+

ബ്രില്യൻസുകൾക്ക് അവസാനമില്ല!, 'ലോക'യിലെ മുകേഷ് റഫറൻസ് എത്ര പേർ ശ്രദ്ധിച്ചു?

ബ്രില്യൻസുകൾക്ക് അവസാനമില്ല!, 'ലോക'യിലെ മുകേഷ് റഫറൻസ് എത്ര പേർ ശ്രദ്ധിച്ചു?

മലയാള സിനിമ ഇൻഡസ്ട്രിയിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ നിർമിച്ച ലോക. ആഗോളതലത്തിൽ 300 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. കൂടാതെ നിരവധി റെക്കോർഡുകൾ തകർത്തുകൊണ്ടാണ് ഈ സിനിമ കളം വിട്ടത്. ചിത്രം കണ്ട പ്രേക്ഷകർ നിരവധി ബ്രില്യൻസുകൾ സിനിമയിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ ഒരു ഹിറ്റ് മലയാള സിനിമയിലെ റഫറൻസ് കൂടി ലോകയിൽ നിന്ന് പ്രേക്ഷകർ കണ്ടുപിടിച്ചിരിക്കുകയാണ്.


ലോകയിൽ നസ്ലെന്റെ കഥാപാത്രത്തിന്റെ അച്ഛൻ ഒരു സീനിൽ ഫോണിലൂടെ ഏത് കമ്പനിയുടെ ഇന്റർവ്യൂ ആണെന്ന് ചോദിക്കുമ്പോൾ നസ്ലെൻ ബ്രിട്ടോളി ലിമിറ്റഡ് എന്ന് പറയുന്നുണ്ട്. ഇത് 1995 ൽ പുറത്തിറങ്ങിയ മുകേഷ് ചിത്രമായ 'ശിപ്പായി ലഹള'യുടെ റഫറൻസ് ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ചിത്രത്തിൽ ബ്രിട്ടോളി ലിമിറ്റഡ് എന്ന കമ്പനിയിലെ പ്യൂൺ ആണ് മുകേഷിന്റെ കഥാപാത്രമായ രാജേന്ദ്രൻ. നാട്ടിലെ എല്ലാവരും മുകേഷിനെ കളിയാക്കിവിളിക്കുന്ന പേരാണ് ബ്രിട്ടോളി. ഇതുമായി ബന്ധപ്പെടുത്തി നിരവധി നർമരംഗങ്ങൾ സിനിമയിലുണ്ട്. വിനയൻ സംവിധാനം ചെയ്ത ചിത്രത്തിൽ മുകേഷിനൊപ്പം ശ്രീനിവാസൻ, വിജയരാഘവൻ, വാണി വിശ്വനാഥ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.


അതേസമയം, ലോക ഇപ്പോൾ ഒടിടിയിൽ സ്ട്രീം ചെയ്യുന്നുണ്ട്. ജിയോഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്‌ട്രീമിംഗ്‌ ചെയ്യുന്നത്. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി.

facebook twitter