ബുള്ളറ്റ് കൊമ്പനെ മയക്ക് വെടിവെച്ച് പിടികൂടി

10:35 AM Dec 28, 2024 | Neha Nair

ചെന്നൈ: തമിഴ്‌നാട് നീലഗിരി പന്തല്ലൂരിലെ ജനവാസ മേഖലകളില്‍ ഭീതി പരത്തിയ ബുള്ളറ്റ് കൊമ്പനെ തമിഴ്‌നാട് വനവകുപ്പ് മയക്ക് വെടിവെച്ച് പിടികൂടി. ഇന്ന് വൈകിട്ട് അയ്യന്‍കൊല്ലി ആംകോ തേയില ഫാക്ടറിക്ക് ഇരുനൂറ് മീറ്റര്‍ അകലെ വെച്ചാണ് കാട്ടുകൊമ്പനെ മയക്കു വെടിവെച്ച് പിടികൂടിയത്.

തുടര്‍ന്ന് താപ്പാനകളുടെ സഹായത്തോടെ മുതുമല തെപ്പക്കാട് ആനപ്പന്തിയിലേക്ക് മാറ്റി. കഴിഞ്ഞ രണ്ടു മാസത്തിനിടെ 35 വീടുകളാണ് ബുള്ളറ്റ് എന്ന പേരിലുള്ള കാട്ടാന തകര്‍ത്തത്.

ഈ മാസം ആദ്യം വനംവകുപ്പിന്റെ ജീപ്പ് ബുള്ളറ്റ് കൊമ്പന്‍ കുത്തി മറിച്ചിട്ടിരുന്നു. വാഹനത്തിലുണ്ടായിരുന്ന ജീവനക്കാര്‍ തലനാരിഴയ്ക്കാണ് അന്ന് രക്ഷപ്പെട്ടത്. തൊണ്ടിയാളത്ത് വീടുകളുടെ സമീപത്ത് എത്തിയ ബുള്ളറ്റിനെ തുരത്താനെത്തിയ ജീവനക്കാരുടെ വാഹനമാണ് കാട്ടാന കുത്തി മറിച്ചത്. ജീപ്പിനു മുന്‍പിലെത്തിയ ബുള്ളറ്റ് കാട്ടാന മുന്‍പിലേക്ക് ചീറിയടുക്കുകയായിരുന്നു.

രണ്ട് മാസമായി പന്തല്ലൂര്‍ താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ ബുള്ളറ്റ് കാട്ടാന ഭീതി പടര്‍ത്തുകയാണ്. പകല്‍ സമയങ്ങളിലും കാട്ടാന നിരത്തുകളില്‍ നില്‍ക്കുന്നത് കാണാം. കഴിഞ്ഞ ആഴ്ച മദപ്പാടുമായി റോഡിലിറങ്ങിയിരുന്ന കാട്ടാന മറ്റ് കാട്ടാനകളെയും ആക്രമിച്ചിരുന്നു.