സ്വര്‍ണ്ണക്കള്ളനെന്ന് വിളിക്കാതിരിക്കാന്‍ കഴിയുമോ? സ്വസ്ഥമായി കിടന്നുറങ്ങാനാകുന്നില്ല; സതീശനോട് കടകംപള്ളി

08:41 AM Dec 17, 2025 |


സ്വര്‍ണ്ണക്കള്ളനെന്ന് വിളിക്കാതിരിക്കാന്‍ കഴിയുമോയെന്ന് പ്രതിപക്ഷ നേതാവിനോട് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ കടകംപള്ളിക്ക് പങ്കുണ്ടെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തില്‍ കടകംപള്ളി നല്‍കിയ മാനനഷ്ടക്കേസിലെ കോടതി വാദത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്.

ശബരിമല സ്വര്‍ണ്ണപ്പാളി കേസില്‍ ജീവനക്കാരെയോ രാഷ്ട്രീയ നേതാക്കളെയോ വിമര്‍ശിക്കുന്നതിന് താന്‍ എതിരല്ല. എന്നാല്‍ തന്നെ സ്വര്‍ണം കട്ടവനെന്ന് വിളിക്കരുതെന്നാണ് കടകംപള്ളി ഉന്നയിച്ച ആവശ്യം. ഇത്തരം ആരോപണങ്ങള്‍ കേട്ട് സ്വസ്ഥമായി വീട്ടില്‍ കിടന്നുറങ്ങാനാകുന്നില്ലെന്ന് കടകംപള്ളി പറഞ്ഞു.

എന്നാല്‍ ഈ ആവശ്യം പരിഗണിക്കാനാകുമോ എന്ന കോടതിയുടെ ചോദ്യത്തിന് അത് വി ഡി സതീശനോട് ചോദിച്ച ശേഷമേ പറയാന്‍ കഴിയുകയുള്ളൂവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. ഇതുവരെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഇവ മാനനഷ്ടത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും സതീശന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
പത്ത് ലക്ഷം രൂപ നഷ്ട പരിഹാരം തേടി കടകംപള്ളി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ തിരുവനന്തപുരം സബ് കോടതിയുടെ പരിഗണനയിലാണ്. മാനനഷ്ടകേസിനെതിരെ സതീശന്‍ തടസ ഹര്‍ജി നല്‍കിയിരുന്നു. സതീശന്റെ അഭിപ്രായം അറിയാനായി കോടതി കേസ് ഈ മാസം 18ലേക്ക് മാറ്റി.