വീഡിയോ കോൾ ചെയ്യുന്നത് കണ്ട് ആരാണെന്ന് ചോദിച്ചു, പത്തു വയസുകാരനെ പൊള്ളിച്ച അമ്മ ആൺ സുഹൃത്തിനൊപ്പം മുങ്ങി

02:01 PM May 16, 2025 |



കാഞ്ഞങ്ങാട്: ബേക്കലിൽ ആൺ സുഹൃത്തിനെ ഫോൺ ചെയ്യുമ്പോൾ ശല്യം ചെയ്തതിന് അമ്മ മകനെ പൊള്ളിലേൽപിച്ചതായി പരാതി. പള്ളിക്കര കീക്കാനം സ്വദേശിയുടെ പരാതിയിൽ ഭാര്യക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. യുവതിയെ കാണാതായതിന് പിന്നാലെയാണ് പത്തുവയസുകാരനെതിരായ അതിക്രമ വിവരം പുറത്ത് വന്നത്.

പള്ളിക്കര കീക്കാനം സ്വദേശിയായ 10 വയസ്സുകാരന് അമ്മയിൽ നിന്ന് ക്രൂരമായ അതിക്രമം നേരിട്ടതായി ബേക്കൽ പൊലീസിലാണ് പരാതി ലഭിച്ചത്. കഴിഞ്ഞ മാസം 28നാണ് സംഭവം. ആൺ സുഹൃത്തിനെ വീഡിയോ കോൾ ചെയ്യുന്നത് കണ്ട പത്ത് വയസുകാരൻ ആരാണെന്ന് അമ്മയോട് ചോദിച്ചു. ഇതോടെ പ്രകോപിതയായ അമ്മ ചായ പാത്രം ചൂടാക്കി കുട്ടിയെ പൊള്ളിച്ചുവെന്നാണ് പരാതി.അമ്മ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മകൻ പീഡന വിവരം മറ്റുള്ളവരിൽ നിന്ന് മറച്ചു വെച്ചു. കഴിഞ്ഞ ദിവസം യുവതിയെ കാണാതായി. ഇതോടെ അമ്മ പൊള്ളലേൽപിച്ച വിവരം കുട്ടി അച്ഛനോട് വെളിപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു.

ഭാരതീയ ന്യായ സംഹിത 118(1), ജുവൈനൽ ജസ്റ്റിസ് ആക്റ്റ് 75 വകുപ്പുകളാണ് യുവതിക്കെതിരെ ചുമത്തിയത്. യുവതിയെ കാണാനില്ലെന്ന പരാതിയിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കള്ളാർ സ്വദേശിയായ സുഹൃത്തിനൊപ്പമാണ് യുവതി പോയതെന്നാണ് വിവരം.