+

ഒന്നര കോടി രൂപയുമായി മുങ്ങിയ കാര്‍ ഡ്രൈവര്‍ പിടിയില്‍

മൂന്ന് ലക്ഷം രൂപ താന്‍ കടം വീട്ടാന്‍ എടുത്തതായി ഇയാള്‍ പറഞ്ഞു.

ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ ഒന്നര കോടി രൂപയുമായി മുങ്ങിയ കാര്‍ ഡ്രൈവര്‍ പിടിയിലായി. പത്ത് വര്‍ഷമായി ഒപ്പമുള്ള വിശ്വസ്തനാണ് പണമടങ്ങിയ ബാഗുമായി മുങ്ങിയത്. ഫോണ്‍ വിളിച്ച് ചോദിച്ചപ്പോള്‍ അടുത്തുള്ള മെഡിക്കല്‍ സ്റ്റോറില്‍ പോയെന്ന് ആദ്യം പറഞ്ഞെങ്കിലും അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഫോണിലും കിട്ടാതെയായി.


ബാങ്കില്‍ ഇടാന്‍ കൊണ്ടുപോകാനിരുന്ന പണമാണ് നഷ്ടമായത്. ബംഗളുരുവിലെ മല്ലേശ്വരത്തിന് സമീപമായിരുന്നു നാടകീയമായ സംഭവങ്ങള്‍. തോതാപ്രസാദ് എന്ന ഒരു ചാര്‍ട്ടേഡ് അക്കൗണ്ട് തന്റെ ഇടപാടുകള്‍ ഏല്‍പ്പിച്ച ടാക്‌സ് തുക ബാങ്കില്‍ അടയ്ക്കാന്‍ പോകാനൊരുങ്ങുകയായിരുന്നു. മേയ് അഞ്ചിന് വൈകുന്നേരം മൂന്ന് മണിയോടെ അദ്ദേഹം ഡ്രൈവര്‍ രാജേഷിനെ വിളിച്ചു. പണമടങ്ങിയ ബാഗ് കൊടുത്തിട്ട് കാറില്‍ വെയ്ക്കാന്‍ പറഞ്ഞു. നമുക്ക് ബാങ്കിലേക്ക് പോകണമെന്നും താന്‍ ഉടനെ വരാമെന്നും പറഞ്ഞാണ് ബാഗ് കൊടുത്തത്.


ഓഫീസില്‍ നിന്നിറങ്ങി കാറിനടുത്ത് എത്തിയപ്പോള്‍ രാജേഷിനെ കാണില്ല. ഫോണില്‍ വിളിച്ചപ്പോള്‍ അടുത്തുള്ള മെഡിക്കല്‍ സ്റ്റോറിലേക്ക് വന്നതാണെന്നും ഉടനെ എത്താമെന്നും പറഞ്ഞു. അര മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും വിളിച്ചപ്പോള്‍ ഫോണ്‍ ഓഫായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് പിന്നീട് ഇയാളുടെ ഒളിത്താവളം കണ്ടെത്തി. 1.20 കോടി രൂപ ഇവിടെ നിന്ന് കണ്ടെടുത്തു. മൂന്ന് ലക്ഷം രൂപ താന്‍ കടം വീട്ടാന്‍ എടുത്തതായി ഇയാള്‍ പറഞ്ഞു. രാജേഷിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പണം കിട്ടിയപ്പോള്‍ അവസരം ഉപയോഗിച്ചതാണെന്നും പൊലീസ് പറയുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത പദ്ധതികളൊന്നുമുണ്ടായിരുന്നില്ല. 

facebook twitter