
വാഷിംഗ്ടൺ: ബ്രിക്സ് കൂട്ടായ്മയിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം തീരുവ ചുമത്തുമെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബ്രിക്സ് കൂട്ടായ്മ ഭാവിയിൽ ഗൗരവകരമായ ലക്ഷ്യങ്ങളോടെ വളരാൻ ശ്രമിച്ചാൽ അതിനെ ഇല്ലാതാക്കിക്കളയുമെന്നും ട്രംപ് പറഞ്ഞു. ‘ആറ് രാജ്യങ്ങൾ ഉൾപ്പെടുന്ന ബ്രിക്സ് എന്ന ഈ കൂട്ടായ്മയെക്കുറിച്ച് കേട്ടപ്പോൾ തന്നെ ഞാൻ അവരെ ശക്തമായാണ് നേരിട്ടത്. ഗൗരവകരമായ ലക്ഷ്യങ്ങളോടെയുള്ള ഒരു കൂട്ടായ്മയായി മാറാൻ അവർ ശ്രമിച്ചാൽ, ആ കൂട്ടായ്മ വളരെ വേഗം അവസാനിക്കും. ഞങ്ങളോട് കളിക്കാൻ ആരെയും ഞങ്ങൾ അനുവദിക്കില്ല,’ ട്രംപ് പറഞ്ഞു.
രാജ്യങ്ങളുടെ പേരെടുത്ത് പറയാതെയായിരുന്നു ട്രംപിന്റെ ഭീഷണി. കരുതൽ കറൻസിയെന്ന ഡോളറിന്റെ ആഗോള പദവി സംരക്ഷിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും അമേരിക്കയിൽ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി സൃഷ്ടിക്കാൻ ഒരിക്കലും അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ബ്രിക്സ് ഗ്രൂപ്പിന്റെ ‘അമേരിക്കൻ വിരുദ്ധ നയങ്ങൾ’ എന്ന് താൻ വിശേഷിപ്പിച്ച കാര്യങ്ങളുമായി യോജിക്കുന്ന എല്ലാ രാജ്യങ്ങൾക്കും പുതിയ തീരുവ ബാധകമാകുമെന്ന് ട്രംപ് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ലോകത്തിന്റെ കരുതൽ കറൻസിയെന്ന ഡോളറിന്റെ സ്ഥാനത്തെയും അമേരിക്കയെയും തകർക്കാനാണ് ബ്രിക്സ് കൂട്ടായ്മ രൂപവത്കരിച്ചത് എന്ന ആരോപണവും ട്രംപ് വീണ്ടും ഉന്നയിക്കുകയുണ്ടായി.