പാലക്കാട്: വിദ്യാർഥികളുടെ 13വർഷം മുമ്പത്തെ യാത്രാനിരക്കുമായി സർവീസ് തുടരാൻ കഴിയില്ലെന്ന് സ്വകാര്യ ബസ്സുടമകൾ. നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ അടുത്ത അധ്യയന വർഷത്തിന്റെ തുടക്കത്തിൽ സമരംനടത്തുമെന്ന് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ. മൂസ, ജന. സെക്രട്ടറി ടി. ഗോപിനാഥൻ, ഖജാൻജി വി.എസ്. പ്രദീപ്, വൈസ് പ്രസിഡന്റ് എൻ. വിദ്യാധരൻ, ജില്ലാ പ്രസിഡന്റുമാരായ എ.എസ്. ബേബി (പാലക്കാട്), ബിബൻ ആലപ്പാട്ട് (തൃശ്ശൂർ) എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബസ് വ്യവസായത്തിന്റെ നിലനിൽപ്പിന് സർക്കാർ ഉചിതമായ നടപടി സ്വീകരിക്കാത്തതിനാലാണ് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നതെന്ന് നേതാക്കൾ പറഞ്ഞു. ബസ്സുടമകളുടെ മുഴുവൻ സംഘടനകളെയും പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും സമരം.സമരത്തിന് മുന്നോടിയായി, ബസ് വ്യവസായം നേരിടുന്ന പ്രശ്നങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ ബസ് സംരക്ഷണജാഥ നടത്തും.
ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ നയിക്കുന്ന ജാഥ ഏപ്രിൽ മൂന്നിന് കാസർകോട്ടുനിന്ന് ആരംഭിച്ച് ഒമ്പതിന് തിരുവനന്തപുരത്ത് സമാപിക്കും. വിദ്യാർഥികളുടെ യാത്രാനിരക്ക് ഉയർത്തുന്നതിനോടൊപ്പം, സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കിനൽകുക, ജി.പി.എസ്.-സ്പീഡ് ഗവർണർ-ക്യാമറ തുടങ്ങിയ അശാസ്ത്രീയമായ ഉത്തരവുകൾ പിൻവലിക്കുക, അമിതപിഴ ഈടാക്കുന്നത് നിർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ജാഥയിൽ ഉന്നയിക്കുന്നത്.