+

യു.പി.ഐ സേവനം ആരംഭിക്കാൻ ബി.എസ്.എൻ.എൽ

ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് മുന്നേറ്റത്തിന്റെ ഭാഗമാകാനൊരുങ്ങുകയാണ് പൊതുമേഖല ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്. ബി.എസ്.എൻ.എല്ലിന്റെ സെൽഫ്കെയർ ആപ്പിലാണ് യു.പി.ഐ സേവനം അവതരിപ്പിക്കുക.


ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് മുന്നേറ്റത്തിന്റെ ഭാഗമാകാനൊരുങ്ങുകയാണ് പൊതുമേഖല ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്. ബി.എസ്.എൻ.എല്ലിന്റെ സെൽഫ്കെയർ ആപ്പിലാണ് യു.പി.ഐ സേവനം അവതരിപ്പിക്കുക. നിലവിലുള്ള യു.പി.ഐ പേയ്മെന്റ് ആപ്പുകൾ പോലെ ഉപഭോക്താക്കൾക്ക് തടസമില്ലാത്ത ഓൺലൈൻ പേയ്‌മെന്റുകൾ സാധ്യമാക്കുകയാണ് ലക്ഷ്യം.

സേവനം ഉടൻ ആരംഭിക്കുമെന്നറിയിച്ചുള്ള ഒരു ബാനർ ബി.എസ്.എൻ.എൽ സെൽഫ്‌കെയർ ആപ്പിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഭീം യു.പി.ഐയുടെ പിന്തുണയോടെയാണ് പ്രവർത്തിക്കുകയെന്നാണ് വിവരം. എന്നാൽ എന്ന് മുതൽ സേവനം ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ജിയോ, എയർടെൽ തുടങ്ങിയ സ്വകാര്യ ടെലികോം കമ്പനികൾ യു.പി.ഐ സേവനം നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

ബി.എസ്.എൻ.എൽ സെൽഫ് കെയർ ആപ്പ് ഇതിനകം തന്നെ ഉപയോക്താക്കൾക്കായി വിവിധ സേവനങ്ങൾ നൽകുന്നുണ്ട്. ഫോൺ റീചാർജ് ചെയ്യുക, ബിൽ അടക്കുക, ലാൻഡ്‌ലിങ് സേവനങ്ങൾ, ഫൈബർ സേവനങ്ങൾക്ക് ബുക്ക് ചെയ്യുക തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. മുൻപ് നിശ്ചിത തുകക്ക് മുകളിലുള്ള റീച്ചാർജ് പ്ലാനുകൾക്ക് 2 ശതമാനം ഡിസ്കൗണ്ടും സെൽഫ് കെയർ ആപ്പ് നൽകിയിരുന്നു.

പേയ്മെന്റുകൾ എളുപ്പമാക്കാൻ യു.പി.ഐ സേവനം കൂടി ലഭ്യമാക്കുന്നതോടെ ബി.എസ്.എൻ.എൽ സെൽഫ് കെയർ ആപ്പ് ഉപയോക്താക്കൾക്ക് കൂടുതൽ ഉപകാരപ്രദമാകും. പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പുമായി ബി.എസ്.എൻ.എൽ നേരത്തെ ​കൈകോർത്തിരുന്നു. ഇതിന് പിന്നാലെ ആധുനികവത്കരണത്തിനുള്ള ശക്തമായ നീക്കങ്ങളാണ് ബി.എസ്.എൻ.എൽ നടത്തുന്നത്.

കൂടാതെ ഇ-സിം സേവനം ബി.എസ്.എൻ.എൽ അവതരിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലാണ് ആദ്യമായി ഇ-സിം സേവനം ആരംഭിച്ചത്. ഇനി കൂടുതൽ സർക്കിളുകളിലേക്ക് സേവനം വ്യാപിപ്പിക്കുമെന്നാണ് ഉപയോക്താക്കളുടെ പ്രതീക്ഷ. ഫിസിക്കൽ സിമ്മില്ലാതെ തന്നെ സേവനങ്ങൾ ലഭ്യമാക്കുന്ന സംവിധാനമാണ് ഇ-സിമ്മിന്റേത്. ഇ-സിം അവതരിപ്പിക്കുന്നതിലൂടെ തൽക്ഷണ സിം ആക്ടിവേഷൻ സാധ്യമാകും. ഐ.ഒ.ടി-റെഡി കണക്റ്റിവിറ്റി, സ്മാർട്ട്‌ഫോണുകളിലും വെയറബിളുകളിലും തടസ്സരഹിത ഉപയോഗം എന്നിവയും ഇ-സിമ്മിലൂടെ ഉറപ്പിക്കാം.

തമിഴ്നാട്ടിലല്ലാതെ മറ്റൊരു സംസ്ഥാനത്തും നിലവിൽ ബി.എസ്.എൻ.എൽ ഇ-സിം സേവനം ലഭ്യമാക്കിയിട്ടില്ല. കേരള സർക്കിളിൽ ഉൾപ്പെടെ വരിക്കാർക്ക് ഇ-സിം സേവനം ലഭിക്കാൻ കുറച്ചുനാൾ കൂടി കാത്തിരിക്കേണ്ടി വരും. മറ്റ് സംസ്ഥാനങ്ങളിലും എത്തിക്കഴിഞ്ഞാൽ ബി.എസ്.എൻ.എൽ കസ്റ്റമർ സർവീസ് സെന്ററുകൾ വഴി ഇ-സിം ലഭിക്കും. ഡിജിറ്റൽ നോ-യുവർ-കസ്റ്റമർ (കെ.വൈ.സി) വെരിഫിക്കേഷനിലൂടെയാണ് ഇ-സിം ലഭിക്കുക.

നിങ്ങളുടെ ഫോൺ ഇ-സിം സപ്പോർട്ട് ചെയ്യുന്നതാണെന്നതും ഉറപ്പുവരുത്തണം. അങ്ങനെയെങ്കിൽ സ്മാർട്ഫോണും ഐ.ഡിയും ഉപയോഗിച്ച് സിമ്മെടുക്കാം. ടെലകോം വരിക്കാർക്ക് അവരുടെ ഇ-സിം പ്രൊഫൈൽ ഡൗൺലോഡ് ചെയ്യുന്നതിന് ഒറ്റത്തവണ ക്യു.ആർ കോഡ് ലഭിക്കുന്നതായിരിക്കും. പുതിയതും നിലവിലുള്ളതുമായ ഉപയോക്താക്കൾക്ക് ഈ സേവനം ലഭ്യമാണ്, ഡ്യുവൽ സിം പ്രവർത്തനക്ഷമത പിന്തുണക്കുന്ന ഉപകരണങ്ങളിൽ ഒരു ഫിസിക്കൽ സിമ്മിനൊപ്പം ഇത് ഉപയോഗിക്കാനും കഴിയും.

ഇതിനകം ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നീ ടെലകോം കമ്പനികൾ ഇ-സിം സേവനം നൽകുന്നുണ്ട്. ബി.എസ്.എൻ.എല്ലിന്റെ ഇ-സിം സേവനം എങ്ങനെയായിരിക്കും എന്ന ആകാംക്ഷയിലാണ് വരിക്കാർ. ഇ-സിം സേവനങ്ങൾക്ക് ചാർജ് ഈടാക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
 

facebook twitter