർന്ന് കലൂർ ദേശാഭിമാനി റോഡിൽ പ്രവർത്തിക്കുന്ന ആൽഫാ ഇഎൻടി ഹെഡ് ആൻഡ് നെക്ക് റിസർച്ച്‌ സെന്ററിന്റെയും ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെയും അനാസ്ഥയ്ക്കെതിരേ അധികൃതർക്ക് പരാതി നൽകിയതായി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

കുട്ടിക്ക് ചെവിയിലെ പഴുപ്പ് നീക്കംചെയ്യാൻ മേയ് 15-ന് ഓപ്പറേഷൻ നടത്തിയിരുന്നു. തുടർ പരിശോധനയ്ക്കായി എത്തിയപ്പോൾ അഡ്നോയിഡ് ഗ്ലാൻഡിന് തകരാറുണ്ടെന്നും ചെവിക്കുപിന്നിൽ അസ്ഥിയിൽ മാംസം പിടിക്കുന്നുണ്ടെന്നും രണ്ടും ഓപ്പറേഷനിലൂടെ നീക്കണമെന്നും നിർദേശിച്ചുവെന്ന് കുട്ടിയുടെ പിതാവും ചുമട്ടുതൊഴിലാളിയുമായ സി.ബി. അബി പറഞ്ഞു. ഓപ്പറേഷനുവേണ്ടി ജൂൺ 2-ന് കുട്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3-ന് ഓപ്പറേഷന് വിധേയനായ കുട്ടിയെ അന്ന് ഉച്ചകഴിഞ്ഞ് മറ്റൊരു ആശുപത്രിയിലേക്ക് മാതാപിതാക്കളെ അറിയിക്കാതെ മാറ്റിയെന്നും അബി പറഞ്ഞു. അവിടെയെത്തിയപ്പോൾത്തന്നെ കുട്ടിയെ ഐസിയുവിലാക്കി. വൈകീട്ട് 5.30-ഓടെ കുട്ടി മരിച്ചതായി ഡോക്ടർ മാതാപിതാക്കളെ അറിയിച്ചു.

അനസ്‌തീസ്യ നൽകിയതിലുള്ള പിഴവും ചികിത്സാ പിഴവുമാണ് കുട്ടിയുടെ മരണകാരണമെന്ന് ചൂണ്ടിക്കാട്ടി കൗൺസിലർ ആർ. രതീഷ് എറണാകുളം നോർത്ത് പോലീസിൽ പരാതി നൽകുകയും പോലീസ് കേസെടുക്കുകയും ചെയ്തു. ചികിത്സാ പിഴവിനെ തുടർന്നാണ് കുട്ടി മരിക്കാനിടയായതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും വ്യക്തമാണെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ ആർ. രതീഷ്, കൺവീനർ കെ.ടി. സാജൻ, കെ.പി. ആൽബർട്ട് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
 

facebook twitter